റമദാന് മാസപ്പിറവി.

നോമ്പിന്റെ ചര്ച്ചയില് ആദ്യമായി കടന്നുവരിക റമളാന് മാസപ്പിറവിയുടെ കാര്യം തന്നെയാണ്. ശഅബാന് മുപ്പതുപൂര്ത്തിയാക്കുക, അഥവാ ഇരുപത്തൊന്പതിന് മാസപ്പിറവി ദര്ശിക്കുക. - ഇതാണല്ലോ മാനദണ്ഡം.
എന്നാല് ഉദയാസ്തമയ സമയങ്ങളില് വരുന്ന അന്തരം പിറവിയെ ബാധിക്കുന്നതാണ്. ഉദാഹരണമായി ഇന്ത്യയില് നോമ്പു തുടങ്ങുന്നതിന്റെ ഒന്നോ രണ്േടാ ദിവസം മുമ്പ് ഗള്ഫില് നോമ്പ് തുടങ്ങാന് സാധ്യതയുണ്ട്. അപ്പോള് നോമ്പ് തുടങ്ങിയ ശേഷം ഇന്ത്യയില് നിന്ന് ഗള്ഫിലെത്തുന്ന ഒരാള് അത്രയും ദിവസം പിന്നിലായിരിക്കും. ഇങ്ങനെയുള്ളവര് ഗള്ഫുകാരോടൊപ്പം പെരുന്നാള് ആഘോഷിക്കുകയും നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടുകയും വേണം. ഗള്ഫുകാര്ക്ക് ഇരുപത്തൊമ്പതോ മുപ്പതോ ലഭിച്ചാലും ഇയാള് 29 എണ്ണം നോറ്റാല് മതി. ഇതേ ഉദാഹരണത്തില്, നേരത്തെ നോമ്പു തിടങ്ങിയ ഗള്ഫുകാരന് ഇന്ത്യയില് വരുമ്പോള് ഒന്നോ രണേ്ടാ ദിവസം മുന്നിലായിരിക്കും. ഇയാള് ഇന്ത്യക്കാരുടെ കൂടെ നോമ്പെടുക്കുകയാണ് വേണ്ടത്. ചിലപ്പോള് മുപ്പതിലേറെ വേണ്ടിവരും - ഇതാണ് പ്രബലാഭിപ്രായം. തന്റെ വ്യക്തിപരമായ കണക്ക് പരിശോധിച്ചു നോമ്പ് നിര്ത്താമെന്നാണ് രണ്ടാമത്തെ അഭിപ്രായം. (അല് മഹല്ലി 2:51).
നോമ്പ് പൂര്ത്തിയാക്കി പെരുന്നാള് ആഘോഷിക്കുന്ന വ്യക്തി നോമ്പുള്ള നാട്ടിലെത്തിയാലോ? അയാള് ബാക്കി സമയങ്ങള് നോമ്പുകാരനെപ്പോലെ നിയന്ത്രണം (ഇംസാക്ക്) പാലിച്ചിരിക്കണം. ഇവിടെ ഒരുകാര്യം കൂടി: മാസപ്പിറവി ഉണ്ടായെങ്കിലും ഖാസിമാര്ക്ക് ഉറപ്പിക്കാന് പറ്റാത്ത സാഹചര്യങ്ങള് ഉണ്ടായേക്കാം. ഉദാഹരണം: പിറവി കണ്ടതു സ്ത്രീകള് മാത്രമാണ്; അല്ലെങ്കില് കുട്ടികള്, അമുസ്ലിംകള്, തെമ്മാടികള് തുടങ്ങിയവര് മാത്രം. ഇവര് മതപരമായി സാക്ഷികളാവാന് അയോഗ്യരായതിനാല് ഇതടിസ്ഥാനമാക്കി മാസമുറപ്പിക്കാന് ഖാസിക്ക് പറ്റില്ല. എന്നാല് ഇവരെ അംഗീകരിക്കുന്നവര്ക്ക് വ്യക്തിപരമായി നോമ്പെടുക്കുകയും മുറിക്കുകയും ആവാം എന്നല്ല അത് നിര്ബന്ധം തന്നെയാണ്.
യാത്രക്കാര്ക്ക് നോമ്പെടുക്കല് നിര്ബന്ധമില്ലെന്നറിയാമല്ലോ. എന്നാല് നേരം പുലരുമ്പോള് നോമ്പുള്ള ഒരാള് ഇനി പകലില് യാത്ര തുടങ്ങുകയാണെങ്കില് നോമ്പ് മുറിക്കാന് പാടില്ല. യാത്രക്കാരും രോഗികളും നോമ്പ് തുടങ്ങിയാല് തന്നെ അവര്ക്ക് ഇടക്ക്വെച്ച് അത് മുറിക്കാവുന്നതാണ്. അകാരണമായോ നിയ്യത്ത് മറന്നതുകൊണേ്ടാ നോമ്പ് ഉപേക്ഷിക്കുന്നവര് ഫലത്തില് നോമ്പുകാരനെപോലെ നിയന്ത്രണം പാലിച്ചേ തീരൂ. എന്നാല് ഇത് റമളാന് വ്രതത്തിന്റെ മാത്രം സവിശേഷതയാണ്. ശേഷം ഖളാ വീട്ടുന്നവനോ നേര്ച്ചയാക്കിയ നോമ്പിനോ ബാധകമല്ല.