ഈമാന്‍ കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാന്‍ മലക്കുകള്‍ ആവശ്യപ്പെട്ടു. നബി (സ) പറഞ്ഞു:
``അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ കിതാബുകളിലും അവന്റെ മുര്‍സലീങ്ങളിലും, അന്ത്യദിനത്തിലും നീ വിശ്വസിക്കലാണ്. ഗുണകരവും ദോഷകരവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധി അനുസരിച്ചുണ്ടാകുന്നതാണെന്നും നീ വിശ്വസിക്കലാണ് ഈമാന്‍ കാര്യങ്ങള്‍ ''.
ഈ ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതാണ്. ഇസ്‌ലാം കാര്യങ്ങള്‍ എന്നതിന് നാവുള്‍പ്പെടെ ശരീരം കൊണ്ട് അനുഷ്ഠിക്കേണ്ടതായ കാര്യങ്ങള്‍ എന്നും, ഈമാന്‍ കാര്യങ്ങള്‍ എന്നതിന് ഹൃദയം കൊണ്ട് ശരിവെച്ചു സ്ഥിരപ്പെടുത്തേണ്ടതായ കാര്യങ്ങള്‍ എന്നും അര്‍ത്ഥമാകുന്നു.
മതഭ്രഷ്ഠ്
അല്ലാഹു നമ്മെ മുസ്‌ലിംകളാക്കിയത് അവന്‍ നമുക്ക് ചെയ്ത അവര്‍ണ്ണനീയ അനുഗ്രഹമാണെന്നും, ഇസ്‌ലാമല്ലാത്ത യാതൊരു ദീനും അല്ലാഹു തൃപ്തിപ്പെടുകയില്ലെന്നും മനസ്സിലാക്കിയല്ലോ. എന്നാല്‍ മുസ്‌ലികളാണെന്നു കരുതി നാം അഹങ്കരിക്കുകയോ വഞ്ചിതരാവുകയോ ചെയ്യരുത്. മുസ്‌ലിമും മുഅ്മിനുമായി മരണപ്പെട്ടെങ്കില്‍ മാത്രമേ നമുക്ക് പരലോകത്ത് രക്ഷയുള്ളൂ. അതിനാല്‍ നമ്മുടെ ഈമാന്‍ തെറ്റി മരിക്കുന്നതിനെ കുറിച്ചും നാം എപ്പോഴും സൂക്ഷിക്കുകയും ഭയപ്പെടുകയും വേണം. നമ്മുടെ മുന്‍ഗാമികളായ പുണ്യാത്മാക്കള്‍ അവര്‍ വലിയ മത ഭക്തരായിരുന്നിട്ടും ഈമാന്‍ തെറ്റിപ്പോകുന്നതിനെ കുറിച്ചു വല്ലാതെ ഭയപ്പെടുന്നവരായിരുന്നു. മഹാനായ ഇബ്രാഹീം നബി (അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ``അല്ലാഹുവേ, എന്നെയും എന്റെ സന്താനങ്ങളെയും ബിംബാരാധന വിട്ട് അകറ്റേണമേ'' എന്നായിരുന്നു. ഈമാന്‍ തെറ്റി കുഫ്‌റിലേക്കും ശിര്‍ക്കിലേക്കും പോകുന്നതിനെക്കുറിച്ചുള്ള കടുത്ത ഭയമാണ് അതില്‍ പ്രകടമാകുന്നത്.
മഹാനായ യൂസുഫ് നബി (അ)ന്റെ പ്രാര്‍ത്ഥന ഇപ്രകാരമാണ്. "പടച്ചവനേ, എന്നെ നീ മുസ്‌ലിമായി മരിപ്പിക്കേണമേ''. മരിക്കുമ്പോള്‍ ഇസ്‌ലാമില്‍ നിന്ന് തെറ്റിപ്പോകുമോ എന്ന കാര്യത്തിലുള്ള ഭയം ഇതില്‍ നമുക്ക് കാണാം.
