ഇസ്ലാമും ഇതര സാമ്പത്തിക വ്യവസ്ഥിതികളും

മുതലാളിത്തവ്യവസ്ഥ
ബ്രിട്ടീഷ് ചിന്തകനായ ആഡംസ്മിത്ത് എട്ടാം നൂറ്റാണ്ടില് മുന്നോട്ട് വെച്ച ആശയമാണ് മുതലാളിത്ത വ്യവസ്ഥക്കാധാരം. പ്രകൃതി വിഭവങ്ങളെ പരമാവധി ചൂഷണം ചെയ്ത് ഉദ്പാദനരംഗത്ത് വന് പുരോഗതി നേടിയെടുക്കുകയെന്നതാണ് ക്യാപിറ്റലിസത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. സാമ്പത്തിക രംഗത്ത് ഭരണകൂടത്തിന്റെ സകല നിയന്ത്രണങ്ങളും വിഛേദിച്ച്, സ്വകാര്യ വ്യക്തികള്ക്ക് പൂര്ണ്ണ ഉടമസ്ഥാവകാശം നല്കുകയെന്നതാണവരിതിന് വേണ്ടി നല്കുന്ന നിര്ദ്ദേശങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത്.
സമ്പാദന മാര്ഗങ്ങള് പരമാവധി തുറന്നു കൊടുക്കുകയും വിനിയോഗ മാര്ഗങ്ങള് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സംവിധാനം ഏറ്റവും കുറഞ്ഞ മുതല്മുടക്കില് പരമാവധി ലാഭം കൊയ്യാനുള്ള കര്മ്മ പദ്ധതികളാണവിഷ്കരിച്ചത്. സമ്പത്തിന് അപ്രമാദിത്വം കൈവന്നതോടെ തൊഴിലാളി, മാനുഷിക മുഖം നഷ്ടപ്പെട്ട കേവലം പണിയായുധമായി തരംതാഴുകയും, വളരെ കുറഞ്ഞ വേതനത്തിന് എട്ടും പത്തും മണിക്കൂറുകള് എല്ലുമുറിയെ പണിയെടുക്കാന് നിര്ബന്ധിതനാവുകയും ചെയ്തു. ഏറ്റവും ചെലവുകുറഞ്ഞ ധനാഗമന മാര്ഗങ്ങളായ പലിശ, കൊള്ളലാഭം, ഉല്പന്നങ്ങളുടെ ഡിമാന്റ് വര്ദ്ധിപ്പിക്കാനുള്ള പൂഴ്ത്തിവെപ്പ് എന്നിവയാണ് മുതലാളിത്തത്തിന്റെ അസ്തിവാരങ്ങള്. ജോലി ഭാരം പേറി നടുവൊടിഞ്ഞ് എണീറ്റു നില്ക്കാന് പാടുപെടുന്ന തൊളിലാളികളുടെ മേലാണ് ഇത്തരം വിഴുപ്പുഭാണ്ഡങ്ങള് വെച്ചുകെട്ടപ്പെട്ടത്.
മൂലധനവും സാങ്കേതിക വിദ്യകളും കൈവശപ്പെടുത്തിയ മുതലാളിത്ത വര്ഗത്തിന്റെ കളിപ്പാവകളായി ദരിദ്രനിര ഗണിക്കപ്പെട്ടു. മനുഷ്യന്റെ ആര്ത്തിയും പണക്കൊതിയും രൗദ്രഭാവം പൂണ്ട് പരസ്പര മത്സരവും കുതികാല്വെട്ടും സാമൂഹ്യജീവിതത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനമായി മാറി എന്നതായിരുന്നു ഇതിന്റെ ഫലം.
