മതേതര വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളും പത്രപ്രവര്‍ത്തകരും അഭിഭാഷകരും അഭിനവ പണ്ഡിതരുമെല്ലാം ചേര്‍ന്ന് സകലപ്രചരണ മാധ്യമങ്ങളുമുപയോഗിച്ച് തങ്ങളുടെ വികല ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു.അതിന് വേണ്ടി അവര്‍ ധാരാളം പണവും ചെലവഴിച്ചു. സാത്വികരായ പണ്ഡിതരെ നിസ്സങ്കോചം ശിര്‍ക്കിന്റെ(ബഹുദൈവ വിശ്വാസം) വക്താക്കളായി മുദ്രയടിക്കുകകൂടി ചെയ്തപ്പോള്‍ ശത്രുക്കളുടെ ഹീനശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ജനങ്ങളെ തെര്യപ്പെടുത്താനും `സമസ്ത' നേതാക്കള്‍ നിര്‍ബന്ധിതരായി. അതിന്നവര്‍ കഠിനാധ്വാനം ചെയ്തും ത്യാഗങ്ങള്‍ അനുഭവിച്ചും സംഘടനയുടെ സന്ദേശപ്രചരണാര്‍ത്ഥം നിരവധി സ്ഥലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.
വ്യവസ്ഥാപിതമായി പൊതുസമ്മേളനങ്ങളും വാര്‍ഷികസമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടതിലൂടെ സമസ്തയുടെ ജനസമ്മതി പൂര്‍വ്വോപരി വര്‍ദ്ധിപ്പിക്കാനും ഭൂരിപക്ഷം മുസ്‌ലിംകളെ യഥാര്‍ത്ഥ ഇസ്‌ലാമിക പാതയില്‍ തന്നെ നിലനിര്‍ത്താനും കഴിഞ്ഞു. പുത്തന്‍ ആശയങ്ങളുടെ കടന്നുകയറ്റത്തിനെതിരെ സാമാന്യ ജനങ്ങള്‍ ചിന്തിക്കാന്‍ സമ്മേളനങ്ങള്‍ വളരെയധികം സഹായകമായിത്തീര്‍ന്നു.
രൂപീകരണനാന്തരമുള്ള ആദ്യ 25 വര്‍ഷങ്ങളില്‍ പൊതുസമ്മേളനങ്ങള്‍, ആശയസംവാദങ്ങള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലാണ് `സമസ്ത' കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. കാര്യവട്ടത്ത് നടന്ന 16-ാമത് വാര്‍ഷിക സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. അന്നുമുതലാണ് സമസ്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും റെക്കോര്‍ഡുകളും രജിസ്റ്ററുകളും ശാസ്ത്രീയമായി സംവിധാനിക്കാന്‍ തുടങ്ങിയത്.
അതിനുശേഷം പൊതുസമ്മേളനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തി. 1950ഓടെ സംഘടന കേരളത്തില്‍ കൂടുതല്‍ വേരൂന്നുകയും ശക്തിപ്രാപിക്കുകയും ചെയ്തു. വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി വിവിധ പോഷകസംഘടനകള്‍ രൂപീകരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. തൊട്ടടുത്ത 40 വര്‍ഷത്തിനുള്ളില്‍ സമസ്ത 8 പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും (60-ാം വാര്‍ഷികം) 1996ലെ 25-ാമത്തെയും (70-ാം വാര്‍ഷികം) പൊതുസമ്മേളനങ്ങള്‍ വന്‍ജന പങ്കാളിത്തമുണ്ടായി. ഈ രണ്ടു സമ്മേളനങ്ങള്‍, അവയ്ക്കു സാക്ഷികളായ അച്ചടക്കമുള്ള ജനലക്ഷങ്ങള്‍, അവയുടെ പ്രമേയങ്ങള്‍, ചര്‍ച്ചാ വിഷയങ്ങള്‍, അതുളവാക്കിയ ജനശ്രദ്ധ, പ്രതിഫലനങ്ങള്‍ ഇവയെല്ലാം പരക്കെ പ്രശംസിക്കപ്പെടുകയുണ്ടായി. അതോടെ ഒരിടത്തു മാത്രം സമ്മേളനം സംഘടിപ്പിക്കാന്‍ കഴിയാത്തവിധം സമസ്തയുടെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ദിക്കുകയായിരുന്നു.
അതിന്റെ ഭാഗമായി `സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.
കൂടാതെ നിരവധി ഉപസമ്മേളനങ്ങളും നടന്നു. പോഷക ഘടകങ്ങളും സമ്മേളനങ്ങള്‍ നടത്തി. കേരളത്തില്‍ ഏറ്റവുമധികം പ്രാദേശിക കൂട്ടായ്മകള്‍ നത്തുന്ന സംഘടനയാണ് സമൂഹ സമ്പത്ത് സംരക്ഷിക്കുന്ന കൂട്ടായ്മയാണ് സമസ്തയും കീഴ്ഘടകങ്ങളും. എല്ലാദിവസവും സമസ്തയുടേതായ ധാരാളം ഒത്തുചേരലുകള്‍ കേരളത്തില്‍ നടന്നുവരുന്നു. ഇത്രയധികം കൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ ജനസമ്പത്തും ചര്‍ച്ചചെയ്യാന്‍ ആശയസമ്പത്തുമുള്ള മറ്റൊരു പ്രസ്ഥാനവും കേരളത്തിലില്ല.