മഹാനായ സുഫ്‌യാനുസ്സൗരീ (റ) മുങ്ങിപ്പോകുമെന്നു ഭയപ്പെടുന്ന ഒരു കപ്പലിലെന്ന പോലെ ``അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ..'' എന്നു പ്രാര്‍ത്ഥിച്ചിരുന്നു. ഇവകളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് സൂഫീ വര്യനായ ഇബ്‌റാഹീമുബ്‌നു അദ്ഹം (റ) ചോദിക്കുന്നു: ``നാമെങ്ങനെ നിര്‍ഭയരാകും?''.
ഇബ്‌നു അബീമുലൈക (റ) പറയുകയാണ്: നബി (സ)യുടെ സ്വഹാബാക്കളില്‍പ്പെട്ട മുപ്പതാളുകളെ ഞാന്‍ കണ്ടു. അവരൊക്കെയും തങ്ങളുടെ ഈമാനില്‍ കളങ്കം വന്നു ചേരുന്നതിനെ ഭയപ്പെടുന്നവരായിരുന്നു. ജിബ്‌രീല്‍ (അ)ന്റെയോ, മീകാഈല്‍ (അ)ന്റെയോ ഈമാനാണ് (തെറ്റിപ്പോകാത്ത ഈമാന്‍ ) തങ്ങള്‍ക്കുള്ളതെന്ന് അവരാരും തന്നെ വാദിച്ചിരുന്നില്ല. ബഹുമാനപ്പെട്ട സ്വഹാബത്തിന്റെ സ്ഥിതി അതായിരുന്നുവെങ്കില്‍ ഈമാന്‍ തെറ്റിപ്പോകുന്നതിനെകുറിച്ചു നാം എത്ര ഭയപ്പെടണം?
മഹാനായ അബൂ ഹഫ്‌സുല്‍ ഹദ്ദാദ് (റ) പറയുന്നു: `വിഷം മരണത്തിന് കാരണമാകുന്നതു പോലെ ദോഷങ്ങള്‍ ഈമാന്‍ തെറ്റിപ്പോകുന്നതിന് കാരണമാകും'. (അല്ലാഹുവില്‍ അഭയം). അതിനാല്‍ ഈമാന്‍ രക്ഷപ്പെട്ടു കിട്ടേട്ടണ്ടതിനായി മനുഷ്യന്‍ എപ്പോഴും കുറ്റകൃത്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കേണ്ടതാണ്. മിക്കവാറും മരണ വേളയിലാണ് ഈമാന്‍ തെറ്റിപ്പോവുക എന്നാണ് ഇമാം അബൂഹനീഫ (റ) പ്രസ്താവിച്ചിരിക്കുന്നത്. (അല്ലാഹു കാത്തു രക്ഷിക്കട്ടെ)
ഒരു `മുകല്ലഫായ' മുസ്‌ലിം കാഫിറായി പോകുന്നതിനാണ് `രിദ്ദത്ത്' (മതഭൃഷ്ട്) എന്നു പറയുന്നത്. വിശ്വാസം, സംസാരം, പ്രവൃത്തി എന്നീ മൂന്നു കാര്യങ്ങള്‍ കൊണ്ട് മതഭൃഷ്ട് (ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചു പോകല്‍ ) സംഭവിക്കും. ഇവ ഓരോന്നിനും ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. അവയില്‍ ചിലത് താഴെ:
