സത്യവിശ്വാസിയുടെ ദൈനം ദിന ആരാധനാകര്മങ്ങളും ജീവിത രീതികളും സംബന്ധിച്ച് വ്യക്തവും സമഗ്രവുമായി ചര്ച്ച ചെയ്യുന്ന വൈജ്ഞാനിക ശാഖയാണ് കര്മശാസ്ത്രം(ഫിഖ്ഹ്). അടിസ്ഥാന പരമായി ആരാധനകള്, ഇടപാടുകള്, വൈവാഹികം, കുറ്റകൃത്യങ്ങള് എന്നീ നാലു ഭാഗങ്ങളിലായി വിഭജിക്കപ്പെട്ട ഭരണഘടനകൂടിയാണിത്. വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും ബാദ്ധ്യതകളും അവകാശങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന കര്മ്മശാസ്ത്രം മനുഷ്യ ജീവിതത്തിനാവശ്യമായ സര്വ്വ മേഖലകളും ചര്ച്ച ചെയ്യുന്നു.
ഫിഖ്ഹ് എന്നത് ഒരു ഗവേഷണ വിശയവും ശാസ്ത്ര ശാഖയുമായി പരിഗണിക്കപ്പെടുംമ്പോള് അതിന്റെ ഉല്ഭവവും വികാസവും എപ്പോള് എങ്ങിനെ എന്ന് വിശദീകരിക്കുകയാണിവിടെ.
നബി(സ്വ)യുടെ കാലത്ത് തന്നെ ഉത്ഭവിച്ച് സമ്പൂര്ണമായ കര്മശാസ്ത്രം കാലക്രമേണ ഒരു കലയായി വികസിക്കുകയും ക്രോഡീകൃതമാവുകയും ചെയ്തു. ഫിഖ്ഹിന്റെവികസനം പ്രധാനമായും അഞ്ച് ഘട്ടങ്ങളിലായാണുള്ളത്:
ഘട്ടം 1) മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹുവില് നിന്ന് ഉത്ബോധനം ലഭിച്ചത് മുതല് ഇഹലോക വാസം വെടിയുന്നത് വരെ യുള്ള 23 വര്ഷങ്ങളാണ് ഫിഖ്ഹിന്റെ ആദ്യഘട്ടം. നബി തങ്ങള് തന്നെയായരുന്നു ഈ കാലത്തെ പ്രധാന അവലംബം. മൂന്ന് വിധേനയാണ് ഈ ഘട്ടത്തില് നിയമങ്ങള് രൂപപ്പെട്ടത്:
എ) അല്ലാഹുവില് നിന്നുള്ള ഉത്ബോധനത്തിലുടെ പ്രശ്നങ്ങള്ക്ക് മറുപടി നല്കുന്നു.
ബി) അനുചര•ാരുമായി കൂടിയാലോചിച്ച് മറുപടി നല്കുന്നു. ഒന്നുകില് വഹ്യ് ഇതിനെ ശരിവെക്കുകയോ അല്ലങ്കില് തിരുത്തുകയോ ചെയ്യും.
സി) ഉല്ബോധനമോ കൂടിയാലോചനയോ ഇല്ലാതെത്തന്നെ നബി(സ്വ) നേരിട്ട് ഗവേഷണം ചെയ്ത് വിധി പറയുന്നു.
നബി(സ്വ) തന്നെയാണ് ഈ കാലത്തെ മതവിധികളുടെ സ്രോതസ്സെങ്കിലും ഇസ്ലാമിക നയങ്ങള്ക്കനുകൂലമായി ഫത്വ നല്കുന്ന സ്വഹാബിമാരുമുണ്ടായിരുന്നു. പ്രവാചകര് ഇത് അറിയാറുമുണ്ടായിരുന്നു.
ഘട്ടം 2) നബി(സ്വ)യുടെ വഫാത്തിനു ശേഷം ഇസ്ലാമിക സാമ്രാജ്യം കൂടുതല് വിശാലമാകുകയും പുതിയ സംഭവ വികാസങ്ങള് ഉടലെടുക്കുകയും ചെയ്തു. ഈ കാലത്ത് പുതിയ പ്രശ്നങ്ങളുടെ വിധികളറിയാന് ജനങ്ങള് ആശ്രയിച്ചിരുന്നത് ജീവിച്ചിരിക്കുന്ന പ്രമുഖ സ്വഹാബിമാരെയായിരുന്നു.
