വിശ്വാസി സമൂഹത്തിന് അവാച്യവും അനിര്വചനീയവുമായ ആത്മഹര്ഷം സമ്മാനിച്ചു കൊണ്ട് ഒരു റമളാന് ആഗതമായി. നടന്നുതീര്ത്ത ജീവിതവഴികളെക്കുറിച്ച് ആത്മവിചിന്തനം നടത്താനും ഭാവി ജീവിതത്തെ ന•യുടെ നേര്രേഖയില് ചലിപ്പിക്കാനുമുള്ള തയ്യാറെപ്പുകള് നടത്താനും ലഭിക്കുന്ന കനകാവസരമാണ് റമളാന്. സമ്പത്തും സൗകര്യങ്ങളും സ്ഥാനമാനങ്ങളും തേടിയുള്ള ജീവിതയാത്രയുടെ നൈരന്തര്യത്തിനിടയില് മനസ്സിലും ശരീരത്തിലും പുരണ്ട പാപക്കറകള് തുടച്ചുമാറ്റി സ്ഫടികസമാനമായ മനസ്സോടെ സ്രഷ്ടാവിന്റെ സാമീപ്യം തേടാന് അവസരമൊരുക്കുകയാണ് റമളാന്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രാര്ത്ഥനാനിര്ഭരമായ മനസ്സോടെ വിശുദ്ധ റമളാനെ വരവേല്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം. പ്രവാചക മാതൃക പിന്പറ്റി, റജബ് മാസം ആഗതമായതു മുതല് അവര് മനമുരുകി പ്രാര്ത്ഥിച്ചു: ''അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്ക്കു നീ ബര്ക്കത്ത് ചെയ്യണമേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ.'' അഞ്ചു നേരവും ആവര്ത്തിച്ച, മനസ്സില് തട്ടിയുള്ള ഈ പ്രാര്ത്ഥനയുടെ ഉത്തരമായി ഒരു റമളാനിനു കൂടി സാക്ഷിയാകാനുള്ള സൗഭാഗ്യം നല്കി നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ് കാരുണ്യവാനായ തമ്പുരാന്.
പുണ്യങ്ങളുടെ പൂക്കാലമാണ് വിശുദ്ധ റമളാന്. സുകൃതങ്ങളുടെ സുന്ദരസൂനങ്ങള് ഇതള്വിടര്ത്തി ന•യുടെ പൂക്കാലവും ആത്മചൈതന്യത്തിന്റെ വസന്തോത്സവവും മുസ്ലിം ലോകത്തിന് ഒരുപോലെ സമാനിക്കുന്നു റമളാന്. പുണ്യങ്ങള് കൊയ്തെടുക്കാനും ന•കളുടെ വിളവെടുപ്പ് നടത്താനുമുള്ള അസുലഭാവസരമാണിത്. അനുഗ്രഹത്തിന്റെ കവാടങ്ങള് മലര്ക്കെ തുറന്നും തിന്മയുടെ വഴികളില് വിലക്കേര്പ്പെടുത്തിയും റമളാനിനെ സാര്ത്ഥകമായി ഉപയോഗപ്പെടുത്താന് സ്രഷ്ടാവ് തന്നെ സാഹചര്യമൊരുക്കുകയാണ്: ''റമളാന് ആഗതമായാല് സ്വര്ഗകവാടങ്ങള് തുറക്കപ്പെടുകയും നരകവാതിലുകള് അടക്കപ്പെടുകയും പിശാചുക്കള്ക്കു വിലങ്ങുവെക്കപ്പെടുകയും ചെയ്യും'' എന്നാണ് പ്രവാചക തിരുമേനി (സ) പഠിപ്പിച്ചത് (ബുഖാരി, മുസ്ലിം).
