തണുത്ത വെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാന് ഉത്തമം. വെറും വെള്ളത്തേക്കാള് നല്ലത്, കടല് വെള്ളമാണ്. തണുപ്പകറ്റുക, അഴുക്ക് നീക്കുക തുടങ്ങിയ ആവശ്യം നേരിട്ടാല് ചൂടുവെള്ളമാണ് ഉത്തമം. (മഹല്ലി: 1/323). മയ്യിത്ത് കുളിപ്പിക്കുന്നവനും സഹായികളും മയ്യിത്തിന്റെ രക്ഷിതാവുമല്ലാത്ത ആരും കുളിപ്പുരയില് പ്രവേശിക്കരുത്. മയ്യിത്തിന്റെ ശരീരത്തില് കാണുന്ന രഹസ്യകാര്യങ്ങള് പരസ്യമാക്കുകയും മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലം നോക്കലും തൊടലും ഹറാമാണ്. അല്ലാത്ത സ്ഥലം നോക്കാതിരിക്കലാണ് സുന്നത്ത്. മയ്യിത്തിന്റെ ശരീരം സ്പര്ശിക്കാതിരിക്കാനായി മയ്യിത്ത് കുളിപ്പിക്കുന്നവന് കൈയില് ശീല ചുറ്റണം. (മുഗ്നി:1/358)
മയ്യിത്തിന്റെ ശരീരമാസകലം വെള്ളം ചേര്ക്കല് നിര്ബന്ധമാണ്. ചേലാകര്മം ചെയ്യാത്ത മയ്യിത്തിന്റെ ലിംഗാഗ്ര ചര്മത്തിലേക്ക് വെള്ളം ചേരുന്നില്ലെങ്കില് തയമ്മും കൂടി ചെയ്തു കൊടുക്കണം. (മുഗ്നി: 1/158) അതു നിര്ബന്ധമാണ്. കുളിയുടെ ആദ്യമോ കുളി കഴിഞ്ഞോ തയമ്മുമാകാം. കുളിപ്പിക്കുമ്പോള് മയ്യിത്തിനെ കട്ടിലില് കിടത്തലും കട്ടിലിന്റെ തലഭാഗം അല്പം ഉയര്ത്തലും സുന്നത്താണ്. രക്തസാക്ഷിയല്ലാത്ത എല്ലാ മുസ്ലിം മയ്യിത്തിനെയും കുളിപ്പിക്കല് നമുക്ക് നിര്ബന്ധമാണ്. ഒരാള് വെള്ളത്തില് വീണുമരിച്ചു അല്ലെങ്കില് ഒരു മയ്യിത്തിനെ മലക്കുകള് കുളിപ്പിക്കുന്നത് നാം കണ്ടു, എന്നാലും ആ മയ്യിത്തിനെ കുളിപ്പിക്കല് നമുക്ക് നിര്ബന്ധം തന്നെ. (ഫത്ഹുല് മുഈന്:107) കുളിപ്പിക്കാന് കഴിയാതെ വന്നാല് തയ്യമ്മും ചെയ്യണം. കുളിപ്പിക്കാനോ തയമ്മും ചെയ്തു കൊടുക്കാനോ സാധിക്കാത്ത മയ്യിത്തിന്റെ പേരില് നടത്തപ്പെടുന്ന നിസ്കാരം സാധുവാവുകയില്ല.
മയ്യിത്ത് കുളിക്ക് നിയ്യത്ത് നിര്ബന്ധമില്ല. (നിഹായ 2/442 ) സുന്നത്താണ്. എന്നാല് വുളുവിന് നിയ്യത്ത് നിര്ബന്ധമാണ്. മയ്യിനെ ആരു തൊട്ടാലും മയ്യിത്തിന്റെ വുളു മുറിയുകയില്ല. കുളിപ്പിച്ച ശേഷം മുന്ദ്വാരത്തില് കുടിയോ പിന്ദ്വാരത്തില് കൂടിയോ വല്ലതും പുറപ്പെട്ടാല് കഴുകിയാല് മതി. വുളു മടക്കേണ്ടതില്ല. (ഫത്ഹുല് മുഈന്: 107) ആര്ത്തവമുള്ളപ്പോള് കുളിപ്പിക്കുന്നതിനോ അതില് സഹായിക്കുന്നതിനോ വിരോധമില്ല. വലിയ അശുദ്ധിയോടെ മരണപ്പെട്ടാല് മയ്യിത്ത്കുളി മാത്രം മതിയാകുന്നതാണ്. മയ്യിത്തിന്റെ നഖങ്ങളും മുടികളും നീക്കരുത്. പിരിഞ്ഞ മുടികള് കഴുകി കഫന്പുടയില് വെക്കേണ്ടതാണ്.