കമ്യൂണിസവും സാമ്പത്തിക സമത്വവും
ക്യാപിറ്റലിസത്തിന്റെ മറവില് യൂറോപിലെ സാമ്പത്തിക ക്രമങ്ങളില് വിപ്ലവാത്മക മാറ്റങ്ങളുണ്ടായി. തൊഴിലാളികള് മനുഷ്യത്വരഹിതമായ ചൂഷണങ്ങള്ക്ക് വിധേയരായപ്പോള് അവര്ക്കനുകൂലമായ ഒരു ചിന്താപ്രസ്ഥാനം ഉടലെടുത്തു. 1948ല് ആഗ്ലേയ ചിന്തകരായ സെന്റ് സൈമനും റോബര്ട്ട് ഓവനും ഫ്രഞ്ച് ചിന്തകനായ ഫ്യൂരിയും തുടക്കമിട്ട ആശയം 1867 ല് കാറല് മാര്ക്സിന്റെ കമ്യൂണിസ്റ്റ് മാനിലഫെസ്റ്റോയും ദാസ് ക്യാപിറ്റലും പ്രസിദ്ധീകൃതമാവുന്നതോടെ കമ്യൂണിസത്തിന് ഒരു വ്യവസ്ഥാപിത ചിന്താ പ്രസ്ഥാനത്തിന്റെ രൂപം കൈവന്നു.
മനുഷ്യന്റെ സാമ്പത്തിക വ്യവഹാരങ്ങള്ക്കു തന്നെയാണ് കമ്യൂണിസവും പ്രാധാന്യം നല്കുന്നത്. ക്യാപിറ്റലിസം സാമ്പത്തിക പരാധീനതകള്ക്ക് പരിഹാമായി പരമാവധി ഉല്പാദനത്തെ നിര്ദ്ദേശിച്ചപ്പോള് കമ്യൂണിസം വിതരണരംഗത്തെ സന്തുലിതത്വമാണ് നിര്ദ്ദേശിച്ചത്. വ്യക്തി ഉടമാവകാശത്തെ പൂര്ണമായി നഷേധിക്കുന്ന കമ്യൂണിസം സമ്പത്തിന്റെ നിയന്ത്രണാധികാരം പൂര്ണമായും ഭരണകൂടത്തെയാണേല്പ്പിക്കുന്നത്. ഒരു ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഉപഭോക്താവിനതിനുള്ള ഡിമാന്റോ അതിന് വിനിയോഗിക്കപ്പെട്ട ചെലവോ അല്ല. മറിച്ച് ഗവണ്മെന്റ് നിശ്ചയിക്കുന്നതിനനുസരിച്ചാണ്. ഓരോ തൊഴിലാളിക്കും വ്യക്തിക്കും രാഷ്ട്രത്തിന്റെ വരുമാനത്തില് നിന്ന് നിശ്ചിത വിഹിതം നല്കപ്പെടുന്നു. സ്റ്റൈറ്റിന്റെ സ്വാധീനം ക്രമേണ മന്ദീഭവിക്കുകയും സ്വയം നിയന്ത്രിതരാവുന്ന ഒരു സമൂഹം നിലവില്വരുകയും ചെയ്യുന്നു.
ജീവിതത്തെ ഉദരപൂരണത്തിനുള്ള ഉപാധിയായാണ് കമ്യൂണിസം വിലയിരുത്തിയത്. തൊട്ടില് മുതല് കട്ടില് വരെയുള്ള ഓരോ ചലനങ്ങള്ക്കും സാമ്പത്തികാടിസ്ഥാനത്തില് പുനര്വ്യാഖ്യാനം നല്കപ്പെട്ടു. സമൂഹത്തെ ചൂഷിതരും ചൂഷകരുമെന്നിങ്ങനെ രണ്ടായി പിളര്ത്തി. തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ വര് വിരോധികളായ മുതലാളിമാര്ക്കെതിരെ സായുധ സമരങ്ങള് സംഘടിപ്പിച്ചു. അവര്ക്കു വളക്കൂറുള്ള മണ്ണില് തഴച്ചു വളര്ന്നു.