വിശ്വാസം മൂലം കാഫിറായി പോകുന്നവ: പ്രപഞ്ചം പണ്ടേ ഉള്ളതാണെന്ന് (`ഖദീമാ'ണെന്ന്) വിശ്വസിക്കുക, അല്ലാഹു പുതുതായി ഉണ്ടായവനാണെന്ന് വിശ്വസിക്കുക, നമ്മുടെ നബിക്കു ശേഷം മറ്റൊരു നബി ഉണ്ടാകുമെന്ന് വിശ്വസിക്കുക, ഇമാമുകളുടെ ഏകകണ്ഠമായ അഭിപ്രായമനുസരിച്ചു അല്ലാഹുവിനുണ്ടെന്ന് സ്ഥിരപ്പെട്ട വിശേഷണങ്ങള്‍ ഇല്ലെന്നു വിശ്വസിക്കുക, ഉദാഹരണമായി അല്ലാഹു സര്‍വ്വജ്ഞനാണെന്നും സര്‍വ്വശക്തനാണെന്നും സ്ഥിരപ്പെട്ടതാണ്: അത് നിഷേധിക്കുക, അല്ലെങ്കില്‍ അല്ലാഹുവിന് ഇല്ലെന്ന് സ്ഥിരപ്പെട്ട വിശേഷണങ്ങള്‍ അവനുണ്ടെന്ന് വിശ്വസിക്കുക; ഉദാഹരണമായി കറുപ്പ്, വെളുപ്പ് തുടങ്ങിയ വര്‍ണ്ണങ്ങള്‍ അല്ലാഹുവിനില്ലെന്ന് സ്ഥിരപ്പെട്ടതാണ്; അതുണ്ടെന്ന് വിശ്വസിക്കല്‍ . അപ്രകാരം തന്നെ അല്ലാഹു ഏതെങ്കിലും സാധനത്തോട് ഒട്ടിനില്‍ക്കുന്നവനാണെന്നോ, ഏതെങ്കിലും സാധനത്തില്‍ നിന്നു പിരിഞ്ഞുണ്ടായവനാണെന്നോ വിശ്വസിക്കല്‍ .
നിരോധിക്കപ്പെട്ട വിനോദായുധങ്ങള്‍ ഹറാമല്ലെന്നോ, അവയില്‍ കൂടി സംഗീതാലാപം കേള്‍ക്കല്‍ ഇബാദത്താണെന്നോ വിശ്വസിക്കല്‍ , അല്ലെങ്കില്‍ അല്ലാഹു ഹറാമാക്കിയ കാര്യങ്ങള്‍ ഹലാലാക്കാനും, ഹലാലാക്കിയ കാര്യങ്ങള്‍ ഹറാമാക്കാനും രാജാവിനോ, മറ്റു ഭരണാധികാരികള്‍ക്കോ അധികാരമുണ്ടെന്നു വിശ്വസിക്കുക. അല്ലെങ്കില്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനെയോ, സ്വര്‍ഗ്ഗത്തെയോ, നരകത്തെയോ നിഷേധിക്കുക. ജൂതന്മാര്‍ , ക്രിസ്ത്യാനികള്‍ തുടങ്ങിയ അമുസ്‌ലിംകള്‍ കാഫിറാണെന്നതില്‍ സംശയിക്കുക എന്നിങ്ങനെ വിശ്വാസം മൂലം ഇസ്‌ലാമില്‍ നിന്നു പുറത്തു പോകുന്ന കാര്യങ്ങള്‍ വളരെയുണ്ട്. താന്‍ നബിയാണെന്നു വാദിച്ച മീര്‍സാഗുലാം അഹ്മദ് ഖാദിയാനി നബിയാണെന്നു വിശ്വസിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്നു പുറത്തു പോകുമെന്ന് ഇവിടെവെച്ചു നമുക്കു മനസ്സിലാക്കാം.
