ഇസ്ലാമിലെ കര്മാനുഷ്ഠാനങ്ങളില് നാലാമത്തേതാണ് വ്രതാനുഷ്ഠാനം. പരിശുദ്ധ ഖുര്ആന് വ്രതാനുഷ്ഠാനത്തിനുപയോഗിച്ച 'സൗം' എന്നതിനെ വര്ജ്ജനം, സംയമനം ആത്മനിയന്ത്രണം എന്നിങ്ങനെയെല്ലാം ഭാഷാമാറ്റം ചെയ്യാം. വര്ഷത്തിലൊരു മാസം പകലന്തിയോളം നോമ്പ് മുറിയുന്ന കാര്യങ്ങള് വര്ജ്ജിക്കുക എന്നതാണ് നോമ്പിന്റെ സാങ്കേതികാര്ത്ഥം.
വിഷപ്പും വികാരവും മനുഷ്യന്റെ സഹജ സ്വഭാവങ്ങളാണ്. അവയോട് നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ്. എന്നാല് ഇവ രണ്ടിലും ആണ്ടുപോവുന്നത് മനുഷ്യനെ കേവലം വാലില്ലാത്ത ഒരു മൃഗം മാത്രമാക്കി അധ:പതിപ്പിക്കും. മാനുഷികമായ ഇത്തരം അനിവാര്യതകള്ക്ക് ആത്മിക പരിവേഷം നല്കുന്ന ഇസ്ലാം പൗരോഹിത്യത്തെയും സന്യാസത്തെയും നിരുത്സാഹപ്പെടുത്തുകയും സെക്സും ഫുഡ്ഡും ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്ന ഫ്രോയിഡിന്റെയും മാര്ക്സിന്റെയും വികല വീക്ഷണങ്ങളോട് കര്ശനമായി വിയോജിക്കുകയും ചെയ്യുന്നു. വിശക്കുമ്പോള് ആവശ്യത്തിന് ഭക്ഷിക്കുക വിവാഹ പ്രായമെത്തുമ്പോള് മാന്യമായ രീതിയില് അതു നിര്വഹിക്കുക. ''നിങ്ങള് തിന്നുക, കുടിക്കുക, പക്ഷെ അമിതമാവരുത്'' ഇതാണിസ്ലാമിന്റെ വീക്ഷണം.
വ്രതാനുഷഠാനത്തെ മനുഷ്യത്വത്തോടുള്ള നിരാകരണമായി വിലയിരുത്താന് നിര്വ്വാഹമില്ല. ഭൗതിക താല്പര്യങ്ങളില് നിമഗ്നനായി തനി മൃഗീയതയിലേക്ക് വഴിമാറിപ്പോവുന്ന മനുഷ്യന് അസ്തിത്വബോധം വീണെ്ടടുക്കാനുള്ള ഇടവേളയാണ് വ്രതവേള. ആത്മീയ സാഫല്യാര്ത്ഥം ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു നിലപാടും സ്വീകാര്യമല്ല. ശരീരേഛകളെ കീഴ്പ്പെടുത്താനെന്ന പേരില് അന്നപാനാദികള് വെടിഞ്ഞ് ശരീരത്തെ ശോഷിപ്പിച്ച് ശരീരപീഢക്കൊരുമ്പെട്ട ഒരനുയായിയെ ശാസിച്ച് പിന്തിരിപ്പിക്കുകയാണ് പ്രവാചകര്(സ്വ) ചെയ്തത്.
മനുഷ്യനെ സൃഷ്ടിച്ച്, ആഹാര വിഹാരങ്ങളെ അനുഭവവേദ്യമാക്കിക്കൊടുത്ത അല്ലാഹു അവന്റെ കല്പനയെ മാനിച്ച് അല്പ സമയത്തേക്ക് ഭക്ഷണം വര്ജ്ജിക്കാന് കല്പിക്കുമ്പോള് അതിന് വഴങ്ങുന്ന അനുസരണശീലന് ആരാണെന്ന് ബോധ്യപ്പെടുത്തുകയെന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ആത്മികവും മാനസികവുമായ വളര്ച്ചയില് കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്ന പാര്ശ്വഫലങ്ങള് നോമ്പിലുണ്ട്.
