കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍
ഇസ്‍ലാമിക ശരീഅത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ് ഫിഖ്ഹും തസ്വവ്വുഫും. ഒന്നില്ലാതെ മറ്റേത് അര്‍ത്ഥപൂര്‍ണ്ണമാവുകയില്ല. അതുകൊണ്ട് തസ്വവ്വുഫില്ലാത്ത ഫിഖ്ഹ്, ഫിഖ്ഹില്ലാത്ത തസ്വവ്വുഫ് തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ തന്നെ ശരിയല്ല. പ്രത്യക്ഷ കര്‍മങ്ങളെ സംബന്ധിക്കുന്നതാണെല്ലോ ഫിഖ്ഹ്. അവ മാത്രം നന്നായാല്‍ പോര, മനസ്സും ആന്തരിക ചലനങ്ങളും കൂടി സംസ്കരിക്കപ്പെട്ടതാണ്. അത് തസ്വവ്വുഫ് എന്നു കരുതി ബാഹ്യകര്‍മ്മങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന്‍ പറ്റുമോ . . അതും പാടില്ല. ഇന്ന് ഉദ്ദേശിക്കപ്പെട്ട അര്‍ത്ഥമായിരുന്നില്ല ആദ്യകാലത്ത് പ്രവാചകന്മാരുടെയും അനുയായികളുടെയും കാലത്ത് ഫിഖ്ഹിനുണ്ടായിരുന്നത്. ഇന്നത്തേക്കാള്‍ വിശാലമായ അര്‍ത്ഥമായിരുന്നു അന്നതിന്ന്.
സൂറത്തുത്തൌബയില്‍ അള്ളാഹു ഉപദേശിക്കുന്നു. - മടങ്ങിയെത്തുന്പോള്‍ സൂക്ഷ്മത പാലിക്കുന്നവനായി അവര്‍ക്ക് താക്കീത് നല്‍കുവാനും മതകാര്യങ്ങള്‍ പഠിപ്പിക്കാനുമായി (ലിയതഫഖഹൂ..) അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം എന്തുകൊണ്ട് പോകുന്നില്ല (സൂക്തം 122) ആയത്തിലെ -ഇല്‍മ് പഠിപ്പിക്കുവാന്‍ വേണ്ടി - എന്നതിനെ ഒന്നിരിക്കല്‍ - എന്തുകൊണ്ട് പോകുന്നില്ല - എന്നതിനോടോ(ഫലൌലാ നഫറുന്‍ ) ഓരോ സംഘം എന്തുകൊണ്ട് നബിയുടെ കൂടെ ഇരിക്കുന്നില്ല എന്ന സാങ്കല്‍പ്പിക വ്യാഖ്യാനത്തോടോ ബന്ധിപ്പിക്കാവുന്നതാണ്. ആദ്യത്തേതു പ്രകാരം ഫലൌലാ നഫറുന്‍ എന്നതിന്‍റെ അര്‍ത്ഥം എന്തുകൊണ്ട് അറിവ് പാലിക്കാന്‍ പോകുന്നില്ല എന്നായി മാറുന്നു. ചുരുക്കത്തില്‍ ഓരോ തറവാട്ടില്‍ നിന്നും ഓരോ നാട്ടില്‍ നിന്നും ഓരോ വിഭാഗം ആളുകള്‍ ഫിഖ്ഹ് പഠിക്കാന്‍ വേണ്ടി നാടുവിട്ടു പോകുകയോ നാട്ടില്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ വെച്ചു തന്നെ പഠിക്കുകയോ ചെയ്യണമെന്ന് പ്രസ്തുത ആയത്തിലൂടെ അള്ളാഹു സഗൗരവം ഉപദേശിക്കുന്നു. ഇത്തരക്കാര്‍ നാടുവിട്ടുപോയി മടങ്ങി വരുന്പോള്‍ അവശേഷിക്കുന്ന ആളുകള്‍ കൂടി അവര്‍ പഠിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. ഇതുകേട്ട് അവരും നന്നായിത്തീരുന്നതിന്ന് വേണ്ടിയാണിത്. ആയത്തിലെ ഫിര്‍ഖത്ത് എന്നതില്‍ കുടുംബം, തറവാട്, തുടങ്ങിയ അര്‍ത്ഥമുണ്ട്. മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു. - നാടുവിട്ടു പഠിക്കുന്ന ഇല്‍മ് അനുഗ്രഹം ചെയ്യപ്പെട്ട അറിവാണ്. ഇവിടെ ആയത്തില്‍ പരാമര്‍ശിച്ച