അല്ലാഹുവിന്റെ ഏതെങ്കിലുമൊരു നാമത്തെയോ ഒരു കല്‍പനയെയോ നിന്ദിക്കുകയോ, നിസ്സാരമാക്കുകയോ ചെയ്യുക. ഒരു നബിയെ നിഷേധിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുക. ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ ഒരു അക്ഷരത്തെയോ, ശറഇയ്യായ ഏതെങ്കിലും നിയമത്തെയോ നിസ്സാരമാക്കുക. മദ്യപാനം, വ്യഭിചാരം തുടങ്ങി `ഇജ്മാഅ്' കൊണ്ട് ഹറാമാണെന്ന് സ്ഥിരപ്പെട്ട ഏതെങ്കിലും കാര്യം ഹലാലാണെന്ന് പറയുകയോ, വിശ്വസിക്കുകയോ ചെയ്യുക. നിസ്കാരം, ഹജ്ജ് തുടങ്ങി നിര്‍ബന്ധമാണെന്ന് `ഇജ്മാഅ്' കൊണ്ട് സ്ഥിരപ്പെട്ട ഒരു കാര്യം നിര്‍ബന്ധമില്ലെന്നു പറയുക. ഒരു മുസ്‌ലിമിനെ `കാഫിര്‍' എന്നു വിളിക്കുക (അതിന്റെ ശരിയായ അര്‍ത്ഥം ഉദ്ദേശിച്ചു കൊണ്ട്). അല്ലാഹുവിനെ എനിക്കു ഭയമില്ല, അന്ത്യനാളിനെ ഞാന്‍ പേടിക്കില്ല, ഒരു കാര്യം ചെയ്ത ശേഷം ``ഞാന്‍ അതു ചെയ്തിട്ടില്ലെന്ന് അല്ലാഹുവിനറിയാം'' എന്നു പറയുക, കട്ടവനെ കൊല്ലുക, ഒരു മുസ്‌ലിമിനെ അക്രമിക്കുക എന്നിങ്ങനെ ശറഇല്‍ ചീത്തയായ കാര്യം ആരെങ്കിലും ചെയ്താല്‍ ``അതു നന്നായി, അതു വേണ്ടതാണ്'' എന്നു പറയുക. ഇത്തരം വാക്കുകള്‍ കൊണ്ടെല്ലാം കാഫിറാകും.
കാഫിറാകണമെന്നോ, ഇന്ന കാര്യമുണ്ടായാല്‍ കാഫിറാകുമെന്നോ ഇസ്‌ലാം മതം പോലെ തന്നെ കുഫ്‌റ് മതവും നല്ലതാണെന്നോ, മദ്യപാനം, വ്യഭിചാരം, അക്രമം മുലായവ അല്ലാഹു വിരോധിച്ചിരുന്നില്ലെങ്കില്‍ നന്നായിരുന്നുവെന്നോ കരുതുന്നതു കൊണ്ടും, കാഫിറാകണമോ വേണ്ടയോ എന്ന് സംശയിക്കുന്നതു കൊണ്ടും കാഫിറാകും. നഖം മുറിക്കുക, താടി വളര്‍ത്തുക, ``വസ്ത്രം ഞെരിയാണിക്കു താഴേക്ക് താഴ്ത്തരുത്'' എന്നിങ്ങനെ ആരെങ്കിലും പറയുകയും ``ഇതെല്ലാമാണ് നബി (സ)യുടെ സുന്നത്ത്'' എന്നുണര്‍ത്തുകയും ചെയ്യുമ്പോള്‍ സുന്നത്തിനെ നിസ്സാരമാക്കിക്കൊണ്ട് ``നഖത്തിലും, താടിയിലും വസ്ത്രത്തിലുമാണോ സുന്നത്ത്?'' എന്നോ പ്രസ്തുത ``സുന്നത്തുകളെയൊന്നും ഞാന്‍ വിലവെക്കുന്നില്ല'' എന്നോ മറ്റോ പറഞ്ഞുകൊണ്ട് സുന്നത്തുകളെ നിസ്സാരമാക്കി സംസാരിക്കുന്നതുകൊണ്ടും `രിദ്ദത്ത്' (മതഭൃഷ്ട്) സംഭവിക്കും.
