"നബിയെ പറയുക. അല്ലാഹു ഏകനാകുന്നു. അല്ലാഹു ഒരുനിലക്കും ആശ്രയമില്ലാത്തവനും, സര്‍വ്വചരാചരങ്ങളും അവനെ ആശ്രയിക്കുന്നവനുമാകുന്നു. അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല. അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല. അവനോടു തുല്യനായി ആരും (ഒന്നും) ഇല്ല" (വി:ഖു. 112:1-4)
"ആകാശഭൂമികളെ മുന്‍ മാതൃകകൂടാതെ നിര്‍മ്മിച്ചവനാണവന്‍. കൂട്ടുകാരില്ലാതിരിക്കെ അവന് സന്താനങ്ങളുണ്ടാകുന്നതെങ്ങനെ എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നത് അവനാണ്. മുഴുവന്‍ വ്‌സ്തുക്കളെ കുറിച്ചും സര്‍വ്വജ്ഞനുമത്രെ അവന്‍. അവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ഇല്ലാഹുമില്ല. എല്ലാ വസ്തുക്കളുടെയും സൃഷ്ടാവും അവനാകുന്നു. അത്‌കൊണ്ട് അവന് ആരാധന ചെയ്യുക. എല്ലാ വസ്തുക്കളുടെയും കാര്യങ്ങള്‍ എറ്റെടുത്തു നടത്തുന്നവനത്രെ അവന്‍" (വി:ഖു.6:101,102)
"അല്ലാഹു അല്ലാതെ വേറെ ഇലാഹില്ല. അവന്‍ എപ്പോഴും ജിവിച്ചിരിക്കുന്നവനും, അന്യാശ്രയം കൂടാതെ നിലനില്‍ക്കുന്നവനും, മറ്റുള്ളവരെയെല്ലാം നിയന്ത്രിച്ചു നിര്‍ത്തിപോരുന്നവനുമാണ്. ഉറക്കമോ, നിദ്രമയക്കമോ അവനെ സ്പര്‍ശിക്കുന്നതല്ല. ആകാശഭുമിയിലുള്ളതെല്ലാം അവന്റെ സൃഷ്ടികളും അവന്റെ ഉടമയിലുള്ളതുമാകുന്നു. അവന്റെ അനുമതികൂടാതെ അവന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ആരൂണ്ട്. അവരുടെ മുമ്പിലുള്ളതും, പിന്നിലുള്ളതും അവനറിയുന്നു. താന്‍ ഉദ്ദേശിച്ചതല്ലാതെ അവന്റെ അറിവില്‍ നിന്ന് യാതൊന്നും അവരറിയുന്നില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനൊട്ടും ഭാരമുണ്ടാക്കുന്നില്ല. അവന്‍ ഉന്നതനും മഹാനും തന്നെയാകുന്നു" (വി:ഖു.2:255)
"നിങ്ങളുടെ ഇലാഹ് ഏക ഇലാഹാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ പരമകാരുണ്യകനും, കരുണാനിധിയുമാകുന്നു"(വി:ഖു.2:163)
