സമസ്ത മുശാവറ

സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്‌ലാമിനെക്കുറിച്ച് അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്‌റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ. തുടക്കത്തില്‍, ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിക്കുകയുണ്ടായി. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. ബഹുമാനപ്പെട്ട സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി മുസ്‌ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന്നു.