സകാത്തും സാമൂഹിക സമൃദ്ധിയും

മനുഷ്യന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുടെ അടിസ്ഥാനമായി ഇസ്ലാം കാണുന്നത് വിതരണരംഗത്തെ അസന്തുലിതാവസ്ഥയാണ്. അതു പരിഹരിക്കാനുള്ള പ്രഥമ നിര്ദ്ദേശമാണ് സകാത്ത്. സമൂഹം നേരിടുന്ന സാമ്പത്തിക പരാധീനതകള് പരിഹരിച്ച് സമത്വവും സുസ്ഥിതിയും കൊണ്ടു വരികയെന്നതാണ് സകാത്തു കൊണ്ടുദ്ദേശിക്കപ്പെടുന്നത്. പുറമെ പരസ്പര സ്നേഹവും വ്യക്തിവിശുദ്ധിയും കൈവരിക്കാനും സഹായകമാവുന്നു.
സാമ്പത്തിക പ്രശ്നങ്ങള് പരിഹരിക്കാന് വേണ്ടി മാത്രം രൂപം കൊണ്ട മുതലാളിത്തം വഴി ഉല്പാദന രംഗത്ത് വന് കുതിച്ചുചാട്ടം സാധ്യമായെങ്കിലും സാമൂഹിക തലത്തില് കടുത്ത അസമത്വവും അസന്തുലിതാവസ്ഥയുമാണുണ്ടായത്. മൂലധനവും സാങ്കേതിക വിദ്യകളും കൈക്കലാക്കിയ ധനികര് പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ പടുകഴിയിലേക്ക് തള്ളിയിട്ടു. അതിനെതിരെ രംഗത്തു വന്ന കമ്യൂണിസം മുതലാളിത്ത വിപാടനത്തിനുവേണ്ടി മുതലാളിമാരെ വര്ഗ്ഗ ശത്രുക്കളായി പ്രഖ്യാപിച്ച് അവരില് നിന്ന് പിടിച്ചു പറിക്കുകയും സമൂഹത്തെ നിരന്തരം വഴക്കടിക്കുന്ന വിഭാഗങ്ങളാക്കി തിരിക്കുകയുമായിരുന്നു. സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളായ പരസ്പര സഹകരണം, സ്നേഹം, കാരുണ്യം എന്നിവയാണിവിടെ ഹനിക്കപ്പെടുന്നത്.
ഒരു സമൂഹത്തില് ധനികരും ധനാഢ്യരുമുണ്ടാവുക സ്വാഭാവികമാണ്. ഏതൊരാള്ക്കും ധനം സമ്പാദിക്കാനും ശേഖരിക്കാനുമുള്ള അവകാശമുണ്ട്. തന്റെ ത്രാണിക്കും കഴിവിനും അനുസരിച്ചാണത് നേടുന്നത്. മനുഷ്യന് കഴിവും സാമര്ത്ഥ്യവും ഭിന്ന അളവിലാവുകയും സ്വതന്ത്രമായ സമ്പാദനാവകാശം വകവെച്ചുകൊടുക്കുകയും ചെയ്താല് പിന്നെ സമ്പാദ്യത്തില് ഭിന്നത സ്വാഭാവികമാണ്. ഒരാള് സമ്പന്നനായത് അയാളുടെ കുറ്റമായി ഗണിക്കാന് ഏതായിരുന്നാലും നിര്വ്വാഹമില്ലല്ലോ. ദരിദ്രന് നിര്ധനത്വത്തിന്റെ പേരില് പുഛിക്കപ്പെടേണ്ടവനുമല്ല. അനിവാര്യമായ രണ്ടു വിഭാഗം പരസ്പരം ശത്രുക്കളല്ല മറിച്ച് പരസ്പരം ആശ്രിതരാണ്. രണ്ടു വിഭാഗത്തിന്റെ പരസ്പര സഹകരണത്തിലും സ്നേഹത്തിലുമാണ് സമൂഹത്തിന്റെ അഭിവൃദ്ധി നിലനില്ക്കുന്നത്. ധനികന് തന്റെ സമ്പത്തിന്റെ ഒരു വിഹിതം ദരിദ്രനു നല്കുമ്പോള് ഇരുവിഭാഗവും തമ്മിലുള്ള സ്നേഹവും സൗഹാര്ദ്ദവും ശക്തിപ്പെടുന്നു. അതുവഴി ആരോഗ്യപൂര്ണമായ ഒരു സമൂഹത്തെ രൂപപ്പെടുത്താന് സഹായിക്കുന്നു.
സകാത്ത് സമ്പന്നന്റെ ഔദാര്യമല്ല നിര്ധനന്റെ അവകാശമാണ്. സ്വമേധയാ അവനതു നല്കാത്തപക്ഷം ഭരണകൂടം ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങണം. ''അവരുടെ ധനത്തില് നിര്ധനര്ക്കും ചോദിക്കുന്നവര്ക്കും അവകാശമുണ്ട്.'' (ഖു: 51:19) ഇതു സ്വീകരിക്കുന്നതിലൂടെ ദരിദ്രനു യാതൊരു അഭിമാന പ്രശ്നവുമില്ല. കാരണം അവകാശങ്ങള് ചോദിച്ചുവാങ്ങുന്നത് യാചനയായോ അനുഭവിക്കുന്നത് അപമാനമായോ ആരും വിലയിരുത്താറില്ല. മാത്രമല്ല ഗവണ്മെന്റില് നിന്നാണവനിത് ഏറ്റുവാങ്ങുന്നത്. ഗവണ്മെന്റ് 'ഔദാര്യമായി' നല്കുന്ന പെന്ഷന് അഭിമാനപ്രശ്നം കാരണം ആരും വേണെ്ടന്നു വെക്കാറില്ലല്ലോ. ഇസ്ലാമിക ഗവണ്മെന്റ് ഇല്ലാത്തിടത്ത് നേരിട്ട് വാങ്ങുകയല്ലാതെ വേറെ വഴികളില്ലല്ലോ. അവകാശികളെ ഖുര്ആന് വ്യക്തമായി പ്രതിപാദിച്ചതു കാരണം, അവകാശികളിലൊരു വിഭാഗമെങ്കിലും നിലനില്ക്കുന്ന കാലത്തോളം ഇതര മേഖലകളിലേക്കതിനെ തിരിച്ചുവിടാന് യാതൊരു ന്യായീകരണവും കാണുന്നില്ല.