വ്രതാനുഷ്ഠാനം തന്നെയാണ് റമളാനിലെ അതിപ്രധാനമായ ആരാധന. ഇതര ആരാധനാരീതികളില് നിന്ന് ഏറെ ഭിന്നവും സവിശേഷതകള് നിറഞ്ഞതുമായ ഒരു ആരാധനയാണ് വ്രതം. വ്രതത്തിന്റെ ഗോവ്യാവസ്ഥ തന്നെയാണ് അതിന്റെ സുപ്രധാനമായ സവിശേഷത. കേവലം ജാഡകള്ക്കു വേണ്ടിയോ മറ്റുള്ളവരെ കാണിക്കാനോ നിര്വഹിക്കാന് കഴിയുന്ന ആരാധനയല്ല വ്രതം. അതു അല്ലാഹുവും അവന്റെ അടിമയും മാത്രമറിയുന്ന അതീവ രഹസ്യമായ ഒരു ആരാധനയാണ്. അതുകൊണ്ട് തന്നെയാണ് അല്ലാഹു പറഞ്ഞത്, ''നോമ്പ് എനിക്കുള്ളതാണ്. അതിന് ഞാനാണ് പ്രതിഫലം നല്കുക. കാരണം, അവന്റെ ആഹാരവും വികാരവും എനിക്കു വേണ്ടി അവന് മാറ്റിവെക്കുകയാണ്.'' (ബുഖാരി, മുസ്ലിം)
ഒരു മുസ്ലിമിന്റെ എല്ലാ ആരാധനകളും അല്ലാഹുവിനു വേണ്ടിയുള്ളതാണെങ്കിലും വ്രതത്തിന്റെ സവിശേഷതയും ആത്മാര്ത്ഥതയും ത്യാഗസന്നദ്ധതയും പരിഗണിച്ച് അളവറ്റ പ്രതിഫലം നല്കുമെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു അറിയിക്കുന്നത്. പ്രവാചക തിരുമേനി(സ) പറഞ്ഞു: സ്വര്ഗത്തില് 'റയ്യാന്' എന്ന ഒരു കവാടമുണ്ട്. നോമ്പുകാര് മാത്രമേ അതിലൂടെ പ്രവേശിക്കൂ. അവര് കടന്നുകഴിഞ്ഞാല് ആ കവാടം അടക്കപ്പെടും. പിന്നെ ഒരാളും അതിലൂടെ പ്രവേശിക്കില്ല'' (ബുഖാരി, മുസ്ലിം).
ക്ഷമയും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിന്റെ മുഖമുദ്ര. പകല് മുഴുവന് അന്നപാനീയങ്ങള് വെടിഞ്ഞതുകൊണ്ട് മാത്രം വ്രതത്തിന്റെ പൂര്ണത കൈവരിക്കാന് കഴിയില്ല. പ്രത്യുത, കാമ-കോപ-ക്രോധാദി വികാരങ്ങളെ നിയന്ത്രിക്കുകയും മുഴുവന് അവയവങ്ങളെയും അരുതായ്മകളില് നിന്ന് അകറ്റിനിര്ത്തുകയും ചെയ്താല് മാത്രമേ നോമ്പിന്റെ പരിപൂര്ണ പ്രതിഫലം പ്രതീക്ഷിക്കാന് കഴിയൂ. ''തിരുനബി(സ) പ്രസ്താവിച്ചു: ''നോമ്പ് ഒരു പരിചയാണ്. അതിനാല് നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കില് അവന് അനാവശ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനെ അക്രമിക്കുകയും ചീത്ത പറയുകയും ചെയ്താല് ഞാന് നോമ്പുകാരനാണ് എന്ന് അവന് പറയണം'' (ബുഖാരി, മുസ്ലിം) ''തിന്മയെ പ്രതിരോധിക്കാനുള്ള പരിചയാണ് വ്രതാനുഷ്ഠാനമെന്നാണ് ഈ തിരുവചനം പഠിപ്പിക്കുന്നത്. മറ്റൊരു ഹദീസില് ഇപ്രകാരം കാണാം: ''ആരെങ്കിലും കളവായ വാക്കും അതുപ്രകാരമുള്ള പ്രവൃര്ത്തിയും ഉപേക്ഷിച്ചില്ലെങ്കില് അവന് അന്നപാനീയങ്ങള് ഉപേക്ഷിക്കുന്നതില് അല്ലാഹുവിന് ഒരാവശ്യവുമില്ല.''
ആത്മസംസ്കരണത്തിന്റെ പരിശീലനകാലമാണ് റമളാന്. തഖ്വയാണ് ആത്മസംസ്കരണത്തിന്റെ അടിത്തറ. തഖ്വ നേടാന് കഴിയുമെന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ഗുണഫലമായി ഖുര്ആന് എടുത്തുപറഞ്ഞത്. ''സത്യവിശ്വാസികളേ നിങ്ങളുടെ പൂര്വീകരുടെ മേല് വ്രതം നിര്ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെമേലും വ്രതം നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു. ''നിങ്ങള് തഖ്വ ഉള്ളവരാകാന് വേണ്ടി'' (ഖുര്ആന് 2:183)വ്രതാനുഷ്ഠാനത്തിലൂടെ ദേഹേഛകളെ നിയന്ത്രിക്കാനും സുകൃതങ്ങള് കൊയ്തെടുക്കാനും ശീലിച്ചവര് തഖ്വയുടെ ഉടമകളായി മാറുന്നത് സ്വാഭാവികമാണ്.
റമളാനും ഖുര്ആനും തമ്മില് അഭേദ്യമായ ബന്ധമാണുള്ളത്. 'ഖുര്ആന് അവതീര്ണമായ മാസം' എന്നാണ് റമളാനിന്റെ ഖുര്ആനിക വിശേഷണം (ഖുര്ആന് 2:185). ഖുര്ആന് പഠനത്തിനും പാരായണത്തിനും റമളാനിനെ യഥോചിതം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ജിബ്രീല്(അ) ഓരോ റമളാനിലും തിരുനബി(സ)യുടെ അടുക്കല് വന്ന് അതുവരെ അവതരിച്ച ഖുര്ആനിക വചനങ്ങള് ഓതിക്കേള്പ്പിക്കുകയും നബി(സ)യെ കൊണ്ട് ഓതിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസുകളില് കാണാം.
