നിസ്കാരത്തിന്റെ സത്തും ശൈലിയും

ശരീരത്തിലെ എല്ലാ അവയവങ്ങളും ഉള്ച്ചേരുന്നു എന്നതാണ് നിസ്കാരത്തിന്റെ സവിശേഷതകളിലൊന്ന്. ഹൃദയം കൊണ്ടുള്ള കേവല ധ്യാനമോ ശാരീരിക വ്യായാമമുറകളോ മാത്രമാണ് ആരാധനയെന്നു വിശ്വസിക്കുന്ന തനി ആദ്ധ്യാത്മികവാദികളും സൈദ്ധാന്തികരുമുണ്ട്. എന്നാല് നിസ്കാരത്തില് ശാരീരിക അവയവങ്ങള്, ബുദ്ധി, ബോധമനസ്സ്, ഇവ മൂന്നും ഒരേ പോലെ ലയിക്കുന്നു.
നിസ്കാരത്തിന്നു നിശ്ചയിക്കപ്പെട്ട കര്മക്രമങ്ങളില് ശരീരത്തിലെ ഇരുനൂറ്റിനാല് അസ്ഥികള്ക്കും അവയോടു ചേര്ന്നു നില്ക്കുന്ന മുഴുവന് ഭാഗങ്ങള്ക്കും ചലനം സംഭവിക്കുന്നു. ബുദ്ധിയുടെ അസാന്നിധ്യത്തില് എത്ര ഭംഗിയായി അവയവ ചലനമുണ്ടായിട്ടും പ്രയോജനമില്ല. മന്ദബുദ്ധിയോ ലഹരിയോ ബാധിച്ചവന്റെ നിസ്കാരം സാധുവാകുന്നില്ല. ''നിങ്ങള് ലഹരി ബാധിതരായി നിസ്കാരത്തോടടുത്ത് പോവരുത്.'' (ഖു: 4:43). ഹൃദയത്തിന്റെ സവിശേഷഗുണങ്ങളായ ഭക്തി, വിനയം, അനുസരണ എന്നിവ നിസ്കാരത്തിന്റെ അനുപേക്ഷണീയ ഘടകങ്ങളാണ്. ''വിനയ പാരവശ്യത്തോടെ നിസ്കരിക്കുന്ന വിശ്വാസികള് വിജയികളാണ്.'' (ഖു: 23:1,2) എന്ന വാക്യമതാണല്ലോ സൂചിപ്പിക്കുന്നത്. മന:സാന്നിധ്യമില്ലാത്ത നിസ്കാരം അല്ലാഹുവിന്റെ ശാപകോപങ്ങള്ക്കുപോലും ഹേതുകമാവുമെന്നാണ് അശ്രദ്ധരായി നിസ്കരിക്കുന്നവര്ക്കാണ് നാശമെന്ന ഖുര്ആന് വാക്യത്തിന്റെ പൊരുള്.
നിസ്കാരമെന്നതു കേവല ചടങ്ങോ കര്ത്തവ്യ നിര്വഹണമോ അല്ല. അതിന്റെ ഉപരിഘടന വാചികം, കര്മപരം, വിചാരപരം തുടങ്ങിയ മൂന്നുമുള്പ്പെട്ടതാണ്. വിചാരപരമെന്നതിന്റെ ഘടനാപരമായ സ്ഥാനം തുടക്കത്തിലാണെങ്കിലും അതിനു വിരുദ്ധമായ ചിന്താഗതി ഇടക്ക് വന്നാലും നിസ്കാരത്തിന്റെ സാധുതയെ ബാധിക്കും. കര്മങ്ങളും പ്രാര്ത്ഥനകളും ഇടകലര്ന്നാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ജീവിതത്തിലാകമാനം ആഴമേറിയ സ്വാധീനം സൃഷ്ടിക്കാനുതകുന്ന ഗൗരവമേറിയ ഒരനുഭവതീര്ത്ഥമാണ് നിസ്കാരം. സര്വ്വശക്തനും കാരുണ്യവാനും രാജാധിരാജനുമായ അല്ലാഹുവിന്റെ പടിവാതില്ക്കല് ദുര്ബലനും വിനയ നിര്ഭരനുമായ ഒരടിമക്ക് പ്രകടിപ്പിക്കാവുന്നതില് അങ്ങേ അറ്റത്തെ വണക്കമാണത്. ഓരോ കര്മത്തിലൂടെയും അവയിലടങ്ങിയ പ്രാര്ത്ഥനകളിലൂടെയും ഓരോ അടി അല്ലാഹുവുമായി അടുക്കാവുന്ന രീതിയിലാണതിന്റെ ക്രമീകരണം.