ഫിഖ്ഹിന്‍റെ അര്‍ത്ഥം ഫുഖഹാക്കളും മുഹദ്ദിസുകളും മുഫസ്സിറുകളും പറയുന്നത് ഇഹലോകത്തും പരലോകത്തും സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ ഉള്ളത് എന്നാണ്. നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇതു കാണാവുന്നതാണ്. ഈയര്‍ത്ഥത്തില്‍ ആത്മ ശുദ്ധീകരണവും പെടുന്നു. വിവിധ വിധിവിലക്കുകളും പെടുന്നു. അതുകൊണ്ട് ഖുര്‍ആന്‍റെ ഭാഷയില്‍ ഫിഖ്ഹ് എന്നാല്‍ ഇന്നത്തെ അര്‍ത്ഥത്തിലെ ഫിഖ്ഹും തസവ്വുഫും രണ്ടും കൂടി ചേര്‍ന്നതാണ്. ഒന്നു മാത്രമല്ല. വെറും ആത്മ ശുദ്ദീകരണം ചേര്‍ന്നാലോ കേവലം വിവിധ വിലക്കുകള്‍ ചേര്‍ന്നാലോ ഖുര്‍ആനിലെ ഫിഖ്ഹ് ആകുന്നില്ല. പ്രവാചകര്‍ (സ) പറഞ്ഞു. ഒരാളെക്കൊണ്ട് അള്ളാഹു ഗുണം ഉദ്ദേശിച്ചാല്‍ അവനെ അല്‍പ്പാല്‍പ്പം ഫിഖ്ഹ് പഠിക്കുന്ന ആളായി മാറ്റുകയും അവന് നേര്‍വഴി തോന്നിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇവിടെയും ഫിഖ്ഹില്‍ തസ്കിയത്തു കൂടി ഉള്‍പ്പെടുന്നു.
ഫിഖ്ഹിന് തഖ്‍വ എന്നും പറയാറുണ്ട്. കല്‍പ്പിച്ചവ ചെയ്യുകയും വിരോധിച്ചവ ഒഴിവാക്കുകയുമാണ് തഖ്‍വ. കല്‍പ്പിച്ച കാര്യങ്ങള്‍ വുജൂബും സുന്നത്തും പെടുന്നു. നിരോധിക്കപ്പെട്ടവയില്‍ ഹറാമും കറാഹത്തും പെടുന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ആദ്യകാലങ്ങളില്‍ ഫിഖ്ഹ് എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ ഫിഖ്ഹും തസ്വവ്വുഫും മറ്റു വിജ്ഞാന ശാഖകളും ഉള്‍ക്കൊണ്ടിരുന്നെന്നാണ്. പില്‍ക്കാലത്ത് ഇവ വേര്‍തിരിച്ചു മനസ്സിലാക്കപ്പെടാന്‍ ചില കാരണങ്ങളുമായി അഥവാ, അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിദഈ പ്രസ്താനക്കാര്‍ ഇസ്‍ലാമിലെ വിവിധ വിജ്ഞാന ശാഖകളെ ആക്ഷേപിച്ചും എതിര്‍ത്തും രംഗത്തുവന്നു. അങ്ങനെ ഓരോ വിഷയവും വേര്‍തിരിച്ച് കേന്ദ്രീകരിക്കുവാനും അതിലെ സംശയങ്ങള്‍ ദുരീകരിച്ച് ബിദ്അത്ത് ചിന്താഗതിക്കാരുടെ വായടക്കുവാനും പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായി. ബിദ്അത്തുകാര്‍ വിധിവിലക്കുകള്‍ പരാമര്‍ശിക്കുന്ന വിജ്ഞാന മേഖലയെ ആക്ഷേപിച്ചപ്പോള്‍ ഉലമാഇന്ന് അതില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിക്കേണ്ടി വന്നു. ഹറാം, കറാഹത്ത്, ഹലാല്‍ . .. . തുടങ്ങിയവ മാത്രം പെടുന്ന ഫിഖ്ഹിന് സ്വന്തമായി കേന്ദ്രീകരിക്കേണ്ടി വന്നു. അങ്ങനെയാണ് ഇമാം ശാഫിഈ (റ) യുടെ ഉമ്മ് മുതല്‍ സൈനുദ്ധീന്‍ മഖ്ദൂം (റ) യുടെ ഫതഹുല്‍ മുഈന്‍ വരെയുള്ള കിതാബുകള്‍ ശുചീകരണം, നിസ്കാരം, നോന്പ്, ഹജ്ജ്, കച്ചവടം, ഇടപാടുകള്‍ , വിവാവം, വിവാഹ മോചനം