മനുഷ്യന്റെ ആദ്യന്തിക ലക്ഷ്യം ആത്മിക മോക്ഷമാണ്. ഭൗതികാവശ്യങ്ങള് അതിനുള്ള ഉപാധിയും. ഭൗതിക താല്പര്യങ്ങളില് മുഴുകി അന്തിമലക്ഷ്യം വിസ്മരിക്കുന്നതും ലക്ഷ്യബോധം തലക്കു പിടിച്ച് വഴികളെ പാടെ അവഗണിക്കുന്നതും ഉചിതമല്ല. മനുഷ്യന് ദേഹേച്ഛകളില് മുഴുകുമ്പോള് പിശാചവനത് ഭംഗിയായി കാണിച്ചുകൊണ്ട് ദൈവസ്മരണയില് നിന്നടര്ത്തിയെടുക്കാന് ശ്രമിക്കുന്നു. അതിനാല് മനുഷ്യന് തന്റെ ഇച്ഛാശക്തികൊണ്ട്, ദൈവപ്രീതി മുന്നിര്ത്തി അല്പനേരം ആത്മ നിയന്ത്രണം കൈക്കൊള്ളുമ്പോള് ആജീവനാന്തം പിശാചിനും അവന്റെ മിഥ്യാവലയത്തിനുമെതിരെ സമരം ചെയ്യാനുള്ള ഊര്ജ്ജമാണവന് ആര്ജ്ജിക്കുന്നത്.
പ്രായപൂര്ത്തിയായ, ബുദ്ധിയുള്ള ഏതൊരാളുടെ മേലും നിസ്കാരം പോലെ നോമ്പും നിര്ബന്ധമാണ്. എന്നാല് രോഗി, ആര്ത്തവമുള്ള സ്ത്രീ, യാത്രക്കാരന് തുടങ്ങിയവര്ക്ക് റമളാനിനു പകരം മറ്റേതെങ്കിലും മാസത്തില് അതു നിര്വഹിക്കാവുന്നതാണ്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗിക്കും വാര്ദ്ധക്യം കാരണം അശക്തനായവനും ഓരോ ദിവസത്തിനും 2.400 കിലോഗ്രാം ഭക്ഷ്യധാന്യം പാവപ്പെട്ടവര്ക്ക് വിതരണം ചെയ്യണം.
''സത്യവിശ്വാസികളെ നിങ്ങളുടെ മുന്ഗാമികളെപോലെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ഭക്തരായിത്തീരാന് വേണ്ടി'' (ഖു: 2:183) എന്ന വാക്യത്തിലൂടെ ഹിജ്റ രണ്ടാം വര്ഷമാണ് നോമ്പു നിര്ബന്ധമാക്കപ്പെട്ടത്. നോമ്പ് മുഹമ്മദ്(സ്വ)യുടെ സമുദായത്തിന്റെ മാത്രം ആരാധനയല്ല മറിച്ച് പൂര്വ്വകാല സമൂഹങ്ങളിലെല്ലാം ഇതു നിര്ബന്ധമായിരുന്നു എന്നാണ് മേല്സൂക്തം വ്യക്തമാക്കുന്നത്. ചരിത്രം പരിശോധിച്ചാല് ഇതു മനസ്സിലാവും. ജൂതര്ക്ക്, തൗറയുടെ അവതരണത്തോടനുബന്ധിച്ച് നാല്പ്പത് ദിവസമായിരുന്നു വ്രതം നിര്ബന്ധമാക്കപ്പെട്ടിരുന്നത്. തൗറാത്തില നിയമപ്രമാണങ്ങളുടെ സംസ്ഥാപനാര്ത്ഥം നിയുക്തരായ യേശുക്രിസ്തുവിന്റെ അനുയായികള് അദ്ദേഹത്തിന്റെ ജ•ദിനത്തോടനുബന്ധിച്ചാണ് ഈ നാപ്പത് ദിവസത്തെ വ്രതമനുഷ്ഠിച്ച് പോന്നത്. കാലക്രമേണ നിയതരൂപത്തില് നിന്ന് പല വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കളില് പലപേരുകളിലുമുള്ള നോമ്പുകള് ഇന്നും നിലവിലുണ്ട്. ആത്മീയതയുടെ അംശങ്ങളുള്ള ഒട്ടുമിക്ക മത ദര്ശനങ്ങളിലും നോമ്പ് ദൃശ്യമാണ്. എന്നാല് ഇവയില് നിന്നെല്ലാം വ്യത്യസ്തവും വ്യവസ്ഥാപിതവുമായ രീതിയാണ് ഇസ്ലാം അനുധാവനം ചെയ്യുന്നത്.
നോമ്പിലടങ്ങിയ ആന്തരിക ഗുണങ്ങള് കൂടി മേല്സൂക്തം അനാവരണം ചെയ്യുന്നുണ്ട്. വിനയം, സ്നേഹം, അനുസരണ, സഹനശീലം തുടങ്ങി വ്യക്തിതല-സാമൂഹിക പ്രാധാന്യമുള്ള ഒട്ടുമിക്ക സ്വഭാവഗുണങ്ങളുടെയും ഉറവിടമായ ഭക്തിയുടെ രൂപീകരണമാണ് നോമ്പിന്റെ അകക്കാമ്പായി ഖുര്ആന് വിലയിരുത്തുന്നത്. ഇതിനു പുറമെ വൈയക്തികവും സാമൂഹികവുമായ നിരവധി ഗുണങ്ങള് നോമ്പിനകത്തുണ്ട്.