'അല്ലാഹു അക്ബര്' എന്ന വാക്യമുരുവിട്ടാണ് ഒരാള് നിസ്കാരത്തിലേക്ക് കടക്കുന്നത്. അല്ലാഹുവാണ് ഏറ്റവും വലിയവന് എന്നാണിതിനര്ത്ഥം. മനുഷ്യനതുവരെ വ്യാപൃതനായിരുന്ന ഭൗതിക വ്യവഹാര കോലാഹലങ്ങളില് നിന്നെല്ലാം തല്ക്കാലം രാജിയായി അല്പ്പസമയത്തേക്ക് ആത്മീയതയുടെ അനുഭവ ലോകത്തേക്ക് ചിറകടിച്ചുയരാനുള്ള ചവിട്ടുപടിയാണിത്. ഭൂമിയില് താനുമായി ബന്ധപ്പെട്ട സകല വസ്തുക്കളെക്കാള് അല്ലാഹുവാണ് ഉന്നതനെന്ന് ഇതിലൂടെ സമ്മതിക്കുന്നു. ലോകത്ത് അധികാരത്തിന്റെ പ്രമത്തതയില് അജയ്യരും സര്വ്വാതിശയികളുമായി വിരാജിച്ച പരശ്ശതം ഭരണ കേന്ദ്രങ്ങളെ വിറപ്പിച്ച് വിജയത്തിന്റെ വീരഗാഥകള് സൃഷ്ടിക്കാനുള്ള പശ്ചാത്തലമൊരുക്കിയ മാസ്മരിക മന്ത്രത്തോളം അല്ലാഹുവിന്റെ ഔന്നത്യം പ്രകാശിതമാവുന്ന മറ്റൊരു വാക്യവുമില്ലാത്തതിനാലാവാം നിസ്കാരത്തിലിതിന് പ്രഥമസ്ഥാനം നല്കപ്പെട്ടതും ഓരോ ചലനത്തിലുമിതാവര്ത്തിക്കാനനുശാസിക്കപ്പെട്ടതും. തുടര്ന്ന് പ്രാര്ത്ഥനകളുടെ മുഖവുരയെന്നോണം ''ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിലേക്ക് ഞാനിതാ എന്റെ മുഖം തിരിക്കുന്നു...........'' എന്ന പ്രതിജ്ഞാസമാനമായ വാക്യമുരുവിടുന്നു.
പ്രാര്ത്ഥനയാണ് നിസ്കാരത്തിന്റെ ആത്മാവ്. പ്രാര്ത്ഥനയെന്നാല് ജീവിതത്തിലുടനീളം തനിക്കാവശ്യമായ കാര്യങ്ങളുടെ നീണ്ടപട്ടിക ദൈവസന്നിധിയില് സമര്പ്പിക്കലല്ല. ഗംഗാ നദി ഒഴുക്കാനും എതിരാളികളെ തകര്ക്കാനുമടക്കം ഭൗതികമായ പല കാര്യലാഭങ്ങള്ക്കും വേണ്ടി ദീര്ഘകാലം ധ്യാനങ്ങളും യാഗമുറകളുമനുവര്ത്തിച്ച ഋഷിവീരാരുടെയും മാമുനിമാരുടെയും ഐതിഹ്യകഥകള് നിറഞ്ഞതാണ് ആര്ഷഭാരത കാലഘട്ടം. അല്ലാഹുവിന്റെ മഹത്വവും ശ്രേഷഠഗുണങ്ങളും വാഴ്ത്തലും സ്തുതികീര്ത്തനങ്ങളാലപിക്കലും പാപമോചനത്തിനും ഐഹിക പാരത്രിക മോക്ഷത്തിനും വേണ്ടി ഉള്ളുരുകി അവനോടപേക്ഷിക്കലുമാണ് ഇവിടെ പ്രാര്ത്ഥന കൊണ്ടുദ്ദേശിക്കപ്പെടുന്നത്.
നിസ്കാരത്തിന്റെ ഹൃദയഭാഗം ഫാത്തിഹയാണ്. ഫാത്വിഹയുടെ ആദ്യഭാഗം സ്തേത്രങ്ങളും അവസാനഭാഗം പ്രാര്ത്ഥനയുമാണ്. ലോകത്ത് കോടാനുകോടി മനുഷ്യര് അനുനിമിഷം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഫാതിഹയുടെ ഉള്ളടക്കം ആകര്ഷകവും ചിന്തോദ്ദീപകവുമാണ്. ''പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്. ലോകരക്ഷിതാവായ അല്ലാഹുവിനാണ് സകല സ്തുതികളും. അവന് പരമകാരുണികനും കരുണാനിധിയുമാണ്. (തികള് നോക്കാതെ ഭൂമിലോകത്ത് അനുഗ്രഹങ്ങള് ചൊരിയുകയും ചെയ്തവര്ക്ക് പരലോകത്ത് തക്കപ്രതിഫലവും ദുഷ്കര്മികള്ക്കതിന്റെ തിക്തഫലവും വകവെച്ചു കൊടുക്കുന്നവനെന്ന വിശേഷണമാണ് മനുഷ്യന് ഏറെ പ്രതീക്ഷയും പ്രത്യാശയും നല്കുന്നത്) അന്ത്യനാളിന്റെ പരമാധിപനാണവന്. (ഇതോടെ അടിമ അല്ലാഹുവുമായി ഒരു പടി കൂടി അടുത്ത് നേരിട്ടുള്ള സംബോധന ശൈലിയിലേക്ക് കടക്കുന്നു) നിന്നെ മാത്രം ഞാന് ആരാധിക്കുകയും നിന്നോടുമാത്രം ഞങ്ങള് സഹായം തേടുകയും ചെയ്യുന്നു. (സ്തുതിഗീതങ്ങളില് നിന്ന് പ്രാര്ത്ഥനയിലേക്ക് പ്രവേശിക്കുന്നു) നീ ഞങ്ങളെ നേരായ വഴിയില് നടത്തേണമേ; നീ അനുഗ്രഹം ചൊരിഞ്ഞവരുടെ മാര്ഗം, കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്ഗമല്ല.'' ശേഷം ഖുര്ആനിലെ ഇഷ്ടമുള്ള ഏതെങ്കിലുമൊരു ഭാഗം പാരായണം ചെയ്യലാണ് പ്രവാചക ചര്യ. ഇത്രയും പ്രാര്ത്ഥിക്കുന്നത് വളരെ അച്ചടക്കത്തോടെ നിന്നനില്പ്പിലാണ്.