തുടങ്ങി അടിമ സ്ത്രീ-പുരുഷന്മാരെ മോചിപ്പിക്കുക വരെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് രചിക്കപ്പെടുന്നത്. പതുക്കെ പതുക്കെ ഇതുമാത്രം ഫിഖ്ഹ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചു തുടങ്ങി. പ്രതിയോഗികള്‍ തസ്വവ്വുഫിനെ ആക്ഷേപിച്ചപ്പോള്‍ അസൂയ, പൊങ്ങച്ചം, ദേഷ്യം, ലോകമാന്യം, ദുന്‍യാവു സന്പാദിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് മനുഷ്യരെ സംസ്കരിക്കുവാനായി ഇഹ്‍യാ ഉലൂമുദ്ദീന്‍ മുതല്‍ അദ്കിയ അടക്കമുള്ള നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അങ്ങനെ പരാമര്‍ശിച്ചുകൊണ്ട് ശര്‍ഹുല്‍ മഖാസ്വിദ്, ശര്‍ഹുല്‍ അഖാഇദ്, സനൂസി തുടങ്ങിയ കിതാബുകളും രംഗപ്രവേശം ചെയ്തു. ഇങ്ങനെയാണ് പ്രവാചകരുടെ (സ) കാലത്ത് ഫിഖ്ഹ് എന്ന പേരിലറിയപ്പെട്ട വിജ്ഞാനങ്ങള്‍ . ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ എന്നിങ്ങനെ പലതായി വിഭജിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ വകുപ്പുകളെല്ലാം അടങ്ങിയതാണ് പ്രവാചകരുടെ സുന്നത്ത്. അവിടത്തെ ത്വരീഖത്ത്, ശരീഅത്ത് എന്നെല്ലാം പറയുന്പോള്‍ തിരുദൂതര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും അനുവദിച്ചതുമായ കാര്യങ്ങളാണ്. പ്രവാചകരുടെ ത്വരീഖത്തിനേയും ശരീഅത്തിനേയും ശരീഅത്തിനേയും ഇങ്ങനെയാണ് പണ്ഡിതന്മാര്‍ സംഗ്രഹിച്ചു കാണിച്ചത്. ഇതില്‍ നിന്ന് ആവുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തുകയാണ് ഓരോ സത്യവിശ്വാസിയും ചെയ്യേണ്ടത്. പക്ഷേ, ഇക്കാര്യങ്ങളെല്ലാം നമുക്ക് പഠിപ്പിച്ചു തരാന്‍ ശരിയായ ഉസ്താദുമാര്‍ ആവശ്യമാണ്. വളഞ്ഞ അധ്യാപകരെ ഇപ്പണിക്കു പറ്റിക്കോളണമെന്നില്ല. പ്രവാചകരുടെ (സ) കാലത്തെ വിശാലമായ ഫിഖ്ഹില്‍ നിന്ന് ചിലത് തള്ളിക്കളയുക, ചിലതു മാത്രം സ്വീകരിക്കുക, ചിലതിനെ ആക്ഷേപിക്കുക ഇതൊന്നും ശരീഅത്ത് അനുവദിച്ച കാര്യങ്ങളല്ല. ആരായിരുന്നലും പിഴച്ച വഴികളോ ആശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കുക. പരിധി വിട്ടാല്‍ ആവശ്യത്തിന് ആക്ഷേപിക്കുകയും ചെയ്യുക. ഇതാണ് പണ്ഡിതന്മാരുടെ കര്‍ത്തവ്യം. പ്രവാചകന്‍ (സ) പറയുന്നു. - ശരീഅത്ത് പഠിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ അള്ളാഹു അവകാശമായി നല്‍കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അറിവുകളാണ് ലദുന്നിയായ ഇല്‍മ്. അള്ളാഹു നല്‍കുന്ന പ്രകാശം, ഉള്‍സാരങ്ങള്‍ എന്നെല്ലാം പണ്ഡിതന്മാര്‍ ഇതിനെ വിശദീകരിച്ചത് കാണാം. അള്ളാഹു പറയുന്നു. - അള്ളാഹുവിനെ സൂക്ഷിക്കുക. അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുന്നതാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അള്ളാഹു ഏറ്റവും അറിയുന്നവനാകുന്നു. (ബഖറ 282). ഇവിടെ സൂക്ഷിക്കുക (തഖ്‍വ) എന്നാല്‍ അള്ളാഹുവിന്‍റെ കല്‍പ്പനകള്‍ നിറവേറ്റുകയും നിരോധനങ്ങള്‍ വെടിയുകയുമാണ്. അപ്പോള്‍ ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങള്‍ തഖ്‍വയുടെ പരിധിയില്‍ പെട്ടു. അതുരണ്ടും മുറപ്രകാരം മുന്നോട്ടു നീങ്ങണം. എന്നാലാണ് അള്ളാഹുവിന്‍റെ അസ്റാറുകള്‍ നമുക്ക് തുറന്നു കിട്ടുക. ഇതിനു വിരുദ്ധമായി കല്‍പ്പനകളില്‍ ചിലത് എടുക്കുക, ചിലത് തള്ളുക, വിരോധിച്ച ചിലത് ചെയ്യുക, ചിലത് ഒഴിവാക്കുക, മറ്റു ചിലത് ആവശ്യം വരുന്പോള്‍ ചെയ്യാന്‍ ഒരുക്കിവെക്കുക ഇങ്ങനെ ചെയ്യുന്ന ധാരാളം ആളുകള്‍ ദുനിയാവ് സന്പാദിക്കുന്നവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ പലപ്പോഴായി ലോകത്തുണ്ടായിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഫുഖഹാക്കള്‍ എന്ന വകപ്പുകാരെ നിശിധമായി വിമര്‍ശിച്ചുകൊണ്ടിരിക്കും. ചിലവിഭാഗം സൂഫികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും ചീത്തപറഞ്ഞുകൊണ്ടിരിക്കും. ചിലര്‍ അഖീദയില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്മാര്‍ക്ക് നേരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പില്‍ക്കാലത്ത് ഉടലെടുത്ത ബിദ്അത്തുകളാണ്. പ്രവാചകന്മാരുടെയോ സ്വഹാബത്തിന്‍റെയോ കാലത്ത് മുന്‍പറഞ്ഞ വകുപ്പുകളില്‍ ചിലത് ചിലതിനെ ആക്ഷേപിക്കാറുണ്ടായിരുന്നില്ല. ഫിഖ്ഹ്, തസവ്വുഫ്, അഖീദ മൂന്നും ഒരേ നിലക്കു പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. ആലമുല്‍ അര്‍വാഹില്‍ വെച്ച് അള്ളാഹുവുമായി വാദപ്രതിവാദം നടത്തി തെറ്റിപ്പിരിഞ്ഞ ഇബ്‍ലീസിന്‍റെ പിന്നണിയാണ്ശരീഅത്തിന്‍റെ വഴികളില്‍ സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. നന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ഇത്തരക്കാര്‍ക്ക് ഇബ്‍ലീസ് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ പിഴച്ച മശാഇഖഉമാര്‍ ഒലിയാക്കളുടെയും ശൈഖുമാരുടെയും ഖുതുബുകളുടെയും രൂപത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കും. യഥാര്‍ത്ഥ പണ്ഡിതന്മാരാണ് അതാതു കാലത്തെ ഇത്തരക്കാരുടെ പൊള്ളത്തരങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നത്. എക്കാലത്തും അതുണ്ടായിട്ടുണ്ട്. ഇക്കാലത്ത് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അളളാഹു നമ്മെ രക്ഷിക്കട്ടെ.