അനുഷ്ഠാന മര്യാദകള്
അല്ലാഹുവോടുള്ള കൂറും വിധേയത്വവും കാണിച്ച് അന്നപാനാദികളും ശാരീരികേച്ഛകളും വെടിയുക എന്നതാണല്ലോ വ്രതം. അതുകൊണ്ടു തന്നെ കേവലം നിരാഹാരമോ പട്ടിണിയോ വ്രതമല്ല. കാരണം നിയ്യത്ത് അഥവാ അല്ലാഹുവിന്നു വേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന കരുത്താണ് നോമ്പിന്റെ നിര്ബന്ധ ഘടകം.
ശരീരേച്ഛകളെ നിയന്ത്രിക്കുകയെന്നതാണ് വൃതാനുഷ്ഠാനത്തിന്റെ അടിസ്ഥാന ധര്മ്മം. അതിന്റെ ഭാഗമായി പ്രഭാതം മുതല് പ്രദോഷം വരെ അന്നപാനങ്ങളും ദാമ്പത്യബന്ധങ്ങളുമൊഴിവാക്കണം. ബോധപൂര്വ്വമുള്ള ഭക്ഷണം വഴി നോമ്പു മുറിച്ചവന് മറ്റൊരു ദിവസം അനുഷ്ഠിച്ചു വീട്ടുകയും 2. 400 കിലോഗ്രാം അരി നര്ധനര്ക്കു നല്കുകയും വേണം. എന്നാല് സംയോഗം വഴി നോമ്പു മുറിഞ്ഞാല് 2 മാസം തുടര്ച്ചയായി നോമ്പനുഷ്ഠിക്കണം. വികാരത്തോളം വിശപ്പിനെ നിയന്ത്രിക്കാനുള്ള ശേഷിയില്ലാത്തതായിരിക്കാം പ്രതിവിധിയിലുള്ള വ്യത്യാസത്തിനു കാരണം.
ആന്തരിക മാലിന്യങ്ങളില്നിന്നും തി•കളില്നിന്നുമുള്ള സംസ്കരണമാണ് വ്രതമനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ മനസ്സിന്റെ ചാരിത്ര്യം നശിപ്പിക്കുന്ന ഏഷണി, കള്ളം പറയല്, പരദൂഷണം തുടങ്ങി ചെറുതും വലുതുമായ പാപങ്ങള് നോമ്പിന്റെ സാധുതയെ പ്രത്യക്ഷമായി ബാധിക്കുകയില്ലെങ്കിലും പ്രതിഫലത്തെ നശിപ്പിച്ചുകളയും. പ്രവാചകര്(സ്വ) ഒരിക്കല് പറഞ്ഞു: ''കള്ളം പറയലും പ്രവര്ത്തിക്കലുമൊരാള് ഉപേക്ഷിക്കാത്തപക്ഷം അന്നപാനീയങ്ങള് വര്ജ്ജിക്കുന്നതില് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.''
ഇതര മാസങ്ങളില് തന്നെ കര്ശനമായി വിലക്കപ്പെട്ട തെറ്റുകള് റമസാന് മാസത്തില് ചെയ്യുന്നത് യാതൊരുന്യായവുമില്ലാത്ത മഹാ പാതകമാണ്. പകലന്തിയോളം പട്ടിണി കിടന്ന് രാത്രി മൂക്കറ്റം തിന്നുമദിക്കുകയും ചീത്ത പ്രവൃത്തികളില് മുഴുകുകയും ചെയ്യുന്ന പക്ഷം നോമ്പിന്റെ ആത്മീയമോ ആരോഗ്യപരമോ ആയ യാതൊരു നേട്ടവും പ്രതീക്ഷിക്കപ്പെടേണ്ടതില്ല.
നോമ്പുകാരന് അത്താഴം കഴിക്കല് പ്രത്യേകം ശ്രേഷഠമാണ്. രാത്രിയുടെ മൂന്നില് രണ്ട് പിന്നിട്ട ശേഷമാവലാണ് കൂടുതല് ഉചിതം. നോമ്പിനുള്ള മുന്കരുതലെന്നോണം അല്പം ഊര്ജ്ജം സംഭരിക്കലാണതുകൊണ്ടുദ്ദേശ്യം. സൂര്യാസ്തമയം കഴിഞ്ഞും നോമ്പു മുറിക്കാതിരിക്കുന്നത് നിരുത്സാഹകമാണ്. റമളാനില് രാത്രി പ്രത്യേകം ശ്രേഷഠതയുള്ള ഒന്നാണ് ഇരുപത് റക്അത്ത് താറാവീഹ് നിസ്കാരം.