ഒരാള് അവയവങ്ങള് ചിന്നിച്ചിതറി മരിക്കുകയും വ്യത്യസ്ത ഘട്ടങ്ങളില് ഓരോ അവയവങ്ങള് കിട്ടുകയും ചെയ്താല് കിട്ടിയതിന് (വേറെ വേറെയെങ്കില്) കഫന്ചെയ്യലും കുളിപ്പിക്കലും നിസ്കരിക്കലും മറവ് ചെയ്യലും നിര്ബന്ധമാണ്. എന്നാല് നിസ്കാരത്തില് ഈ ജനാസയുടെ പേരില് നിസ്കരിക്കുന്നു എന്നു കരുതണം. ജീവനുള്ള വ്യക്തിയില് നിന്നും പിരിഞ്ഞു കിട്ടിയ അവയവമാണെങ്കില് മറവ് ചെയ്താല് മാത്രം മതി.
മനുഷ്യരൂപം പൂര്ണത പ്രാപിക്കാതെ പ്രസവിക്കപ്പെട്ട മനുഷ്യകുട്ടിയെ മറവ് ചെയ്യല് സുന്നത്താണ്. മനുഷ്യരൂപം പൂര്ണമായ ശേഷം ജീവനില്ലാതെ പ്രസവിക്കപ്പെട്ടാല് നിസ്കാരമല്ലാത്ത എല്ലാ കാര്യവും ചെയ്യല് നിര്ബന്ധമാണ്. പ്രസവ സമയം ശബ്ദമോ അനക്കമോ ഉണ്ടായ ശേഷം മരിച്ചതാണെങ്കില് നിസ്കാരമുള്പ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യല് നിര്ബന്ധമാണ്. (മുഗ്നി:1/350-351)
പുരുഷ മയ്യിത്ത് കുളിപ്പിക്കാന് പുരുഷനും സ്ത്രീ മയ്യിത്ത് കുളിപ്പിക്കാന് സ്ത്രീക്കുമാണ് അര്ഹത. പുരുഷന്മാരുടെ മയ്യിത്ത് സ്ത്രീകള്ക്കോ സ്ത്രീകളുടെ മയ്യിത്ത് പുരുഷന്മാര്ക്കോ കുളിപ്പിക്കാന് പാടില്ല. എന്നാല് ഭര്ത്താവിനെ ഭാര്യക്കും ഭാര്യയെ ഭര്ത്താവിനും കുളിപ്പിക്കാവുന്നതാണ്. (മുഗ്നി: 1/334,335)
മയ്യിത്ത് കുളിപ്പിക്കാന് ഏറ്റവും നല്ലത് താഴെ പറയുന്നവരാണ്. മയ്യിത്ത് പുരുഷന്റേതാണെങ്കില് പിതാവ്, പിതാമഹന്, മകന്, പേരമകന് (പൗത്രന്), സഹോദരന്, സഹോദരപുത്രന്, പിതൃവ്യന് അവരുടെ ആണ്മക്കള്, ഇതര കുടുംബാദികള്, അന്യപുരുഷന്മാര് എന്നീ ക്രമത്തിനനുസരിച്ച് സ്ത്രീയാണെങ്കില് ഉമ്മ, ഉമ്മയുടെ ഉമ്മ, മകള്, മകളുടെ മകള്, പിതൃസഹോദരി, മാതൃ സഹോദരി, അവരുടെ പെണ്മക്കള്, അന്യസ്ത്രീകള്, ഭര്ത്താവ്,
കുളിപ്പിക്കുന്നതിന്റെ പൂര്ണരൂപം
ജന ദൃഷ്ടിയില് നിന്ന് മറയും വിധം പ്രത്യേക സ്ഥലത്ത് കട്ടിലോ പലകയോ ഒരു ഭാഗമുയര്ത്തി മയ്യിത്തിന്റെ തല ഉയര്ന്ന ഭാഗത്താക്കി മലര്ത്തിക്കിടത്തുക. ശരീരം മുഴുവന് വസ്ത്രം കൊണ്ട് മൂടുക. കുളിപ്പിക്കുന്നവന് മയ്യിത്തിന്റെ ഇടത് ഭാഗത്ത് നില്ക്കുക. പിന്നീട് മയ്യിത്തിനെ താങ്ങി മയ്യിത്തി