ഈ കാലഘട്ടത്തിന്റെ ആദ്യ ഭാഗത്താണ് ഖുര്ആനും സുന്നത്തിനും പുറമെ ഇസ്ലാമിക വിധികള് കണ്ടെത്താന് ഇജ്മാഅ് എന്നൊരു അടിസ്ഥാനം കൂടി നിലവില് വരുന്നത്. അത് കൊണ്ട് തന്നെ പുതിയ പ്രശ്നങ്ങള് ഉയര്ന്നു വരുമ്പോള് ഖലീഫമാര് ആദ്യമായി ഖുര്ആനും ഹദീസും പരിശോധിക്കുകയും അവയില് ഇല്ലെങ്കില് നബി(സ്വ)യുമായി കൂടുതല് ബന്ധമുള്ള സ്വഹാബിമാരെ വിളിച്ചു വരുത്തി അവരുമായി ചര്ച്ച ചെയ്തു വിധികള് പ്രഖ്യാപിക്കുകയുമായിരുന്നു.
സ്വഹാബികളുടെ അവസാന കാലമായപ്പോഴേക്കും ഇസ്ലാമിക സാമ്രാജ്യത്തിന്റെ നടപടിക്രമങ്ങളില് അനറബികളും പരദേശികളും ഇടപെട്ടു തുടങ്ങിയിരുന്നു. ചില ദുഷ്ട ബുദ്ധികള് അനിസ്ലാമികമായ പലതും ഇസ്ലാമിക കാര്യങ്ങളില് കടത്തിക്കൂട്ടാന് ശ്രമിക്കുകയും ചെയ്തു. അതോടെ ഹദീസും ഖുര്ആനും വികലമായി വ്യാഖ്യാനിക്കപ്പെടാനും സ്വയേഷ്ടം ഫത്വകള് നല്കാനും തുടങ്ങി. ഇസ്ലാമിക പ്രമാണങ്ങളില് സത്യാസത്യങ്ങള് തിരിച്ചറിയാന് ജനങ്ങള് പാടുപെട്ടു. എന്നാലും ഖലീഫമാര് ഓരോ സംസ്ഥാനങ്ങള്ക്കും നിശ്ചയിച്ചു നല്കിയിരുന്ന ഖാദിമാര് കാര്യങ്ങള് ഭംഗിയായി നിര്വഹിച്ചു പോന്നു.
ഘട്ടം 3) ഇസ്ലാമിക സാമ്രാജ്യം വികസിക്കുന്നതിനനുസരിച്ച് പുതിയ പ്രശ്നങ്ങള് ഉയര്ന്ന് വരികയും അവക്കു വിധികള് കണ്ടെത്തേണ്ടി വരികയും ചെയ്തു. അതുകൊണ്ട് തന്നെ പലരും ഖുര്ആനിലും സുന്നത്തിലും ഗവേഷണം നടത്തി വിധികള് കണ്ടെത്തിത്തുടങ്ങി. ഗവേഷകര്ക്കനുസരിച്ച് വ്യത്യസ്ത അപിപ്രായങ്ങളും കണ്ടെത്തലുകളും വന്നുതുടങ്ങി. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി പല പണ്ഡിതരും ജനങ്ങള്ക്ക് ദീനീ വിദ്യാഭ്യാസം നല്കിക്കൊണ്ടിരുന്നു. പലര്ക്കും ഹദീസും ഖുര്ആനും വ്യാഖ്യാനിക്കുന്നതില് വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു. ഇക്കാലത്ത് പ്രധാനമായും രണ്ട് വൈജ്ഞാനിക കേന്ദ്രങ്ങളില് നിന്നായിരുന്നു മുസ്ലിംകള് ഫിഖ്ഹ് പഠിച്ചിരുന്നത്. ഹിജാസും ഇറാഖും.
