പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍
പ്രിന്‍സിപ്പല്‍, ജാമിഅ നൂരിയ്യ പട്ടിക്കാട്
ജന.സെക്റട്ടറി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി
സാങ്കേതികാന്വേഷണങ്ങളും അറിവുകളും അനേകമടങ്ങ് വര്‍ദ്ധിക്കുകയും മാനവവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധ്യമാവുകയും ചെയ്ത കാലമാണിത്. വിസ്മയാവഹമായ ഈ നേട്ടങ്ങള്‍ക്കിടയിലും
സാംസ്ക്കാരികാസ്തിക്യവും പൈതൃകവും നഷ്ടപ്പെടുന്നതാണ് ലോക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുവരുന്ന ചൈന പോലും വ്യക്തവും സുദൃഢവും പഴക്കമുള്ളതുമായ ഒരു സാംസ്ക്കാരികാടിത്തറ രാഷ്ട്രത്തിന്നുണ്ടാവണമെന്നും എങ്കിലേ രാഷ്ട്രം ഉലയാതെ നിലനിര്‍ത്താനാവൂ എന്നും സിദ്ധാന്തിച്ചു തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണത്രെ ടിയാനെന്‍മെന്‍ സ്ക്വയറില്‍ കണ്‍ഫ്യൂഷസിന്റെ പത്തടി ഉയരമുള്ള വെങ്കല പ്രതിമ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ആഗോളവല്‍ക്കരണത്തിന്റെ പ്രധാന ഇര സംസ്ക്കാരങ്ങളാണ്. ആറാം നൂറ്റാണ്ടിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന മക്കയിലെ പ്രാദേശിക സമൂഹ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മാലിന്യങ്ങളും കറകളും ഒരു ജനപഥമെന്ന നിലക്ക് അവരുടെ ചരിത്രപരമായ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തിരുന്നു.
പില്‍ക്കാല സമൂഹങ്ങള്‍ക്ക് യാതൊരു ശേഷിപ്പും നല്‍കാനില്ലാത്ത വരണ്ട പരിസരങ്ങളാണവരുടെ ഇരുണ്ട ജീവിതങ്ങള്‍ തീര്‍ക്കാന്‍ നിമിത്തമായത്. അവര്‍ ഒരുനിലക്ക് ആത്മീയ മരണം മാത്രമല്ല ഭൗതിക മരണവും വരിച്ചിരുന്നു. എന്തിനാണവര്‍ ജീവിക്കുന്നത് എന്ന ചോദ്യത്തിന്നു മുമ്പില്‍ പകച്ചു നില്‍ക്കാനേ അവര്‍ക്കാവുമായിരുന്നുള്ളൂ.
ലൈംഗികതയും ലഹരിയും യുദ്ധങ്ങളുമാണ് അറബികളെ അക്കാലത്ത് ജീവിപിച്ചത്. കവിതകളിലും സാഹിത്യങ്ങളിലും തുടിച്ചു നിന്നത് പെണ്ണിന്റെയും യുദ്ധത്തിന്റെയും വര്‍ണ്ണനയായിരുന്നു. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അറബികള്‍ക്കില്ലാതെ പോയി; അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു.
മതസ്ഥാപനങ്ങള്‍ പോലും ആസ്വാദനങ്ങള്‍ക്കും പകതീര്‍ക്കലുകള്‍ക്കുമുള്ള ഇടങ്ങളായി രൂപപ്പെട്ടത് അങ്ങനെയാണ്. വിശ്വാസങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. കുടുംബദൈവങ്ങളും വ്യക്തി ദൈവങ്ങളും വിഷയാധിഷ്ഠിത ദൈവങ്ങളും വന്നും പോയുമിരുന്നു.
വെളിച്ചത്തിന് ആ സമൂഹത്തില്‍ അധികം പ്രസക്തി ഉണ്ടായില്ല. പകലെന്ന പ്രകൃതി വെളിച്ചത്തിന്നപ്പുറമൊരു അടിസ്ഥാനമുണ്ടെന്നവര്‍ നിരീക്ഷിച്ചു നോക്കിയതുമില്ല.
ജീര്‍ണ്ണിതമായ ഈ സാമൂഹ്യ പശ്ചാത്തലത്തിലേക്കാണ് മഹാനായ മുഹമ്മദ് നബിയുടെ ആഗമനം ഇരുട്ടില്‍ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നിയോഗം. അത്കൊണ്ട് തന്നെ സകല വെളിച്ചത്തിനും മുകളിലുള്ള സമ്പൂര്‍ണ്ണ പ്രകാശമായി പ്രവാചകന്‍ ജ്വലിച്ചു നിന്നു. അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നബിയുടെ പ്രവാചകത്വ ദൗത്യം.
""അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാകുന്നു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീക്കിക്കൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ അവരുടെ സംരക്ഷകന്മാര്‍ പിശാചുക്കളാണ്. പിശാചുക്കള്‍ അവിശ്വാസികളെ ഇരുട്ടിലേക്കാണ് നീക്കി കൊണ്ടുപോകുന്നത്'' (വി.ഖു. 2:257)
വെളിച്ചം നിഷേധിച്ചാലുള്ള ""ദാഹമാണ് ദുസ്സഹം'' അതില്ലാതാവുമ്പോഴാണ് അതിന്റെ വിലയറിയുക. നീതിബോധം, സദാചാര നിഷ്ട, ധര്‍മ്മ വിചാരങ്ങള്‍, പരലോക ചിന്തകള്‍, ചുമതലാ ബോധം, വിജ്ഞാന ത്വര, വിനയം തുടങ്ങിയവയാണ് വെളിച്ചത്തിന്റെ സംഭാവനകള്‍. ഇതൊക്കെ ഇല്ലാതാവുന്ന സാമൂഹ്യ പരിസരം വന്യവല്‍ക്കരിക്കപ്പെടുമെന്ന് പറയേണ്ടതില്ല. തികഞ്ഞ ഇരുട്ടാണ് അത്തരം ഘട്ടത്തിന്റെ അവസ്ഥ. മാനവസമൂഹത്തിന്റെ സാന്നിദ്ധ്യം ഭൂമിയിലുണ്ടായ നാള്‍മുതല്‍ ഈ പ്രകാശ ധാര അല്ലാഹു നിലനിര്‍ത്തിയത് പ്രവാചകന്മാര്‍ വഴിയാണ്.
""ആ നബിയെ പിന്തുടര്‍ന്ന് കൊണ്ട് മര്‍യമിന്റെ പുത്രന്‍ ഈസായെ നാമയച്ചു. തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവരായിക്കൊണ്ട് അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അതില്‍ മാര്‍ഗ്ഗദര്‍ശനവും പ്രകാശവും ഉണ്ട്'' (വി.ഖു. 5:47)
ലോക ക്രമം അടിമുടി മാറിയിരിക്കുന്നു. മിക്കരാജ്യങ്ങളെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അടിസ്ഥാന സൗകര്യത്തിനും സാമുഹ്യ ക്ഷേമത്തിനും നീക്കി വെക്കാനും ഉപയോഗിക്കുന്നതിലേറെ തുക വകയിരുത്തപെടുന്നത്. ബജറ്റ് ആഹരിക്കുന്നത് പ്രതിരോധാവശ്യങ്ങള്‍ക്കാണ്. ബോംബും ഫൈറ്റര്‍ വിമാനങ്ങളും ഉണ്ടാക്കാനും പ്രതിരോധ ഗവേഷണങ്ങള്‍ക്കും മുഖ്യഫണ്ടും മനുഷ്യാധ്വാനവും നീക്കിവെക്കേണ്ടിവരുന്നു.
മാനവികതയുടെ ഒന്നാം പാഠം വെളിച്ചമാണെന്നും അകവും പുറവും തെളിയുന്ന വിശുദ്ധിയാണതെന്നും പറഞ്ഞുഫലിപ്പിക്കാന്‍ പറ്റാത്തവിധം പൊതുവിചാരങ്ങളില്‍ നിന്നകന്നുപോവുകയാണ് വെളിച്ചം.
ഇരുട്ടിനോടുള്ള മനുഷ്യരുടെ വന്യമായ ആര്‍ത്തി അവരെ കൂടുതല്‍ അന്ധകാരത്തിലേക്ക് നയിക്കുന്നു. വെളിച്ചം അപരിചിതമാവുന്ന അവസ്ഥയിലേക്കത് കൊണ്ടെത്തിക്കുന്നു.
""മനുഷ്യാ നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാകുന്നു. നിനക്ക് വല്ല തിന്മയും അധികരിച്ചാല്‍ അത് നിന്റെ പ്രവര്‍ത്തികൊണ്ട് തന്നെ ഉണ്ടായതാണ്. നബിയേ, നാം താങ്കളെ എല്ലാ ജനങ്ങള്‍ക്കും റസൂലായി അയച്ചിരിക്കുന്നു. അതിന് സാക്ഷിയായി അല്ലാഹു തന്നെ മതി'' (വി.ഖു. 5:79)
""നബിയേ, ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'' (വി.ഖു. 21:107)
""അല്ലാഹുവിങ്കലേക്ക് അവരെ കല്‍പ്പനയനുസരിച്ച് ക്ഷണിക്കുന്നയാളും പ്രകാശം നല്‍കുന്ന ഒരുവിളക്കും ആയി നാം അയച്ചിരിക്കുന്നു'' (വി.ഖു. 33:46)
ഇരുട്ടിന്നെതിരാണ് നമ്മുടെ ധര്‍മ്മ സമരം. ലോകത്തിന്നാവശ്യം വെളിച്ചമാണ്. അതിന്നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. 2011ലെ സുന്നി യുവജന സംഘം മീലാദ് ക്യാമ്പയിന്‍ ""അന്‍ത നൂര്‍, ഫൗഖ നൂര്‍'' (പ്രവാചകരെ അങ്ങ് പ്രകാശമാണ്, സകല പ്രകാശത്തിനും മുകളിലാണാപ്രകാശം) എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ്.
സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാക്കാന്‍ പ്രവാചക ദര്‍ശനമെന്ന വെളിച്ചം പരിചയപ്പെടുത്തുകയാണ് വേണ്ടത്. ""നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക'' (വി.ഖു. 33:56)
പള്ളികളിലും മദ്റസകളിലും നബിദിന സമ്മേളനങ്ങളിലും അധികമായി നബി(സ)യുടെ ജീവിത ദര്‍ശനങ്ങളും ചരിത്രങ്ങളും ചര്‍ച്ച ചെയ്യുക. ലോക സമാധാനവും ഐശ്വര്യവും പുലര്‍ന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രവാചക ദര്‍ശനങ്ങള്‍ കരുത്തുപകരും. സംഘര്‍ഷങ്ങളാലും പരസ്പര വിദ്വേഷങ്ങളാലും ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങളാലും ലോകം വീര്‍പ്പുമുട്ടുന്നു. പാരതന്ത്രൃമാണ് മനുഷ്യരെ വേട്ടയാടുന്നത്. 2010ല്‍ ലോക നിലവാരത്തില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടു എന്നാണ് പഠനഫലം. 125 ജനാധിപത്യ രാഷ്ട്രങ്ങളില്‍ നിന്ന് 117ലേക്ക് താഴ്ന്നുവത്ര! വംശീയ, വര്‍ഗ്ഗീയ മതകീയ കലാപങ്ങള്‍ കാരണം മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ദൈനം ദിനം നമ്മെ തേടിവരുന്നത്. നന്മയുടെ ഒരുവാക്ക്, ഒരു നറുപുഞ്ചിരി, സഹായ ഹസ്തം, സദ്വിചാരം ഇതൊക്കെ നട്ടുമുളപ്പിച്ചെടുക്കണം. മനുഷ്യ മനസ്സുകളില്‍ സത്യത്തിന്റെ മിനാരങ്ങള്‍ പണിയണം. ഇരുട്ടിന്റെ പ്രതിരൂപമാണ് അസത്യം. സത്യത്തിന്റെ പ്രതിരൂപം പ്രകാശവും.
""തത്രസത്ത്വം നിര്‍മ്മലത്വാത്പ്രകാശകമനാമയം
സുഖ സങ്ഗേന ബധ്നാതി ജ്ഞാന സങ്ഗേന ചാനഘ''
ഹേ, പുണ്യാത്മാവേ മറ്റുള്ളവയെ ഉപേക്ഷിച്ച് വിശുദ്ധാത്മാകയാല്‍ സ്വത്തുഗുണം പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമാണ്. ആ ഗുണത്തില്‍ സ്ഥിതിചെയ്യുന്നവര്‍ സുഖത്താലും ജ്ഞാനത്താലും ബന്ധരാക്കപ്പെടും (ഭഗവത് ഗീത)
സത്യവിശ്വാസികള്‍ക്ക് വിശ്രമിക്കാനാവില്ല. അവര്‍ എന്നും എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളണം. ലോകത്ത് വിളക്കണക്കാന്‍ അധികപേരുണ്ട്. വെളിച്ചം കൊളുത്താന്‍ അത്രയധികം പേരുണ്ടാവണമെന്നില്ല. പ്രവാചകര്‍ (സ) നല്‍കിയ വെളിച്ചം ലോകത്തിന് കൈമാറുക, മാനവ സമൂഹം പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കട്ടെ. അതാണ് ആനന്ദം നല്‍കുന്ന പ്രവൃത്തികള്‍. നബിദിന പരിപാടികള്‍ സമ്മേളനവല്‍ക്കരണങ്ങളാക്കി ചെറുതാവരുത്. സജ്ജന സാന്നിദ്ധ്യങ്ങള്‍ അനിവാര്യമായ ലോകത്തിന് അത് സൃഷ്ടിച്ചെടുക്കാനുള്ള ഉപയോഗപ്പെടുത്തലുകള്‍ കൂടിയാവണം.