റമളാന്റെ സവിശേഷതകള്
വ്രതമനുഷ്ഠിക്കാന് ഇതര മാസങ്ങളില് നിന്ന് റമാളാനെ തെരഞ്ഞെടുക്കാന് പ്രത്യേകമായ പശ്ചാത്തലങ്ങളും സാഹചര്യങ്ങളുമുണ്ട്. ഖുര്ആന്റെ അവതരണമാണ് അവയിലേറ്റവും പ്രധാനം. ''ഖുര്ആനിറക്കപ്പെട്ടത് റമളാന് മാസത്തിലാണ്'' (ഖു: 2:185) ഖുര്ആന്റെ അവതരണ വാര്ഷികമാണത്.
മനുഷ്യ സംസ്കാരത്തിന് കനപ്പെട്ട സംഭാവനകള് നല്കിയ ഖുര്ആന് മനുഷ്യന് നല്കപ്പെട്ട ഏറ്റവും വലിയ അനുഗ്രഹമാണ്. അതിന്റെ അഭാവത്തില് മനുഷ്യചരിത്രം ഒരുപാട് പിന്നിലാവുമായിരുന്നു. ആത്മീയജ്ഞാനങ്ങളുടെ കലവറയായ ഖുര്ആനാണ് പൂര്വ്വഗ്രന്ഥങ്ങളുടെ മുഴുവന് മാസ്റ്റര് സ്ക്രിപ്റ്റ്. ഖുര്ആനിലടങ്ങിയ ഗഹനമായ ആത്മീയ ജ്ഞാനങ്ങളെ ഉള്ക്കൊള്ളാനും പ്രാവര്ത്തികതലത്തില് കൊണ്ടുവരാനും മനസ്സിനെ പാകപ്പെടുത്താനുള്ള ചികിത്സാരീതിയാണ് വ്രതാനുഷ്ഠാനം. നിഷേധികളും ദുഷ്ടാത്മക്കളുമായിരുന്ന ഇസ്രയേല് സമൂഹത്തിന് തൗറാത്ത് ഏറ്റെടുക്കാനുള്ള മാനസിക മുന്നൊരുക്കമെന്ന നിലയില് നാല്പ്പത് ദിവസം നോമ്പ് നിയയമാക്കപ്പെട്ടിരുന്നു എന്ന് ഖുര്ആന് വ്യക്തമാക്കുന്നു. ഭൗതിക താല്പര്യങ്ങളെ ഒരു പരിധവരെ നിയന്ത്രിക്കുമ്പോഴാണല്ലോ ആത്മീയ കഴിവുകള് വികാസം നേടുന്നത്. റമളാനും ഖുര്ആനും തമ്മിലുള്ള ആത്മബന്ധം സ്ഥിരീകരിച്ചുകൊണെ്ടന്നോണം റമസാനില് ഖുര്ആന് പാരായണത്തിന് പ്രത്യേക പദവിയുണ്ട്.
ഇസ്ലാമിക ചരിത്രത്തിന്റെ ഗതി നിര്ണയിച്ച ബദ്റിന്റെ വിജയപശ്ചാത്തലമെന്നതാണ് റമളാന്റെ മറ്റൊരു സവിശേഷത. മുഹമ്മദ് നബി(സ്വ)യെയും അനുയായികളെയും ശത്രുക്കള് തുല്യതയില്ലാത്ത പീഡനങ്ങളേല്പ്പിക്കുകയും തദ്ഫലമായി സ്വന്തം നാടും വീടും വിട്ട് പോവേണ്ടിവരികയും ചെയ്തു. മുസ്ലിംകളെ മദീനയില് നിന്നുപോലും എതിരാളികള് പുകച്ച് പുറത്തുചാടിക്കാന് ശ്രമിച്ചു. അവസാനം നില്ക്കപ്പൊറുതിയില്ലാതായപ്പോള് വളരെ ചുരുങ്ങിയ, വേണ്ടത്ര ആയുധശേഷിയില്ലാത്ത ആ ജനവിഭാഗം യുദ്ധം ചെയ്യാന് മുന്നോട്ടുവന്ന് തങ്ങളുടെ മൂന്നിരട്ടിവരുന്ന എതിരാളികളെ തോല്പിച്ച് തറപറ്റിച്ചു. മുസ്ലിംകള് അന്ന് വിജയിച്ചില്ലായിരുന്നെങ്കില് ഒരു പക്ഷെ ലോകത്തിന് ഇസ്ലാമിന്റെ വെളിച്ചം കാണാനവസരം ലഭിക്കുമായിരുന്നില്ല. റമളാന് പതിനേഴിനാണ് ബദ്ര്യുദ്ധം നടന്നത്. റമളാന്റെ മറ്റൊരു സവിശേഷത ലൈലത്തുല് ഖദ്റിന്റെ സാന്നിധ്യമാണ്. ആയിരം വര്ഷം ദൈവമാര്ഗത്തില് ആരാധനകളനുഷ്ഠിച്ചവന്റെ പ്രതിഫലമാണ് ഒരൊറ്റ രാത്രികൊണ്ട് നേടിയെടുക്കാന് കഴിയുന്നത്. എന്നാല് ഏതാണീ രാത്രിയെന്നു വ്യക്തമല്ല. മുഴുരാവുകളും വിശ്വാസികളതു പ്രതീക്ഷിച്ച ആരാധനയില് മുഴുകണമെന്നാവാം അതുകൊണ്ടുദ്ദേശ്യം.