സുമോഹന വാഗ്ദാനങ്ങളുമായി കടന്നുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം 1919 ല് റഷ്യയിലെ ബോള്ഷെവിക് വിപ്ലവത്തോടെ, സാങ്കല്പിക ലോകത്തു നിന്ന് പ്രായോഗിക മേഖലയിലേക്ക് കാലെടുത്തു വെച്ചതോടെ അതിന്റെ അന്തസ്സാര ശൂന്യത വെളിച്ചത്തുവന്നു തുടങ്ങി. ഭരണകൂട വിഹിതക്കാര് പുതിയ ചൂഷക വിഭാഗമായി രൂപപ്പെട്ടു. വ്യക്തി ഉടമാവകാശത്തിന്റെ അഭാവത്തില് പൊതുധനവളര്ച്ചയിലുള്ള ഉത്സാഹം മന്ദീഭവിച്ചതോടെ സാമ്പത്തിക രംഗത്ത് ശക്തമായ മുരടിപ്പ് അനുഭവപ്പെട്ടു. ദൈവവിശ്വാസത്തിന്റെ അഭാവത്തില് തഴച്ചുവളര്ന്നു വന്ന ധര്മ്മച്യുതിയും അനാശാസ്യ പ്രവണതകളും നിയന്ത്രിക്കാനാവാതെ കമ്യൂണിസ്റ്റ് റഷ്യ മുഖം കുത്തി വീണു. ചൈനയിലെ വര്ദ്ധിച്ച പട്ടിണിക്കും സാമ്പത്തികമാന്ദ്യത്തിനും കാരണം കമ്യൂണിസമാണെന്ന് മനസ്സിലാക്കിയതിനാല് അവര് നേരത്തെ ചുവട് മാറ്റവും സാമ്പത്തിക പരിഷ്കരണങ്ങളുമാരംഭിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് പേരിലെങ്കിലും ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലനില്ക്കുന്നുവെന്ന് ഗണിക്കപ്പെടാന് വകയുണ്ടായി.
നൂതന പ്രവണതകള്
കമ്യൂണിസ്റ്റ് റഷ്യയുടെ പതനത്തോടെ, തങ്ങളെ നേരിടാന് എല്ലുറപ്പുള്ള ഒരു എതിര്ചേരിയില്ലെന്ന ഭാവത്തോടെ വികസ്വര രാഷ്ട്രങ്ങളുടെമേല് പിടിമുറുക്കാനുള്ള നിതാന്ത ജാഗ്രതയിലാണ് വികസിത രാഷ്ട്രങ്ങള്. ശാക്തിക സാമ്പത്തിക മേഖലകളെ ആകമാനം ചൂഴ്ന്നു നില്ക്കുന്നതാണ് യജ്ഞം. മൂന്നാംകിട രാഷ്ട്രങ്ങളുടെ വിഭവങ്ങള് ഊറ്റിയെടുത്ത് അവിടങ്ങളില് വിപണന മാര്ക്കറ്റുകള് വികസിപ്പിച്ചെടുക്കാനുള്ള അഭിനവ സാമ്രാജ്യത്വ താല്പര്യങ്ങളാണ് ഇവക്കു പിന്നിലുള്ളത്.
സാമ്രാജ്യത്വ മോഹങ്ങള്ക്ക് കീഴ്പ്പെടാത്ത രാഷ്ട്രങ്ങളെ ശത്രുനിരയിലണി നിരത്തി അവര്ക്കെതിരെ സാമ്പത്തിക ഉപരോധങ്ങളും സമരകാഹളങ്ങളും മുഴക്കി കീഴ്പ്പെടുത്തുക. പ്രാദേശിക പ്രശ്നങ്ങളില് ഇടങ്കോലിട്ട് ഊതിവീര്പ്പിക്കുക, സൈനിക സാമ്പത്തിക സഹായങ്ങള് വാരിക്കോരി കൊടുത്ത് എതിര്ക്കാനുള്ള ആര്ജ്ജവം നശിപ്പിച്ച് അടിമകളാക്കി മാറ്റുക എന്നിവയെല്ലാം അതിനുള്ള കര്മ്മ പദ്ധിതികളാണ്. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന് കാറ്റില് പറത്തി ഇറാഖിനെ ആക്രമിച്ചതിന്റെ പിന്നില് ലോകരാഷ്ട്രങ്ങളുടെ മുമ്പില് കരുത്ത് തെളിയിക്കലും എണ്ണപ്പാടങ്ങള് കൈവശപ്പെടുത്തലുമായിരുന്നു അമേരിക്കയും സഖ്യകക്ഷികളും ലക്ഷ്യമിട്ടിരുന്നതെന്ന് ആര്ക്കും അവ്യക്തമല്ല.