കുളിപ്പിക്കുന്നവന്റെ വലത് മുട്ടുകാല് മയ്യിത്തിന്റെ മുതുകിനോട് ചേര്ത്തി കട്ടിലില് കയറ്റിവെക്കുക. വലതുകൈ തള്ളവിരല് പിരടിക്കുഴിയിലാകും വിധം പിടിക്കുക. ഇടതു കൈകൊണ്ട് വയര് അമര്ത്തി ആവര്ത്തിച്ചു തടവുക. തദവസരം മലമൂത്ര വിസര്ജ്ജന സാധ്യതയുള്ളതിനാല് ധാരാളം വെള്ളം ഒഴിക്കുകയും സുഗന്ധ ദ്രവ്യം പുകപ്പിക്കുകയും വേണം. ശേഷം ആദ്യ രൂപത്തില് മലര്ത്തിക്കിടത്തുക. ഇടതു കൈയില് ശീല ചുറ്റി മുന്ദ്വരവും പിന്ദ്വാരവും ശുദ്ധിയാക്കണം. പിന്നീട് മയ്യിത്തില് ചുറ്റിയ ശീല മാറ്റി പുതിയ ശീല ചുറ്റി ചൂണ്ട്വിരല് കൊണ്ട് വായ തുറക്കാതെ പല്ലില് മാത്രം ഉരക്കുക. ചെറുവിരല് കൊണ്ട് മൂക്കിലുള്ള അഴുക്കുകള് നീക്കുക. ചകിരി, ബ്രഷ് പോലുള്ളത് കൊണ്ട് മിസ്വാക്ക് ചെയ്തുകൊടുക്കരുത്.
പിന്നീട് പരിപൂര്ണ വുളൂഅ് ഉണ്ടാക്കിക്കൊടുക്കുക. മയ്യിത്തിന് വുളൂഅ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന നിയ്യത്ത് ചെയ്താല് മതി. വുളൂഇന്റെ എല്ലാ സുന്നത്തുകളും നിര്വഹിക്കണം. എങ്കിലും ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കാന് വേണ്ടി വായില് വെള്ളം കുപ്ലിക്കുമ്പോള് തല ചെരിക്കണം.
നഖത്തിനിടയിലെ ചെളി മയമുള്ള കൊള്ളി കൊണ്ട് നീക്കണം. സോപ്പോ താളിയോ ചേര്ന്ന വെള്ളം കൊണ്ട് താടി ഉള്പ്പെടെ തലകഴുകണം. തദവസരം പല്ലകന്ന ചീര്പ്പ് കൊണ്ട് താടിയും തലമുടിയും ചീകണം. പിന്നീട് വലത്തെ മുന്ഭാഗം പിരടി മുതല് പാദം വരെ സോപ്പ് വെള്ളം കൊണ്ട് കഴുകണം. ശേഷം ഇടതു മുന്ഭാഗവും അപ്രകാരം കഴുകണം. ശേഷം ഇടതു മുന്ഭാഗവും അപ്രകാരം കഴുകണം. പിന്നീട് മയ്യിത്തിനെ ഇടത് ഭാഗത്തേക്ക് ചെരിച്ച് കിടത്തി വലത്തെ പിന്ഭാഗം പിരടിമുതല് പാദംവരെ സോപ്പ് വെള്ളം കൊണ്ട് കഴുകുക. പിന്നീട് വലതു ഭാഗത്തേക്ക് തിരിച്ചു കിടത്തി ഇടത് പിന്ഭാഗവും അപ്രകാരം കഴുകണം. പിന്നീട് മലര്ത്തിക്കിടത്തി തല മുതല് കാല് വരെ ഒരു പ്രാവിശ്യം വെള്ളമൊഴിക്കണം. പിന്നീട് ഫര്ളായ കുളിയെ ഞാന് കുളിപ്പിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് ശുദ്ധമായ വെള്ളം തല മുതല് കാല് വരെ മൂന്ന് തവണ ഒഴിക്കുക. അവസാന ഘട്ടത്തില് അല്പം കര്പൂരം ചേര്ത്ത വെള്ളം ഒഴിക്കുവാന് പറഞ്ഞ രീതിയിലോ മയ്യിത്തിനെ ഇരുത്തിയോ ഒഴിക്കാവുന്നതാണ്. പിന്നീട് നല്ല ശീല കൊണ്ട് ശരീരമാസകലം തോര്ത്തണം. (മഹല്ലി: 1/323-324)