നോമ്പും ആരോഗ്യവും
ജീവിതത്തില് മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണ് ആരോഗ്യം. അതിനെ സംരക്ഷിക്കലും അസുഖങ്ങള് വരുമ്പോള് ചികിത്സിക്കലും ആരാധനാഭാവത്തോടെയാണിസ്ലാം വീക്ഷിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന് ചികിത്സയെക്കാള് ഉചിതം പ്രതിരോധമാണെന്നാണല്ലോ പൊതുമതം. ക്രമരഹിതവും അനിയന്ത്രിതവുമായ ഭക്ഷണരീതിയാണ് ഒട്ടുമിക്ക രോഗങ്ങളെയും വിളിച്ചുവരുത്തുന്നത്. പ്രമേഹം, ഹൃദയ സതംഭനം, കൊളസ്ട്രോള് തുടങ്ങി രക്തക്കുഴലുകള്ക്കും ആമാശയത്തിനും ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങള്ക്കും കാരണം അമിത ഭക്ഷണമാണ്. ലോകത്തിന്ന് ഭക്ഷണക്കുറവ് കാരണം മരിക്കുന്നതിനെക്കാള് എത്രയോ മടങ്ങ് മനുഷ്യാത്മാക്കള് മൃതിയടയുന്നത് അമിത ഭക്ഷണം കാരണമാണ്. അതുകൊണ്ട് തന്നെ നിയന്ത്രിത ഭക്ഷണമാണ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉചിതം. എന്നാല് കഴിയുന്നത്ര അകത്താക്കണമെന്ന ശരീരത്തിന്റെ ആഗ്രഹമായിരിക്കാം സ്വാഭവികമായും ഇതിന് വിലങ്ങ് നില്ക്കുക. ഇതിനെ നിയന്ത്രിക്കാന് പരിശീലിപ്പിക്കുന്നതാണ് വ്രതാനുഷ്ഠാനം.
ശരീരത്തിന്റെ ഏറ്റവും തിരക്കുപിടിച്ച അവയവവ്യവസ്ഥകളിലൊന്നാണ് ദഹന പ്രക്രിയയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഭാഗങ്ങള്. ഒട്ടുമിക്ക അവയവങ്ങളും വിശ്രമിത്തിനിടം കാണുന്ന രാത്രിപോലും പ്രവര്ത്തനസജ്ജമാവുന്ന ഇവയുടെ സുഗമമായ പ്രവര്ത്തനത്തിന് വിശ്രമം ആവശ്യമാണ്. ഇരുപത്തിനാലു മണിക്കൂറും അവിശ്രാന്തം ഒടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ എഞ്ചിന് വിശ്രമം ആവശ്യമാണ്. അതുപോലെ പതിനൊന്നു മാസം നിരന്തരം പ്രവര്ത്തിക്കുന്ന ദഹനവ്യവസ്ഥക്കു ലഭിക്കുന്ന ശുദ്ധികലശമാണ് വ്രതാനുഷ്ഠാനകാലം.
ഏതൊരു പ്രവര്ത്തനത്തിനും ശരീരത്തില് ഊര്ജ്ജം ആവശ്യമാണ്. ജീവല് പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഊര്ജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ആവശ്യത്തില് കൂടുതലുള്ള ഊര്ജ്ജം ഗ്ലൂക്കോസ് രൂപത്തില് തൊലിക്കുള്ളില് സംഭരിക്കുകയും സന്ദര്ഭോചിതം ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ഗ്ലൂക്കോസ് അമിതമാവുമ്പോള് ഹൃദയരക്തക്കുഴലുകള്, കുടലുകള് തുടങ്ങി സുപ്രാധനമായ പല അവയവങ്ങളിലും അടിഞ്ഞുകൂടി അവയുടെ പ്രവര്ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വ്രതമനുഷ്ഠിക്കുമ്പോള് സംഭരിക്കപ്പെട്ട ഊര്ജ്ജം ഒരു പരിധിവരെ ഉപയോഗപ്പെടുത്താന് കഴിയുന്നതിനാല് പല രോഗങ്ങളെയും പ്രതിരോധിക്കാന് കഴിയും. പ്രസിദ്ധ ചിന്തകനായ എഡിസന്റെ വാക്കുകള് കടമെടുത്താല് ''ഇസ്ലാമിലെ വ്രതാനുഷഠാനം മനുഷ്യന് ഒരു കവചമാണ്. പല മാറാരോഗങ്ങളും പിടിപെടുന്നതില് നിന്ന് മനുഷ്യനെ അതു തടയുന്നു.''
