പഞ്ചസ്തംഭങ്ങളില് ഒടുവിലത്തതാണല്ലോ ഹജ്ജ്. അതുകൊണ്ടുതന്നെ ഇസ്ലാം ദീര്ഘവീക്ഷണം ചെയ്യുന്ന ഒരു സമൂഹത്തിനാവശ്യമായ സൂക്ഷ്മവും കണിശവുമായ നിരവധി ഗുണങ്ങള് ഹജ്ജിനകത്ത് അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കബോധം, കര്മ്മകുശലത, ആത്മസംയമനം, ഉര്ജ്ജസ്വലത, നിതാന്ത ജാഗ്രത എന്നിവ അതില് പ്രധാനമാണ്.
അനുസരണ, അര്പ്പണം എന്നിവയാണല്ലോ ഇസ്ലാമിന്റെ അടിസ്ഥാനം. ബുദ്ധിയുടെയും മറ്റു പ്രമാണങ്ങളുടെയും പിന്ബലത്തില് തെളിയിക്കപ്പെട്ട അല്ലാഹുവിനെ സര്വ്വാത്മനാ അനുസരിക്കല് മനുഷ്യന്റെ ബാധ്യതയാണ്. ദൈവകല്പനകളില് നിന്ന് തന്റെ ബുദ്ധിക്കും യുക്തിക്കും ഉള്ക്കൊള്ളാന് കഴിഞ്ഞത് മാത്രമേ അംഗീകരിക്കൂ എന്ന് ശഠിക്കുന്നത് ഇസ്ലാമിന്റെ അന്തസ്സത്തക്ക് ചേര്ന്നതല്ല. അവന്റെ വിലയിരുത്തലുകള് ഇസ്ലാമിക വീക്ഷണങ്ങളോടനുഗുണമായാല് പോലും, അവനംഗീകരിക്കുന്നത് തന്റെ യുക്തിയെയാണ്. നമ്മുടെ ശുദ്ധയുക്തി അല്ലാഹുവെയും അവന്റെ സ്വഭാവഗുണങ്ങളെയും മനസ്സിലാക്കാന് സഹായകമാണ്. എന്നാല് മതകാര്യങ്ങളിലെല്ലാം യുക്തിയെ വിധികര്ത്താവാക്കുന്നത് ശരിയല്ല. അവയുടെ യുക്തി അന്വേഷിക്കുന്നത് പ്രോല്സാഹജനകവുമാണ്.
അല്ലാഹുവോടുള്ള അനുസരണക്കു മുന്നിലുള്ള ഏറ്റവും വലിയ അര്പ്പണമാണ് ഹജ്ജ്. നിസ്കാരത്തിലവന് തന്റെ കര്മങ്ങളും സകാത്തില് പണക്കൊതിയും നോമ്പില് വിശപ്പുമാണ് അര്പ്പിക്കുന്നതെങ്കില് ഇവിടെ ആര്ക്കു മുമ്പിലും അടിയറവെക്കാന് തയ്യാറാവാത്ത യുക്തിബോധത്തെയും വിമര്ശനക്കാരനായ ബുദ്ധിയെയുമാണ് കീഴ്പ്പെടുത്തുന്നത്. ഹജ്ജിലടങ്ങിയ കര്മ്മങ്ങളോരോന്നും വേറിട്ടപഗ്രഥിക്കാന് ശ്രമിച്ചാല് പ്രഥമദൃഷ്ട്യാ കാട്ടിക്കൂട്ടലുകളാണോ എന്നു തോന്നിപ്പോവും. നിരന്തരമായ ഓട്ടങ്ങള്, മണിക്കൂറുകള് നീണ്ട നില്പ്പ്, ആവര്ത്തിക്കുന്ന പ്രദക്ഷിണങ്ങള്, പിശാചിനെതിരെയുള്ള പ്രതീകാത്മക കല്ലേറ് തുടങ്ങി വിമര്ശന ബുദ്ധിക്ക് വഴങ്ങാത്ത കാട്ടിക്കൂട്ടലുകള്. ദൈവകല്പനയെ മാനിച്ച് ബുദ്ധിയെ അല്പ്പനേരം അടക്കി നിര്ത്തിയേ ഹജ്ജ് ചെയ്യാനൊക്കൂ. നേരത്തെ വിശപ്പും പണക്കൊതിയുമടക്കിയ പോലെ. യുക്തിപരമായി വിമര്ശന വിധേയമാക്കിയാല് ഇവക്കെല്ലാം അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കുകയെന്നതില് കവിഞ്ഞ് എന്തര്ത്ഥമാണുള്ളത്?