പ്രവൃത്തി കാരണം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്നവയും ധാരാളമുണ്ട്. ചിലത് കാണുക:
അല്ലാഹുവില്‍ നിന്ന് പ്രതിഫലമാഗ്രഹിച്ചു കൊണ്ട് ഹറാമായ ധര്‍മ്മം ചെയ്യുക, ബിംബം, സൂര്യന്‍ , ചന്ദ്രന്‍ എന്നിവക്ക് സുജൂദ് ചെയ്യുക, വിഗ്രഹത്തിനു വേണ്ടി ജീവികളെ അറക്കുക, കുഫ്‌റില്‍ നിന്നല്ലാതെ ഉണ്ടാവുകയില്ലെന്ന് മുസ്‌ലിംകള്‍ ഏകകണ്ഠമായി പറഞ്ഞ ഏതെങ്കിലും കാര്യം ചെയ്യുക. ഉദാഹരണമായി കറുപ്പു വസ്ത്രം ധരിച്ചു കഴുത്തില്‍ മാലയിട്ട് ശബരിമലക്ക് പോകുന്നവരുടെ കൂടെ അവരുടെ വസ്ത്രധാരണരീതി സ്വീകരിച്ചു പോവുക, അമ്പലങ്ങളിലോ, ക്ഷേത്രങ്ങളിലോ ഉത്സവം നടക്കുന്ന വേളകളില്‍ തെയ്യം, തിറ, മൂക്കന്‍ , ചിന്നന്‍ തുടങ്ങിയ വേഷം കെട്ടിയോ, കാള, കുതിര എന്നിങ്ങനെയുള്ളവകളുടെ പ്രതിമകള്‍ വഹിച്ചോ അവരൊന്നിച്ചു പോവുക, ക്രിസ്ത്യാനികളുടെ ചര്‍ച്ചുകളിലേക്ക് അവരെപോലെ വേഷവിധാനം ചെയ്തു കുരിശുമാല കഴുത്തിലിട്ട് പോവുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കാരണം ഇസ്‌ലാമില്‍ നിന്നും പുറത്താകുന്നതാണ്.
മതഭൃഷ്ട് വന്നപോയ ഒരാള്‍ തൗബ ചെയ്യേണ്ടതായ ക്രമപ്രകാരം തൗബ ചെയ്തു ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് മരണപ്പെട്ടാല്‍ അതിനു മുമ്പ് അയാള്‍ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും നഷ്ടപ്പെട്ടുപോകുന്നതും, പരലോകത്ത് നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നതുമായിരിക്കും.
അല്ലാഹു പറയുന്നു: `ആരെങ്കിലും ഇസ്‌ലാം മതത്തില്‍ നിന്നു വ്യതിചലിക്കുകയും കാഫിറായി മരിക്കുകയും ചെയ്താല്‍ അവരുടെ സല്‍കര്‍മ്മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പൊളിഞ്ഞു പോകുന്നതാണ്. അവര്‍ നരകാവകാശികളും, അവിടത്തെ നിരന്തരവാസികളുമാണ്'. (2:217)
ഒരാള്‍ ഇസ്‌ലാമില്‍ നിന്നു പുറത്തായി മരണപ്പെട്ടാല്‍ അവന്റെ മാതാപിതാക്കളില്‍ നിന്നും മറ്റും അവനു സ്വത്തവകാശം ലഭിക്കുന്നതല്ല. മതഭൃഷ്ട് വന്നവന്‍ മരണപ്പെട്ടാല്‍ അവനെ കുളിപ്പിക്കുവാനോ, അവന്റെ മേല്‍ നിസ്കരിക്കുവാനോ, മുസ്‌ലിംകളുടെ ശ്മശാനത്തില്‍ അവനെ ഖബറക്കുവാനോ പാടില്ല: കാരണം അവന്‍ അമുസ്‌ലിമാണ്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളും, ശരീഅത്തിനു വിരുദ്ധമായ നിയമങ്ങളും ഒരുപോലെയാണെന്നു പറഞ്ഞാലും, കരുതിയാലും ഇസ്‌ലാമില്‍ നിന്നും പുറത്തു പോകും. ഉദാഹരണം: ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ഖബറടക്കലും അമുസ്‌ലിം ആചാര പ്രകാരം അഗ്നിയില്‍ ദഹിപ്പിക്കലും ഒരുപോലെയാണെന്ന് പറയലും വിശ്വസിക്കലും.