വ്രതത്തിന്റ ആരോഗ്യവശം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. രൂപഭാവങ്ങളില് അന്തരമുണെ്ടങ്കിലും നിരാഹാര ഉപവാസ മുറകള് പഥ്യമായി അനുവര്ത്തിക്കുന്നവരാണ് ശാസ്ത്രജ്ഞരില് പലരും. ആയുര്വേദവും അജിര്ണ്ണ ചികിത്സയും നോമ്പിനെ ഒരു ചികിത്സാരീതിയായി തന്നെ കാണുന്നുണ്ട്. പ്രാചീന ഗ്രീക്ക് ചിന്തകരായ ഹിപ്പോക്രാറ്റസും പൈതഗോറസും തങ്ങളുടെ അനുയായികളെ വ്രതമനുഷ്ഠിക്കാന് പ്രേരിപ്പിച്ചിരുന്നു. കാലപ്പഴക്കം ചെന്ന പലരോഗങ്ങളും ചികിത്സിക്കാന് നോമ്പ് സഹായകമാവുമെന്ന് ആയുര്വ്വേദം അനുശാസിക്കുന്നു. 1971 ഒക്ടോബറില് ഡല്ഹിയില് സംഘടിപ്പിക്കപ്പെട്ട ആയുര്വ്വേദ സെമിനാര് ഇങ്ങനെ അഭിപ്രായപ്പെട്ടു. ''വ്രതമനുഷ്ഠിക്കുന്നത് വാദരോഗങ്ങള്ക്ക് ഫലപ്രദമാണ്. ആരോഗ്യത്തിനത് ഔഷധം പോലെ പ്രധാനമാണ്. പേശികള്ക്കും കലകള്ക്കുമുള്ള വേദനകള്ക്കും മരവിപ്പിനും വ്രതമനുഷ്ഠിക്കുന്നത് ഗുണകരമാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിച്ചാല് ശരീരത്തിലെ ഉച്ഛിഷ്ടങ്ങള് കലകള് വഴി വലിച്ചെടുക്കുകയും അതുവഴി അവശിഷ്ടങ്ങള് ഇല്ലാതാവുകയും ചെയ്യും.''
നോമ്പിലെ ആന്തരിക ഗുണങ്ങള്
ആത്മസംസ്കരണമാണ് നോമ്പിന്റെ സുപ്രധാന ധര്മം. സംസ്കരിക്കപ്പെട്ട മനസ്സിലേ ദൈവസാന്നിധ്യവും സ്വഭാവഗുണങ്ങളും തെളിയൂ. ഒട്ടുമിക്ക തി•കളുടെയും പ്രേരകമായ ദേഹേച്ഛക്കും അതിന്റെ പ്രയോക്താവായ പിശാചിനുമെതിരെയുള്ള ഏറ്റവും കനപ്പെട്ട ചെറുത്തുനില്പ്പാണ് വ്രതം.