"ആകാശങ്ങളും, ഭൂമിയും സൃഷ്ടിച്ചതിലും, രാപകലുകള്‍ മാറികൊണ്ടിരിക്കുന്നതിലും മാനവര്‍ക്ക് ഉപകാരപ്രദങ്ങളായ സാധനങ്ങള്‍ വഹിച്ചുകൊണ്ട് സമുദ്രത്തില്‍ ഓടുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളമിറക്കി അത്മൂലം ഭൂമിയെ അത് നിര്‍ജീവമായി കിടന്നിരുന്ന ശേഷം ജീവിപ്പിക്കുകയും അതില്‍ സകല ജന്തുക്കളെയും പരത്തുകയും ചെയ്തതിലും കാറ്റിനെയും ആകാശ ഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തി നിര്‍ത്തപ്പെട്ടിരിക്കുന്ന മേഘങ്ങളെയും നിയന്ത്രിക്കുന്നതിലും ചിന്തിച്ചുഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് നിശ്ചയമായും പല ദൃഷ്ടാന്തങ്ങളുണ്ട്" (വി:ഖു.2:164)
പ്രപഞ്ചങ്ങള്‍, അനന്തകോടി ജീവജാലങ്ങള്‍ ഇവയൊക്കെ യാദൃക്ഷികമായി ഉണ്ടായതും നിലനില്‍ക്കുന്നതുമാണെന്ന് ബുദ്ധി സമ്മതിക്കില്ല. സങ്കീര്‍ണ്ണങ്ങളും ഒന്നു മറ്റൊന്നുമായി ബന്ധിച്ചും, സന്ധിച്ചും പ്രവര്‍ത്തിക്കുന്നതും യാന്ത്രികമല്ല. പ്രധാന ജീവിയായ മനുഷ്യനു അധികാരവകാശങ്ങള്‍ നല്‍കിയതും, വിവേക ബുദ്ധിനല്‍കിയതും ആസൂത്രണശാലിയായ ഒരു കരത്തിന്റെ ഉടമയാണെന്നതില്‍ സന്ദേഹിക്കേണ്ടതില്ല.
ശിക്ഷാ രക്ഷയില്ലാത്ത ചോദ്യോത്തരവും, വിചാരണയും ഇല്ലാത്ത അവസ്ഥയും വിചാര പരിധിയില്‍പെടാതിരുന്നുകൂടാ. ഒരു സൃഷ്ടാവിന്റെ അഭാവത്തിലും അല്ലെങ്കില്‍ പല സൃഷ്ടാവുകളുടെ സാന്നിദ്ധ്യത്തിലും പ്രപഞ്ചത്തിന് നിലനില്‍ക്കാനാവില്ല.
ഒരാളെ വധിച്ചവനെയും നൂറ്‌പേരെ വധിച്ചവനെയും ഒരുതവണ വധിക്കാനെ മനുഷ്യര്‍ക്ക് നിയമം ഉണ്ടാക്കാനാവൂ. അനീതിയും, അരാജകത്വവും നടമാടുന്നത് തടയാനോ, ന്യായമായ പരിഹാരങ്ങളും, പ്രതിവിധികളും ഉണ്ടാക്കാനോ അല്ലാഹുവല്ലാത്ത ഒരുപ്രതിഭാസത്തിനും സാധ്യമല്ല.
പ്രവഞ്ച സൃഷ്ടാവിന്റെ സാധുതയിലേക്ക് ഇക്കാര്യങ്ങള്‍ നമ്മെ കൊണ്ടുപോകുന്നു. വെള്ളം, വെളിച്ചം, വായു, ഊര്‍ജ്ജം, സൂര്യ-ചന്ദ്രന്‍ എണ്ണമറ്റ നക്ഷത്ര കൂട്ടങ്ങളുടെയും നിര്‍ണ്ണിത ഭ്രമണപഥവും, നിശ്ചിതകാലവും ക്രമീകരണവുമനുസരിച്ചുള്ള സഞ്ചാരം, പ്രജനനം, വംശവര്‍ദ്ദന സങ്കീര്‍ണ്ണവും എന്നാല്‍ സൂക്ഷമവുമായ സൃഷ്ടിപ്പുകള്‍ അങ്ങനെ മഹാത്ഭുതങ്ങളും, മഹാവിസ്മയങ്ങളുമായ സംഗതികളെ സയോജിപ്പിച്ചു, സംഘടിപ്പിച്ചു, സംവിധാനിച്ചു നടത്തി കൊണ്ടുപോകാന്‍ ഒരു സൃഷ്ടാവിന് മാത്രമേ കഴിയൂ. ആ ഏകദൈവമാണ് അല്ലാഹു.