അണിഞ്ഞൊരുങ്ങിയ സ്വര്ഗ്ഗലോകം

സജ്ജനങ്ങള്‍ക്കായി പാരത്രിക ലോകത്ത്‌ അല്ലാഹു സംവിധാനിച്ച ലോകമാണ്‌ സ്വര്‍ഗ്ഗം. സര്‍വ്വ ഐശ്വര്യങ്ങളുടെയും ഭവനമായ സ്വര്‍ഗ്ഗം വിശ്വാസികള്‍ക്കായി മാത്രം ദൈവം ഒരുക്കി വെച്ചതാണ്‌. സൃഷ്‌ടികള്‍ക്ക്‌ സൃഷ്ടാവിന്റെ പക്കല്‍നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹവും ഇതാണ്‌.

അരുവികളും ആരാമങ്ങളുംപാലും പാനീയങ്ങളുമെല്ലാം വിശ്വാസികള്‍ക്കായി സര്‍വ്വത്ര സുലഭമായി ലഭിക്കുന്ന ഇടം. മനുഷ്യന്റെ പൂര്‍വ്വാശ്രമായിരുന്നു സ്വര്‍ഗ്ഗം. മനുഷ്യ പിതാവ്‌ ആദമും മാതാവ്‌ ഹവ്വയും സുഖലോലുപതയില്‍ വസിച്ചിരുന്ന വീട്‌. സ്രഷ്ടാവിന്റെ വിധിയാല്‍ പിന്നീട്‌ മനുഷ്യകുലത്തിന്റെ വാസസ്ഥലം ഭൂമിയായി മാറി. സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയിലെ സത്രം മാത്രമാണ്‌ ഭൂമി. നശ്വരമായ പാര്‍പ്പിടം മാത്രം. എന്നാല്‍ വിശ്വാസികള്‍ക്കുള്ള അനശ്വര ജീവിതത്തിന്റെ മണിമാളിക സ്വര്‍ഗ്ഗ ലോകത്തു തന്നെയാണ്‌.

വിശുദ്ധ മാസത്തിലെ വിശ്വാസികളുടെ തേട്ടവും സ്വര്‍ഗ്ഗ പ്രവേശനത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌. മാസത്തില്‍ തന്റെ സജ്ജനങ്ങളായ അടിമകള്‍ക്കായി ദൈവം സ്വര്‍ഗ്ഗീയ ലോകത്തെ അലങ്കരിക്കപ്പെടും. ത്യാഗിയായ നോമ്പുകാരനെ സ്വര്‍ഗ്ഗലോകത്ത്‌ സല്‍ക്കരിക്കാന്‍ വേണ്ടിയാണിത്‌. ഇബ്‌നു അബ്ബാസ്‌ () റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. നബി () പറഞ്ഞു. `റമസാനെ വരവേല്‍ക്കാന്‍ സ്വര്‍ഗ്ഗലോകം അലങ്കരിക്കപ്പെടുന്നതാണ്‌. സ്വര്‍ഗ്ഗം കമനീയമായി സംവിധാനിക്കപ്പെടും. റമസാനിലെ ആദ്യ രാവ്‌ ആഗതമായാല്‍ അര്‍ശിന്റെ താഴ്‌വാരത്തുനിന്ന്‌ ഒരുതരം മന്ദമാരുതന്‍ അടിച്ചുവീശും. സ്വര്‍ഗ്ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ്ഗ കവാടങ്ങളില്‍ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗ്ഗ പാര്‍ശ്വങ്ങളില്‍ നിലയുറപ്പിച്ച ഹൂറികള്‍ ഈണത്തില്‍ വിളിച്ചു പറയും '`അല്ലാഹുവിലേക്കു വിവാഹാഭ്യാര്‍ത്ഥനയുമായി വരുന്നവരാരാണ്‌? അവര്‍ക്ക്‌ ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച''. തുടര്‍ന്ന്‌ അവര്‍ സ്വര്‍ഗ്ഗ ലോകം കാക്കുന്ന മാലാഖ രിള്‌വാനോട്‌ () ആരായും, '`അല്ലയോ രിള്‌വാന്‍, ഏതാണ്‌ സുന്ദരരാവ്‌''? '`ഇത്‌ റമസാന്‍ മാസത്തില്‍നിന്നുള്ള ആദ്യരാവാണ്‌. മുഹമ്മദ്‌ നബി ()യുടെ സമുദായത്തില്‍നിന്നു വ്രതമനുഷ്‌ഠിക്കുന്നവര്‍ക്കായി സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയായി...'' (ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി)
റമസാന്‍ ആഗതമായാല്‍ സ്വര്‍ഗ്ഗ ലോകത്തു ഉല്ലാസത്തിന്റെ നാളുകളായിരിക്കും.ഭൂമിയില് വ്രതമനുഷ്‌ഠിച്ച്‌ ദൈവീക സാമീപ്യം തേടുന്ന അടിമകളെ പട്ടുടയാടയണിച്ചു സ്വീകരിക്കാന്‍ സ്വര്‍ഗ്ഗീയ ഹൂറികള്‍ കാത്തിരിക്കുകയാണ്‌. നോമ്പുകാരന്‌ പ്രത്യേക കവാടവും ഇതിനായി അല്ലാഹു തയ്യാറാക്കിയിട്ടുണ്ട്‌.
അബൂ ഹുറൈറ () നിവേദനം ചെയ്യുന്നു. നബി() പറഞ്ഞു. '`എല്ലാ റമസാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗ്ഗലോകത്തെ അലങ്കരിച്ചൊരുക്കുന്നതാണ്‌. ബൈഹഖിയില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ റമസാന്‍ മാസത്തില്‍ തന്റെ സമുദായത്തിനു മാത്രമായി നല്‍കപ്പെടുന്ന അഞ്ചുകാര്യങ്ങളില്‍ നാലാമത്തേതായി ഇങ്ങനെ പറയുന്നുണ്ട്‌. '`പ്രതാപിയായ അല്ലാഹു സ്വര്‍ഗ്ഗലോകത്തോട്‌ ആജ്ഞാപിക്കുന്നു. എന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്കുവേണ്ടി നീ അണിഞ്ഞൊരുങ്ങുക. അലങ്കാര പൂരിതമാവുക. അവര്‍ ഇഹലോകത്തെ ക്ഷീണങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ എന്റെ ഭവനത്തിലേക്കും സ്വീകരണത്തിലേക്കും എത്തിച്ചേരാന്‍ അടുത്തിരിക്കുന്നു''.

സ്വര്‍ഗ്ഗത്തിന്റെ റയ്യാന്‍ എന്ന കവാടം നോമ്പുകാരന്‌ മാത്രം പ്രവേശിക്കാനുള്ളതാണ്‌. ദാഹശമനം വരുത്തുന്ന കവാടം എന്നര്‍ത്ഥമുള്ള റയ്യാന്‍ കവാടത്തിലൂടെ വിശ്വാസികളെ ദൈവം സ്വര്‍ഗ്ഗത്തിലേക്കു സല്‍ക്കരിക്കും.
നബി () പറഞ്ഞു. സ്വര്‍ഗ്ഗത്തിനു റയ്യാന്‍ എന്നൊരു കവാടമുണ്ട്‌. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെയാണ്‌ പ്രവേശിക്കുക. നോമ്പുകാര്‍ എവിടെ? അവര്‍ക്കല്ലാതെ മറ്റാര്‍ക്കും വഴിയിലൂടെ പ്രവേശനമില്ല എന്ന്‌ വിളംബരം ചെയ്യപ്പെടുകയും അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ റയ്യാന്‍ കവാടം അടക്കപ്പെടുകയും ചെയ്യും (ബുഖാരി).
മനുഷ്യരുടെ ഭൗതിക ലോകത്തെ ജീവിതത്തിന്റെ കൂട്ടലും കിഴിക്കലും കഴിഞ്ഞാല്‍ പിന്നെയുള്ളത്‌ നരകവും സ്വര്‍ഗ്ഗവുമാണല്ലോ. സ്വര്‍ഗ്ഗീയ സൗകര്യങ്ങള്‍ സംവിധാനിക്ക പ്പെട്ടിരിക്കുന്നത്‌. ഭൂമിയില്‍ സദ്‌വൃത്തരായി കഴിഞ്ഞവര്‍ക്കാണ്‌. ജീവിതം ക്രമപ്പെടുത്തി ദൈവീക കല്‍പ്പനകളെ ശിരസ്സാവഹിക്കുകയും നിരോധനകളെ വല്‍ജ്ജിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗം ഉറപ്പാണ്‌. ഇതിനായുള്ള പ്രയത്‌നങ്ങളിലെ എളുപ്പവഴിയാണ്‌ വിശുദ്ധ റമസാന്‍ മാസവും വ്രതാനുഷ്‌ഠാനവും.