ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില് അവസാനത്തേതാണ് ഹജ്ജ്. ‘കരുതല്‍’ എന്നാണ് ഹജ്ജിന്റെ ഭാഷാര്ത്ഥം. പ്രത്യേകമായ ചില ആരാധനകളുദ്ദേശിച്ച് മക്കയിലെ കഅ്ബയെ ലക്ഷ്യമിട്ട് ഇറങ്ങിപ്പുറപ്പെടല് എന്ന് ഹജ്ജിനെ ലളിതമായി നിര്വ്വചിക്കാം.
ഹിജ്റ 5-ാം വര്ഷമാണ് ഔദ്യേഗികമായി ഹജ്ജ് നിയമമാക്കപ്പെട്ടതെങ്കിലും അതിന്റെ മുമ്പുതന്നെ ഒരു പുണ്യകര്മ്മമെന്ന നിലയില് അതു നിര്വ്വഹിക്കപ്പെട്ടിരുന്നു. മുന്കാല സമുദായങ്ങളില് ഹജ്ജ് നിയമമാക്കപ്പെട്ടിരുന്നില്ല എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാല് പൂര്വ്വകാല പ്രാവാചകരിലധികപേരും ഹജ്ജ് നിര്വ്വഹിച്ചിട്ടുണ്ട്. ആദിമ മനുഷ്യനായ ആദം (അ) ഇന്ത്യയില് നിന്ന് കാടുകളും മേടുകളും താണ്ടി കാല്നടയായി മക്കയില് ചെന്ന് ഹജ്ജ് ചെയ്തിരുന്നുവത്രേ.
ഹസ്രത്ത് ഇബ്രാഹീം (അ)ന്റെ പിതൃത്വത്തില് അഭിമാനിതരായിരുന്ന അറബികള് കാലങ്ങളായി അനുഷ്ഠിച്ചു പോന്നിരുന്ന ഹജ്ജ് കര്മ്മങ്ങളെ വിഗ്രഹാരാധനയും ചുറ്റുപാടുമുള്ള സാംസ്കാരിക ജീര്ണ്ണതകളും മലീമസമാക്കിക്കഴിഞ്ഞിരുന്നു. പ്രവാചകര്(സ്വ) ഇതിനെയെല്ലാം സ്വാംശീകരിച്ച്, ബഹുദൈവ വിശ്വാസത്തിന്റെയും ദുരാചരങ്ങളുടെയും അവിശുദ്ധ സ്പര്ഷങ്ങളെ അടര്ത്തിയെടുത്ത്, ദൈവ കല്പ്പനപ്രകാരം ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചത്തില് പുതിയ രൂപഭാവങ്ങളോടെ ഹജ്ജ് കര്മ്മങ്ങളെ പുനരവതരിപ്പിച്ചു. ഇതു പൂര്ണ്ണമായും ശ്രദ്ധിച്ചു മനസ്സിലാക്കാന് അനുചര•ാരില്‍ ചിലരെ പ്രത്യേകം ഏര്പ്പാടു ചെയ്തിരുന്നു. അവിതര്ക്കിതമായ ഈ കര്മശൈലിയാണ് ഇന്നും അനുധാവനം ചെയ്യപ്പെടുന്നത്.
ആവശ്യമായ ശാരീരികബലവും സാമ്പത്തിക സ്രോതസ്സും യാത്രാ സൗകര്യവുമുള്ള ഏതൊരാള്ക്കും ആയുസ്സിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്യല് നിര്ബന്ധമാണ്. എന്നാല് സ്ത്രീക്ക് ബന്ധുക്കളില് നിന്ന് (വിവാഹം നിഷിദ്ധമായ) വിശ്വസ്തനായ സഹയാത്രികനെ ലഭിച്ചാലേ ഹജ്ജ് നിര്ബന്ധമുള്ളൂ. അസൗകര്യങ്ങളുണ്ടാവുന്ന പക്ഷം മറ്റൊരാളെ പകരം ഏല്പിക്കാവുന്നതാണ്.
ഇസ്ലാമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര പാരമ്പര്യത്തിന്റെയും ഈടുറ്റ നിദര്ശനമാണ് ഹജ്ജ്. മുഹമ്മദ് നബി(സ്വ)യുടെ ജീവിതമല്ല ഹജ്ജിലൂടെ പിന്തുടരപ്പെടുന്നത് മറിച്ച് മാനുഷ്യകത്തിന്റെ കുലപതിയായ ഹ: ഇബ്രാഹീം(അ)ന്റെ കലര്പ്പില്ലാത്ത ജീവിതത്തിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളാണത്. അല്ലാഹുവിനെ മാത്രം ആരാധിക്കപ്പെടാന് ഭൂമിയിലാദ്യമായി പണിതീര്ത്ത കഅബയിലേക്ക് തിരിഞ്ഞ് അഞ്ച് നേരത്തെ പ്രാര്ത്ഥനകളനുഷ്ഠിക്കുന്ന ഒരു സത്യവിശ്വാസിക്ക്, കഅ്ബയുമായി നേരിട്ട് സന്ധിക്കുവാനും അതുമായി ബന്ധപ്പെട്ട ഏതാനും പുണ്യകര്മങ്ങള് അനുഷ്ഠിക്കുവാനുമുള്ള അവസരമാണ് ഹജ്ജിലൂടെ സംജാതമാവുന്നത്.