മനുഷ്യന്റെ ബുദ്ധിയും വികാരവും തമ്മിലുള്ള ഒരു തുറന്ന സംഘട്ടനമാണ് നമുക്കിവിടെ കാണാന് സാധിക്കുന്നത്. വൈകാരിക ലാഞ്ചനകളുള്ള പ്രവര്ത്തനങ്ങളെ ബുദ്ധിപരമായി വ്യാഖ്യാനിക്കാന് കഴിയണമെന്നില്ലല്ലോ. അല്ലാഹുവുമായുള്ള ഗാഢാനുരാഗത്തിനു മുമ്പില് സ്വന്തത്തെ തന്നെ വിസ്മരിക്കുന്നു. എന്തിനുവേണ്ടി എന്നാലോചിക്കാതെ ഒരു വിളക്കിനു ചുറ്റും വലയംചെയ്ത് അവസാനമതില് ലയിച്ച് ചേര്ന്ന് സ്വയം നശിക്കുന്ന ഒരു പാറ്റയെപോലെ ദൈവസാന്നിധ്യത്തില് സ്വന്തത്തെ മറന്ന് കഅ്ബക്ക് ചുറ്റും വലയംചെയ്യുമ്പോള് ഒരാള്ക്കനുഭവപ്പെടുന്ന വികാരത്തള്ളിച്ചകളിലെ ആത്മീയാനുഭൂതി അവാച്യമാണ്.
അച്ചടക്കശീലമാണ് ഹജ്ജിന്റെ സവിശേഷതകളില് പ്രധാനം. ലോകത്തിന്റെ ഭിന്നദിക്കുകളില് നിന്ന് വലിഞ്ഞുകൂടിയ, മുന്കൂട്ടിയുള്ള പരിശീലനമോ പരിചയമോ ലഭിച്ചിട്ടില്ലാത്ത ജനലക്ഷങ്ങള് അദൃശ്യമായ ഒരു കേന്ദ്രത്തില് നിന്നുള്ള നിര്ദ്ദേശങ്ങള് വളരെ കൃത്യമായി അനുസരിച്ച് നിതാന്തജാഗ്രതയോടെ നീങ്ങുമ്പോള് അവരെ നിയന്ത്രിക്കാന് ബാഹ്യശക്തികള് ആവശ്യമില്ല. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന പ്രവര്ത്തനങ്ങളില് ഒരു ചുവടുപോലും പിഴക്കാതിരിക്കാന് എല്ലാവരും കണിശമായി ശ്രദ്ധിക്കുന്നു.
ഊര്ജ്ജസ്വലതയും കര്മനൈരന്തര്യവുമാണ് ഹജ്ജിന്റെ മറ്റൊരു സവിശേഷത. അലസതയും അലംഭാവവും കൈമുതലായുള്ള ഒരുതരം ചാവാലിക്കുതിരകളെയല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. മറിച്ച് കരുത്തരും കര്മോത്സുകരുമായ, പ്രതികരണശേഷിയും പ്രതിരോധ ശക്തിയുമുള്ള ജീവസുറ്റ സമൂഹമാണിസ്ലാം മുന്നില് കാണുന്നത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി അക്ഷീണം മുന്നേറാനും ത്യാഗപൂര്ണ്ണമായ അനുഭവങ്ങളാണ് തുണയേകുന്നത്. ജീവിതത്തില് ചെറിയൊരസ്വാരസ്യം വരുമ്പോഴേക്കും അടിപതറി ആത്മഹത്യയെക്കുറിച്ചാലോചിക്കുന്ന അല്പത്തത്തോടുള്ള നിരാസവും, സഹനപൂര്ണ്ണവും ത്യാഗോജ്വലവുമായ ജീവിതം നയിക്കുന്നതിനുള്ള ആഹ്വാനവുമാണ് ഹജ്ജ്.