രണ്ടുതരം സ്വഭാവ പ്രകൃതികളുടെ സമന്വയമാണ് മനുഷ്യന്. ജീവിതപശ്ചാത്തലമായ മൃഗങ്ങളുടെ ലോകത്ത് അവന് നിലനില്ക്കാനുപോല്ബലകമായ ഭക്ഷണം, ദാമ്പത്യം എന്നിവയാണൊന്നാമത്തേത്. രണ്ടാമത്തേത് അഭൗതിക ലോകവുമായി അവനെ ബന്ധിപ്പിക്കുന്ന ആത്മാവും. ആരാധന, ആദര്ശബോധം തുടങ്ങിയവ ഇതുമായി ബന്ധപ്പെടുന്നു. ആത്മാവിന്റെ അന്നമാണ് ആരാധനകള്. രണ്ട് ലോകങ്ങളെ പ്രതിനീധീകരിക്കുന്ന ഈ സ്വഭാവങ്ങളില് ആത്മാവിന്റെ പുരോഗതിയും നേട്ടവുമാണ് മനുഷ്യന്റെ ലക്ഷ്യം. ഭൗതിക പ്രചോദനങ്ങളായ ആഹാരവ്യവഹാരങ്ങളതിനുള്ള വഴികളോ വാഹനങ്ങളോ ആണ്. മാര്ഗവും ലക്ഷ്യവും ഒരുപോലെ പ്രധാനമാണ്. ഒന്നിനോടുള്ള ആഭിമുഖ്യം രണ്ടാമത്തേതിനെ അവഗണിക്കപ്പെടാനനുവദിക്കാതെ ആത്മനിയന്ത്രണം വഴി അവയുടെ പരസ്പര സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന് കഴിയണം. നിശ്ചിത സമയം ഭക്ഷണ പാനീയങ്ങളുപേക്ഷിക്കുന്നതിലൂടെ ഭൗതിക ലോകത്ത് പാദമൂന്നിക്കൊണ്ട് തന്നെ സ്വയം ആത്മീയ ലോകത്തേക്കുയരാനും, അങ്ങനെ ജ•ംകൊണ്ട് മനുഷ്യനായ ഒരുത്തന് ഭക്ഷണം, സംഭോഗം തുടങ്ങിയ മാനുഷിക ദൗര്ബല്യങ്ങളൊന്നുമില്ലാത്ത മാരാഖമാരുടെ ലോകവുമായി സമാനത പുലര്ത്താനും തന്റെ ഇഛാശക്തികൊണ്ട് സാധ്യമാവുമെന്ന് തിരിച്ചറിയാന് കഴിയുന്നു.
‘ഇസ്ലാം’ എന്ന പദത്തിന്റെ അര്ത്ഥമായ അനുസരണ ഏറ്റവും കൂടുതല് സ്ഫുരിച്ചു നില്ക്കുന്നത് നോമ്പിലാണ്. ശരീരേഛകള്ക്ക് കീഴ്പ്പെടാന് സന്നദ്ധനാവുന്ന പക്ഷം അതിനുവേണ്ടി മൃഗങ്ങള്ക്കപ്പുറം, പിശാചിന്റെ പാതാളം വരെ അധ:പതിച്ച് ഏത് നെറികേടുകളും ചെയ്യാന് മനുഷ്യന് മുതിരുന്നു. ഒരുമിനുട്ട് നേരത്തെ ലൈംഗികാസ്വദനത്തിനോ ചുരുങ്ങിയ സംഖ്യ കൈക്കലാക്കാനോ നിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യന് എന്തൊക്കെ വൃത്തികേടുകള് ചെയ്യുന്നു. അതിന്റെ ദൂശ്യവശങ്ങളെക്കുറിച്ചോ പരിണിതഫലങ്ങളെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. മറിച്ച് ദുര്വികാരങ്ങളെ നിയന്ത്രിച്ചുനിര്ത്താനുള്ള ഇഛാശക്തി ഇല്ലാത്തതുകൊണ്ടാണ്. മനുഷ്യന് സ്വന്തത്തെ നിയന്ത്രക്കാനും, അങ്ങനെ ആത്മാവിനനുസരിച്ച് ശരീരത്തെ മെരുക്കിയെടുക്കാനുമുള്ള ഉള്ക്കരുത്താണ് വ്രതത്തിലൂടെ ലഭ്യമാവുന്നത്. അല്ലാഹുവിനോടുള്ള വിധേയത്വം തനിക്ക് പരമപ്രധാനമാണെന്നും അതിനു മുമ്പില് ശാരീരികാഭിലാഷങ്ങള് പോലും അപ്രസക്തമാണെന്നതാണല്ലോ തനിക്കേറ്റവും പ്രധാനമായ ഭക്ഷണം വര്ജ്ജിക്കുന്നതിന്റെ ധ്വനി.
സഹനവും ക്ഷമയും വളര്ത്തിയെടുക്കുകയെന്നതാണ് വ്രതാനുഷ്ഠാനത്തിലടങ്ങിയ മറ്റൊരാന്തരിക ഗുണം. ആസ്വാദനാത്മകമായ ഭൗതിക സുഖലോലുപതയില് മുഴുകി ദൈവസ്മരണയില് നിന്നകറ്റി നിര്ത്താനാണല്ലോ പിശാച് ഉദ്യമിക്കുന്നത്. ഭൗതിക സുഖലോലുപതക്കു മുമ്പില് തികഞ്ഞ ക്ഷമയും സംയമനവും ഇതിനാവശ്യമാണ്. ശരീരത്തിന്റെ അനിവാര്യ പ്രചോദകങ്ങളായ വിശപ്പും ദാഹവും സഹിക്കുന്നതിന് വലിയ തോതില് ക്ഷമ ആവശ്യമാണ്. അതാണല്ലോ പ്രവാചകര്(സ്വ) പറഞ്ഞത്: ''നോമ്പ് ക്ഷമയാണ്. ക്ഷമയുടെ പ്രതിഫലം സ്വര്ഗ്ഗവും''.
