വിരഹ വേദനയും മനപ്രയാസവുമായി കഴിഞ്ഞുകൂടിയിരുന്ന ഇക്കാലയളവില്‍ പ്രവാചകരുടെ ജീവിത്തില്‍ നടന്ന അല്ഭുതസംഭവങ്ങളിലൊന്നാണ് ഇസ്റാഉം മിഅ്റാജും. ഒരു രാത്രി ഉമ്മു ഹാനിഇന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജിബ്രീല്‍ പ്രവാചകരെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്ഥീനിലെ ബൈതുല്‍ മുഖ്ദിസിലേക്ക് കൊണ്ടുപോയ സംഭവമാണ് ഇസ്റാഅ് (നിശാപ്രയാണം) എന്നറിയപ്പെടുന്നത്. ബുറാഖെന്ന സ്വര്‍ഗീയ വാഹനപ്പുറത്തായിരുന്നു ആ യാത്ര. അവിടെ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം ഏഴാകാശവും തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും അവിടുന്ന് യാത്ര ചെയ്തു. ഇതാണ മിഅ്റാജ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആകാശയാത്രയില്‍ ഓരോ ആകാശത്തുവെച്ചും യഥാക്രമം ആദം, യഹ്യ, ഇബ്റാഹീം, യൂസുഫ്, ഇദ്രീസ്, ഹാറൂണ്‍, മൂസാ, ഈസാ തുടങ്ങിയ നബിമാരുമായി സന്ധിക്കുവാനും അല്ലാഹുവുമായി സംഭാഷണത്തിലേര്‍പ്പെടാനും നബി(സ്വ) തങ്ങള്‍ക്ക് സാധിച്ചു. തിരിച്ചു വരുമ്പോള്‍ അല്ലാഹു പ്രവാചകര്‍ക്കു നല്കിയ സമ്മാനമായിരുന്നു അന്‍പത് നേരമുള്ള നിസ്കാരം. തിരിച്ചു വരുമ്പോള്‍ മൂസാ നബി (അ) നെ കാണുകയും അദ്ദേഹത്തിന്റെ പ്രേരണയാല്‍ നബി (സ്വ) അല്ലാഹുവോട് ചുരുക്കിത്തിരാന് ആവശ്യപ്പെടുകയും അവാസാനം അഞ്ചായി ചുരുക്കുകയും ചെയ്തു.