'ലൈലത്തുല് ഖദ്ര്' ആണ് റമളാനിന്റെ മറ്റൊരു സവിശേഷത. ആയിരം മാസത്തേക്കാള് പുണ്യമേറിയ ഈ രാത്രി റമളാനിലാണെന്നാണ് ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നത്. അനുഗ്രഹങ്ങള് പെയ്തിറങ്ങുന്ന പ്രസ്തുത രാവിന്റെ പുണ്യം നഷ്ടപ്പെടാതിരിക്കാന് റമളാനിലുടനീളം നാം ജാഗരൂകരാകേണ്ടതുണ്ട്.
സമയത്തിന്റെ വിലയറിഞ്ഞും ബാധ്യതകളുടെ ഭാരം അനുഭവിച്ചും റമളാനില് നാം പരമാവധി കര്മകുശലരാവേണ്ടതുണ്ട്. പൂര്വീകരുടെ ജീവിതരീതി ഈ രംഗത്ത് നമുക്ക് വ്യക്തമായ മാതൃകയാണ്. വിശപ്പും ദാഹവും തൊട്ടറിഞ്ഞ് ആരോഗ്യവാനെയും അവശതയറിയിക്കുന്ന ഇസ്ലാമിലെ വ്രതമെന്ന പ്രത്യേക ആരാധന, അവര്ക്ക് കര്മമേഖലയില് നല്കിയ കരുത്ത് മനുഷ്യ ചരിത്രത്തിലെ തന്നെ നിത്യവിസ്മയമാണെന്നതില് തര്ക്കമില്ല.
ഉടുതുണിക്ക് മറുതുണിയില്ലാത്ത വിധം നിത്യദാരിദ്ര്യം അനുഭവിച്ച്, മരുഭൂമിയുടെ അത്യുഷ്ണത്തെ അഭിമുഖീകരിച്ച് അസാമാന്യ ജീവത്യാഗം നേരിട്ട് നോമ്പനുഷ്ഠിച്ച ആദ്യകാല മുസ്ലിം സമൂഹം ശത്രുക്കളോട് ജീവന്മരണ പോരാട്ടം നടത്തിയതും വമ്പന് സൈനിക നിരകളെ മലര്ത്തിയടിച്ചതും ഇസ്ലാമിക ചരിത്രത്തില് മാത്രം കാണാനാകുന്ന സംഭവങ്ങളാണ്. ബദ്റിന്റെ ചരിത്രം തന്നെ ഉദാഹരണമായെടുക്കാം. നോമ്പ് നിര്ബന്ധമാക്കപ്പെട്ട അതേ വര്ഷം തന്നെയാണ് ബദ്ര് യുദ്ധവും നടന്നത്.
ജീവിതത്തിലൊരിക്കലും കഠിനത്യാഗം സഹിച്ചുകൊണ്ടുള്ള ഇത്തരമൊരു കര്മം ശീലിച്ചിട്ടില്ലാത്തവരാണ് രണാങ്കണത്തില് സര്വായുധസജ്ജരായ വലിയൊരു സൈന്യത്തോട് ഏറ്റുമുട്ടിയത്. റമളാന് മാസത്തിന്റെ ആദ്യ ദിനങ്ങളില് തന്നെ നബിതിരുമേനി(സ) സ്വഹാബികളോടൊത്ത് യാത്ര പുറപ്പെട്ടിരുന്നു. നോമ്പ് കാലമെന്ന് കരുതി ഭാരമേറിയ ബാധ്യതകള്ക്ക് അവധി നല്കാനോ അവശത പേടിച്ച് വിശ്രമസമയം കണെ്ടത്താനോ അവര് ചിന്തിച്ചിരുന്നില്ലെന്ന് ചുരുക്കം.
നാം അനുഷ്ഠിക്കുന്ന നോമ്പ് പൂര്ണമായും ഇസ്ലാം നിര്ദേശിച്ച രൂപത്തിലാകാന് ശ്രദ്ധിക്കുന്നതോടൊപ്പം സുന്നത്തായ ആരാധനാ കര്മങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കാനും നാം ബദ്ധശ്രദ്ധ കാണിക്കണം. കൂടുതല് സമയം ഖുര്ആന് പാരായണം ചെയ്യാനും ഇഅ്തികാഫ് ഇരിക്കാനും ദിക്ര്-ദുആകളിലേര്പ്പെടാനും കഴിയുന്നുണെ്ടന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. ഈ റമളാനിനു സാക്ഷിയാകാന് അവസരം നല്കി അല്ലാഹു നമ്മെ അനുഗ്രഹിച്ചെങ്കില്, റമളാന് നമുക്കനുകൂലമായി സാക്ഷി നില്ക്കുമെന്ന് നാമോരോരുത്തരും ഉറപ്പുവരുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്).