സുഖലോലുപതയുടെ മടിത്തട്ടില് വളരുന്ന ആധുനികന് കൈമോശം വരുന്ന സുപ്രധാന ഗുണം ഈ സഹനവും ക്ഷമയുമാണ്. അതുകൊണ്ടു തന്നെ തെല്ലൊരു അഭിമാനക്ഷതമോ സാമ്പത്തിക നഷ്ടമോ പിടിപെടുമ്പോഴേക്ക്, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശകാരമേല്ക്കുമ്പോഴേക്ക്, നൈരാശ്യം പൂണ്ട് സമനില തെറ്റാനും ഒരു തുണ്ടുകയറിലോ സിറിഞ്ചിലോ മരണം വരിക്കാനും വിവേകശൂന്യനായ മനുഷ്യന് ഒരുമ്പെടുന്നു. സഹനശേഷിയുടെ അഭാവമാണല്ലോ ഇതിനു കാരണം.
മനക്കരുത്തും സമചിത്തതയും പകരലാണ് നോമ്പിന്റെ മറ്റൊരു ഗുണം. ആഢംബരം അലസതക്കും അലസത ഭീരുത്വത്തിനും വഴിയൊരുക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയാണിവിടെ ചോര്ന്നു പോവുന്നത്. കൊട്ടാര മെത്തകളില് കഴിഞ്ഞു കൂടുന്നവര്ക്ക് മുള്നിറഞ്ഞ മലമ്പാതകളെ തരണം ചെയ്യാനാവില്ലല്ലോ.
ഒരു പട്ടാളക്കാരന് കായികബലത്തെക്കാള് മാനസികാരോഗ്യമാണെപ്പോഴും പ്രധാനമെങ്കില് പിശാചിനെതിരെ പടപൊരുതാന് ബാധ്യസ്ഥനായ മനുഷ്യന് വലിയ തോതില് ആത്മവീര്യം അനിവാര്യമാണ്. പ്രവാചകര് (സ്വ) ശത്രുക്കള്ക്കെതിരെ പ്രധമയുദ്ധത്തിന് തെരഞ്ഞെടുത്തത് റമളാന് മാസത്തെ ആയിരുന്നു. മഹാനായ മൂസാ(അ)ന്റെ, ആത്മവീര്യം ചോര്ന്നുപോയ സമൂഹത്തിന് നാപ്പത് വര്ഷത്തെ പ്രതിബന്ധങ്ങള് നിറഞ്ഞ മരുഭൂവാസത്തിലൂടെ നേടിയെടുത്ത മനക്കരുത്ത് കൊണ്ടാണ് ഫലസ്തീന് കീഴടക്കാനായത്. ലോക ചരിത്രത്തിന്റെ പൊതുവായ ഗതി പരിശോധിച്ചാല് ദാരിദ്ര്യവും കഷ്ടപ്പാടുകളും സഹിച്ചവര് ചരിത്രനായക•ാരായി സാമ്രാജ്യങ്ങള് കീഴടക്കിയ നിരവധി സംഭവങ്ങളുണ്ട്. എന്നാല് സുഖലോലുപതയും ആഢംബരപ്രിയവും പിടികൂടുന്നതോടെ അലസരും പരാജിതരുമായി മാറുന്നതാണ് മുറ.
സാമൂഹിക തലത്തിലും വ്രതത്തിന് വലിയ സ്വാധീനമുണ്ട്. സമ്പന്ന വിഭാഗത്തിന് പാവപ്പെട്ടവരനുഭവിക്കുന്ന വിശപ്പിന്റെ തീഷ്ണത അനുഭവിക്കാനും അതുള്ക്കൊണ്ട് പൂര്വ്വോപരി സഹായിക്കാനുള്ള പ്രചോദനമാവുന്നു. ഇതര വേദനകളെയും പ്രതിബന്ധങ്ങളെയുംപോലെ പണക്കൊഴുപ്പുകൊണ്ട് പരിഹരിക്കാവതല്ലല്ലോ നോമ്പ്. പ്രശസ്ത ചിന്തകനായ ആര്ജിന്റെ ഭാഷയില് ഇസ്ലാം നിര്ബന്ധമാക്കിയ വ്രതാനുഷ്ഠാനം കാരണം എന്നും വയറുനിറയെ ഭക്ഷിക്കുന്നവര്ക്ക് ഒട്ടിയ വയറുമായി നടക്കുന്നവന്റെ പട്ടിണിയുടെ രുചി ആസ്വദിച്ചറിയാന് അവസരം കിട്ടുന്നു.