1. അഹ്ലുല് ഹദീസ് (ഹിജാസ്)
2. അഹ്ലുല് റഅ്യ് (ഇറാഖ്)
അഹ്ലുല് ഹദീസ്, ഖുര്ആനിലും സുന്നത്തിലും വന്ന വിധിവിലക്കുകള് അവലംബിക്കുന്നതോടൊപ്പം ഹിജാസിലെ ജനങ്ങളുടെ നാട്ടുനടപ്പ് കൂടി അവലംബമായി കണ്ടിരുന്നു. ഹിജാസിലെ നാട്ടുനടപ്പുകള് നബി(സ്വ)യില് നിന്ന് ശീലച്ചതാണെന്നതിനാലായിരുന്നു ഇത്. അബ്ദുല്ലാഹിബ്നു ഉമര്(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്നു അംറ് ബ്നുല് ആസ്വ്(റ) തുടങ്ങിയവരായിരുന്നു അഹ്ലുല് ഹദീസിലെ പ്രമുഖര്.
അഹ്ലുര്റഅ്യ് ഖുര്ആനും ഹദീസിനുമൊപ്പം ഇവ രണ്ടിലും വന്നിട്ടുള്ള വിധികളുടെ ന•കളുടെ കാരണങ്ങളും കണ്ടെത്തുകയും അവക്കനുസരിച്ച് കര്മ്മ ശാസ്ത്രത്തെ മുന്നോട്ട് നയിക്കാന് ശ്രമിക്കുകയും ചെയ്തു. ഇസ്ലാമിക കേന്ദ്രങ്ങളായ മക്കയില് നിന്നും മദീനയില് നിന്നും വിദൂരമായിരുന്നതിനാലും പ്രബലമായ ഹദീസുകള് കുറവായിരുന്നതിനാലുമാണ് ഇവര് ഖുര്ആനും ഹദീസിനും പുറമെ ചിന്തക്കു കൂടി പ്രാധാന്യം നല്കിയിരുന്നത്. ചിന്തക്ക് പ്രാധാന്യം നല്കുക എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ഖുര്ആനോടും സുന്നത്തിനോടും പൂര്ണമായി യോജിക്കുന്ന രീതിയില് ഖിയാസിലൂടെയും ഇസ്ലാമിലെ പൊതു നിയമങ്ങള് അവലംബിച്ചുമാണ് വിധികള് കണ്ടെത്തിയിരുന്നതെന്നാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ആയിരുന്നു ഈ ചിന്താധാരയിലെ പ്രമുഖന്. അദ്ദേഹത്തിനു ശേഷം അല്ഖമത്തുന്നഖ്ഈയും പിന്നീട് ഇബ്റാഹീമുന്നഖ്ഈയുമാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. പിന്നീട് ബഹുമാനപ്പെട്ട അബൂ ഹനീഫ(റ) ആണ് ഇതിന്റെ നേതൃത്തം ഏറ്റെടുത്തത്.
ഇവര് ഖുര്ആനിലും ഹദീസിലും വന്ന വിധികളുടെ അര്ത്ഥ തലങ്ങളും കാരണങ്ങളും വിശകലനം ചെയ്യുകയും കണ്ടെത്തുന്ന വിധികളില് ന•ക്ക് പ്രത്യേക പ്രാധാന്യം നല്കുകയും ചെയ്തു. പ്രബലമായ ഹദീസുകള് കുറയുകയും നബി(സ്വ)യുടെയും സഹാബികളുടെയും കാലത്തില് നിന്നും വിത്യസ്തമായി പുതിയ സംഭവ വികാസങ്ങള് പുതുതായി ഉടലെടുത്തതുമാണ് ഇവര് ഈ മാര്ഗം സ്വീകരിക്കാന് കാരണം.
ഘട്ടം 4). ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തേടെയാണ് ഫിഖ്ഹിന്റെ വികാസത്തിന്റെ നാലാം ഘട്ടം ആരംഭിക്കുന്നത്. മുന്കാലങ്ങളില് നിന്നും വ്യത്യസ്തമായി ഈ കാലത്ത് ഹദീസുകളും സ്വഹാബികളുടെ വചനങ്ങളും ക്രോഡീകരിച്ചതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. അമവീ ഖലീഫയായിരുന്ന ഉമറുബ്നു അബ്ദുല് അസീസ്(റ) ആണ് ഇതിന് മുന്കൈയെടുത്തെത്.