മനസ്സുകൊണ്ട് അല്ലാഹുവോട് കൂടുതല് അടുപ്പം നേടിയ മനുഷ്യന് ഇത്രയുമാവുന്നതോടെ അല്ലാഹുവിന്റെ മഹത്വത്തിനുമുമ്പില് തലകുനിച്ച് നിന്നുകൊണ്ട് നാക്കുകൊണ്ടവ ഏറ്റു പറയുന്നു. ശേഷം നേരെ നിന്നുകൊണ്ട് നിസ്കാരത്തിലെ ഏറ്റവും ഭാവാത്മകവും, അല്ലാഹുവുമായി അടിമ ഏറ്റവും കൂടുതല് സാമീപ്യം പ്രാപിക്കുകയും ചെയ്യുന്ന സുജൂദിന് (സാഷ്ടാഗം) വേണ്ടി തയ്യാറാവുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും പവിത്രമായ അവയങ്ങളായ മുഖവും കാല്മുട്ടും മണ്ണോട് ചേര്ത്തുവെക്കുമ്പോള് തന്റെ നിസാരതയും അല്ലാഹുവിന്റെ മഹത്വവും സര്വ്വാത്മനാ സമ്മതിക്കുകയാണ്. മനുഷ്യന് തന്റെ വണക്കവും വിധേയത്വവും കാണിക്കാന് ഇതിനെക്കാള് ഉചിതമായ മറ്റൊരു വഴിയുണേ്ടാ? അതുകൊണ്ട് തന്നെ ഇതര കര്മങ്ങളില് നിന്ന് വ്യത്യസ്തമായി സുജൂദ് രണ്ട് പ്രാവശ്യം നിര്വ്വഹിക്കപ്പെടുന്നു.
അവസാനമായി നിസ്കാരത്തില് നിന്ന് വിരമിക്കുന്നതിനു മുമ്പ് വളരെ അച്ചടക്കത്തോടെ താഴെയിരുന്ന്അത്തഹിയ്യാത്ത്’, ‘സ്വലാത്ത്’, പ്രാര്ത്ഥന എന്നിവ ഉരുവിടുന്നു. ‘അത്തഹിയ്യാത്ത്അല്ലാഹുവിന്റെ സ്തുതി കീര്ത്തനങ്ങളും സ്വലാത്ത് മുഹമ്മദ് നബി(സ്വ)യുടെ ശ്രേഷഠഗുണങ്ങളും അവസാനം തന്റെ പാപമോചനവും നരകമോചനവും പ്രമേയമാക്കിക്കൊണ്ടുള്ള പ്രാര്ത്ഥനയുമാണ്. തക്ബീറത്തുല് ഇഹ്റാമോടെ താല്ക്കാലികമായി തന്റെ കുടുംബത്തില് നിന്ന് വിട്ടുനിന്ന്, ഭൗതിക താല്പര്യങ്ങളെല്ലാം മാറ്റി നിര്ത്തി ഏകാഗ്രമായി ദൈവസാന്നിധ്യമനുഭവിച്ച മനുഷ്യന് നിസ്കാരത്തിന് വിരാമമിട്ട് സലാം ചൊല്ലി വീണ്ടും തന്റെ ചുറ്റുപാടുകളിലേക്ക് തിരിച്ചുവരുന്നു.
ദൈവത്തിനുമുമ്പില് മനുഷ്യന് സ്വമേധയാ അനുവര്ത്തിക്കുന്ന വിധേയത്വം അവന്റെ അന്തസ്സും അഭിമാനവും വര്ദ്ധിപ്പിക്കുകയാണ്. കാരണം ഭൗതിക ലോകത്തു ഒരാള്ക്കു മുമ്പിലും തലകുനിക്കാന് സന്നദ്ധനല്ലെന്നും, പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വമംഗീകരിച്ചതിനാല്, ഭൗതികമായ സമ്മര്ദ്ദങ്ങളില്ലാഞ്ഞിട്ടും അവനെ സ്വമേധയാ ആരാധിക്കാന് തയ്യാറാവുമ്പോള് അവന്റെ അന്തസ്സും അഭിമാനവും വര്ദ്ധിക്കുകയാണ്.