മഹാ അക്രമികളോ, ഭീകരന്മാരോ ആയ ആളുകളെക്കുറിച്ചു പരിഹാസ രൂപത്തില്‍ നരകം കാക്കുന്ന `സബാനിയ്യാ'ക്കളായ മലക്കുകളോടോ, ഖബ്‌റില്‍ ചോദ്യം ചെയ്യുന്ന `മുന്‍കര്‍ ,നകീര്‍ ' എന്നീ മലക്കുകളോടോ ഉപമിക്കലും മതഭൃഷ്ട് സംഭവിക്കാവുന്ന കാര്യമാണ്. സാധാരണക്കാരില്‍ നിന്നും ഇത്തരം വാക്കുകള്‍ വന്നു പോകാറുണ്ട്. അതിനാല്‍ നിരന്തരമായ നരകശിക്ഷക്ക് മനുഷ്യനെ പാത്രമാക്കുന്ന കുഫ്‌രിയ്യത്ത് വിശ്വാസം, സംസാരം, പ്രവൃത്തി എന്നിവകള്‍ കാരണം വന്നു പോകുന്നതിനെ കുറിച്ചു നാം വളരെയധികം സൂക്ഷിക്കണം. അല്ലാഹു കാത്തു രക്ഷിക്കട്ടെ!
ഇഹലോകാഗ്നിയുടെ ചൂട് നരകാഗ്നിയുടെ ചൂടിന്റെ എഴുപതിലൊരംശം മാത്രമാണെന്നാണ് നബി (സ)യുടെ ഹദീസില്‍ വന്നിട്ടുള്ളത് (മുസ്‌ലിം). ഇഹലോകത്തെ തീയുടെ ചൂട് നമുക്ക് സഹിക്കാന്‍ കഴിയുന്നുണ്ടോ? അതിലും 69 ഇരട്ടി കൂടുതലുള്ള നരകചൂട് പിന്നെ നാമെങ്ങനെ സഹിക്കും? നാഥാ, നീ ഞങ്ങളെ രക്ഷിക്കേണമേ!
മതഭൃഷ്ട് വന്നു പോകുന്ന ഏതെങ്കിലും കാരണം കൊണ്ട് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവര്‍ക്ക് ഇസ്‌ലാമിലേക്ക് തിരികെ വരണമെങ്കില്‍ അത്തരക്കാര്‍ രണ്ട് ശഹാദത്ത് കലിമ അര്‍ത്ഥം അറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ഉച്ചരിക്കണം. ഉച്ചരിക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അതിനു പുറമെ മേല്‍ പറഞ്ഞ ഏതെങ്കിലും കാര്യം അവനില്‍ നിന്നു വന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറിയതായി സമ്മതിച്ചു പറയുകയും വേണം. എങ്കിലേ അവന്‍ മുസ്‌ലിമായിത്തീരുകയുള്ളൂ. ഉദാഹരണത്തിന് നിസ്കാരം ഉപേക്ഷിക്കല്‍ ഹലാലാണെന്ന് കരുതിയതു കൊണ്ടാണ് മതഭൃഷ്ട് വന്നതെങ്കില്‍ ശഹാദത്ത് കലിമയോടൊപ്പം നിസ്കാരം ഉപേക്ഷിക്കല്‍ ഹലാലാണെന്നു കരുതിയത് തെറ്റാണെന്നും, അതില്‍ നിന്നും ഞാന്‍ മടങ്ങിയിരിക്കുന്നു എന്നു കൂടി പറയണം.
ആകയാല്‍ ഈമാന്‍ നമ്മുടെ മൂലധനമാണ്. അത് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ട് ഈമാന്‍ നഷ്ടപ്പെടാതിരിക്കാന്‍ നാം സദാ സമയവും ജാഗരൂകരായിരിക്കണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!