ഇക്കാലത്ത് പല പണ്ഡിത•ാരും പല കേന്ദ്രങ്ങളിലായി ജനങ്ങളെ മസ്അലകള് പഠിപ്പിച്ചു കൊണ്ടിരന്നു. അതതു കേന്ദ്രങ്ങളിലെ പൊതു ജനങ്ങള് അവലംബിച്ചിരുന്നതും ഇത്തരം പണ്ഡിതരെയായിരുന്നു. എന്നാല് ഓരോ പണ്ഡിതന്റെയും വീക്ഷണ വൈജാത്യങ്ങള്ക്കനുസരിച്ച് വിധികളിലും വ്യത്യാസങ്ങള് ഉണ്ടായിരുന്നു. ഈ അവസ്ഥ മുന്നോട്ട് പോയാല് ഇസ്ലാം വികലമായിപ്പോകുമെന്ന് മനസ്സിലാക്കിയ പണ്ഡിതന്മാര്, ഇസ്ലാമിക ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില് വിധിയന്വേഷിക്കുമ്പോള് ഖുര്ആനും സുന്നത്തുമായി എങ്ങിനെ പെരുമാറണമെന്നും ഇത്തരം വിഷയങ്ങളില് അവലംബിക്കാവുന്ന മറ്റു പ്രമാണങ്ങള് ഏതൊക്കെയാണെന്നതിനുമുള്ള വ്യവസ്ഥകള് വെച്ചു. ചിലര് അവര് ഗവേഷണം മുഖേന കണ്ടെത്തുന്ന നിയമങ്ങള് എഴുതി വെക്കാന് തുടങ്ങി. കാലക്രമേണ ഇത്തരം വ്യവസ്ഥകള്ക്ക് യോജിച്ച് നിയമങ്ങള് പണിത പണ്ഡിതരുടെ ഫത്വകള് പൊതുജനങ്ങളും മറ്റു പണ്ഡിതരും അവലംബിക്കാന് തുടങ്ങി. അതോടൊപ്പം അപൂര്ണവും വ്യവസ്ഥാപിതമല്ലാത്തതുമായ ഫത്വകള് കാലഹരണപ്പെടുകയും ചെയ്തു.
ഘട്ടം 5). അമവീ ഭരണകൂടത്തിന്റെ അവസാനത്തോടെ ഫിഖ്ഹിന്റെ വികാസത്തിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. ഹിജ്റ നാലാം നൂറ്റാണ്ടിന്റെ അവസാനം വരെ നീളുന്ന ഈ ഘട്ടത്തിലാണ് നാല് മദ്ഹബുകളുടെ ഇമാമുമാരടക്കം ഫിഖ്ഹിനെ സമഗ്ര വിജ്ഞാന ശാഖയാക്കി ക്രോഡീകരിച്ച പണ്ഡിതന്മാര് ജീവിച്ചത്. ഇജ്തിഹാദിന്റെ സുവര്ണ കാലമായിട്ടാണ് ഇത് അറിയപ്പെടുന്നത്. 13ഓളം യോഗ്യരായ മുജ്തഹിദുകള് ഈ കാലയളവില് ഉണ്ടായിരുന്നു. ഇവരുടെ മദ്ഹബുകള് ക്രോഡികരിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്തിരുന്നെങ്കിലും ഇവയില് മിക്കതും കാലക്രമേണ അനുയായികളില്ലാതെ വരികയും അപ്രത്യക്ഷമാകുകയും ചെയ്തു. ഈ കാലഘട്ടത്തില് ക്രോഡീകരിക്കപ്പെട്ടതും വ്യവസ്ഥാപിതവും കര്മശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്ക്കനുസൃതവുമായ 4 മദ്ഹബുകള് പിടിച്ചു നിന്നു. പിന്നീട് വന്ന മുഴുവന് പണ്ഡിതരും ഇവയിലേതെങ്കിലുമൊരു മദ്ഹബനുസരിച്ച് ജീവിക്കുകയാണ് ചെയ്തത്.