ആനുകൂല്യങ്ങള് നല്കി അടിമകളാക്കി മാറ്റുകയെന്ന ആശയം തന്നെയാണ് നിര്ധന രാഷ്ട്രങ്ങളുടെ പരാധീനതകളകറ്റാനെന്ന പേരില് രൂപീകൃതമായ ലോകബാങ്കിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് അതിന്റെ നിയമവ്യവസ്ഥകള് പരിശോധിച്ചാല് വ്യക്തമാവും. ധനസഹായം സ്വീകരിക്കുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക കാര്യങ്ങളില് ഇടപെടാനും, അവര്ക്കനുസൃതമായി പുതിയ പദ്ധതികള് ക്രമപ്പെടുത്താനുമുള്ള അവസരം നല്കുകയെന്നതാണ് അവയിലൊന്ന്. ഗാട്ട് കരാറിലൂടെയും ലക്ഷ്യമിട്ടത് ഇതു തന്നെയായിരുന്നു.
ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം
മനുഷ്യന്റെ ഐഹിക പാരത്രിക നേട്ടങ്ങള്ക്ക് ഒരുപോലെ പ്രാധാന്യം നല്കുന്ന ഒരു സമ്പൂര്ണ്ണ സംവിധാനമാണിസ്ലാം. ഇതര മേഖലകളെ പോലെ ഭൗതിക ജീവിതത്തിന്റെ അനുപേക്ഷണീയ ഘടകങ്ങളിലൊന്നായ സാമ്പത്തിക രംഗങ്ങള്ക്കും അര്ഹമായ പ്രാധാന്യം നല്കുന്നു. സാമ്പത്തിക സമഭാവനയും സന്തുലിതത്വവും ലക്ഷ്യമിടുന്ന സകാത്തിന് കര്മാനുഷഠാനങ്ങളില് മൂന്നാം സ്ഥാനമാണിസ്ലാം നില്ക്കുന്നത്.
സമ്പത്തിന്റെ യഥാര്ത്ഥ ഉടമ അല്ലാഹുവാണെന്നും ഭൂമിയില് അവന്റെ പ്രതിനിധിയായ മനുഷ്യന് അതിന്റെ വിനിമയാവകാശം മാത്രമാണുള്ളതെന്നുമാണതിന്റെ അടിസ്ഥാന വീക്ഷണം. എല്ലാവര്ക്കും തുല്യമായ അളവിലല്ല സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയായാല് ധനത്തിന്റെ വില ആര്ക്കും മനസ്സിലാവുകയുമില്ലല്ലോ. എന്നാല് ഏതൊരാള്ക്കും തന്റെ അധ്വാനശേഷിയും സാമര്ത്ഥ്യവുമുപയോഗിച്ച് ധനം ശേഖരിക്കാനും കൈവശം വെക്കാനുമുള്ള അവകാശമുണ്ട്. എത്ര ഭംഗിയായി അതു ചെലവഴിക്കുന്നു എന്നതാണ് അല്ലാഹു വീക്ഷിക്കുന്നത്. പൊതുജനക്ഷേമം, സാധുസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പാവന മാര്ഗങ്ങള്ക്ക് വേണ്ടി വിനിയോഗിക്കുന്നത് ഉല്കൃഷ്ടകരവും നിര്ധനര്ക്ക് അര്ഹമായ അവകാശം പോലും തടഞ്ഞുവെച്ച് പണക്കൂമ്പാരത്തിനു കാവലിരിക്കുന്നത് മഹാപാപവുമായാണിസ്ലാം വീക്ഷിക്കുന്നത്.
ഏതെല്ലാം രീതികളില് ധനം സമ്പാദിക്കാമെന്നും ഏതുവിധേന അതു കൈമാറുകയും വിനിയോഗിക്കുകയും ചെയ്യാമെന്നും വളരെ വ്യക്തമായ വ്യവസ്ഥകളുണ്ട്. അന്യന്റെ അധ്വാനഫലത്തില് നിന്ന് ഒരു നയാപൈസപോലും അനധികൃതമായ മാര്ഗ്ഗങ്ങളിലൂടെ കൈപ്പറ്റുന്നത് മഹാപപമാണ്. പലിശ, പൂഴ്ത്തിവെപ്പ്, വഞ്ചന തുടങ്ങിയ അവിശുദ്ധ മാര്ഗങ്ങളുപയോഗിച്ച് ധനം ശേഖരിക്കുന്നതിനെ മഹാപാതകമായാണ് കാണുന്നത്. ധനം അന്യര്ക്ക് ദാനം നല്കുന്നത് ശ്രേഷ്ഠമായ പുണ്യകര്മവും ഒരു നിശ്ചിത അളവെത്തിയാല് ദാനം ചെയ്യല് നിര്ബന്ധവുമാണ്.