കഫന് ചെയ്യല്
ജീവിതകാലത്ത് ധരിക്കാന് അനുവദനീയമായ വസ്ത്രം കൊണ്ടാണ് കഫന് ചെയ്യേണ്ടത്. അതു വെളുത്തതും അലക്കിയതുമായിരിക്കല് സുന്നത്താണ്. ശരീരമാസകലം മറക്കുന്ന ഒരു തുണിയാണ് നിര്ബന്ധം. സ്ത്രീയാണെങ്കില് ഒരു മുഖമക്കനയും, നീളന് കുപ്പായവും അരയുടുപ്പും ശരീരം മുഴുവന് മറക്കാന് കഴിയുന്ന രണ്ട് കഷ്ണം തുണിയുമാണുത്തമം. പുരുഷനാണെങ്കില് മൂന്ന് കഷ്ണം തുണിയും എന്നാല് അവയുടെ താഴെ ഒരു തലപ്പാവും നീളന് കുപ്പായവും അനുവദനീയമാണ്.
രണ്ട് പേര്ക്കും അനുവദനീയമായ വസ്ത്രങ്ങള് ധരിപ്പിച്ച ശേഷം കഫന്പുടയില് മയ്യിത്തിനെ മലര്ത്തിക്കിടത്തണം. തുണിയുടെ ഇടതു ഭാഗത്തേക്കും മടക്കി മയ്യിത്ത് പൊതിയേണ്ടതാണ്. അതിനു മുമ്പ് എല്ലാ ദ്വാരങ്ങളിലും സുജൂദില് നിലത്തു വെക്കുന്ന എല്ലാ അവയവങ്ങളിലും ഉലുവാന് പുകപ്പിച്ച പരുത്തി വെക്കണം. കഫന് തുണികളും സുഗന്ധം പുകപ്പിക്കല് സുന്നത്താണ്. കഫന് ചെയ്താല് കാല്, തല, നടു എന്നിവിടങ്ങളില് കെട്ടുകയും ഖബറില് വെച്ച് പ്രസ്തുത കെട്ടുകള് അഴിക്കുകയും വേണം. മയ്യിത്തിന്റെ കൂടെ തീ കൊണ്ടു പോവലും രോഗം പോലുള്ള കാരണം കൂടാതെ വാഹനത്തില് പോകലും കറാഹത്താണ്. മയ്യിത്ത് കൊണ്ടുപോവുമ്പോള് ദിക്ര് ചൊല്ലല് സുന്നത്താണ്. അനാവശ്യ സംസാരങ്ങളും മറ്റും തടയാന് അതുപകരിക്കും. മയ്യിത്തുമായി വേഗം നടക്കലാണ് സുന്നത്ത്, മയ്യിത്തിനെ നിന്ദിക്കുമാറ് ഓടരുത്. ജനാസയെ അനുഗമിക്കല്, മയ്യിത്ത് നിസ്കാരം, മറവുചെയ്യല് തുടങ്ങിയ മരണാനന്തര കര്മങ്ങളില് മൃദുവനായി പങ്കെടുക്കല് ശ്രമിക്കണം. അങ്ങനെ പങ്കെടുത്തവര്ക്ക് രണ്ട് ഖിറാത്താണ് പ്രതിഫലം. ഒരു ഖിറാത്ത് തന്നെ ഉഹ്ദ് മലയോളം വലിപ്പമുണ്ടാകും. അഥവാ ഉഹ്ദ് മല രണ്ട് കൂടിയത്രെ പ്രതിഫലം മയ്യിത്തിനെ പൂര്ണമായി പരിപാലിച്ചവര്ക്ക് ലഭിക്കുമെന്ന ഇമാം ബുഖാരി റിപ്പോര്ട്ട് ചെയ്തിട്ടുള്ള ഹദീസില് നിന്ന് മനസ്സിലാക്കാം. (മഹല്ലി:1/330)