വുളൂ മുറിയുന്ന കാര്യങ്ങള് നാലെണ്ണമാണ്. അതായത് അംഗസ്നാനം നടത്തി ശുദ്ധിയുള്ളവനായിരിക്കെ പിന്നീട് താഴെ പറയുന്നവയില് ഏതെങ്കിലും സംഭവിച്ചാല് ശുദ്ധി നഷ്ടപ്പെടും. അതോടെ ശുദ്ധി ആവശ്യമായി വരുന്ന നിസ്കാരം ഖുര്ആന് പാരായണം തുടങ്ങിയ ആരാധനകളിലേര്പ്പെടാന് വീണ്ടും വുളൂഅ് ചെയ്യേണ്ടതായി വരും. വുളൂഅ് മുറിയുന്ന കാര്യങ്ങള് ഇവയാണ്:
1. മുന്ദ്വാരത്തിലൂടെയോ പിന്ദ്വാരത്തിലൂടെയോ ഇന്ദ്രിയമല്ലാത്ത വല്ലതും പുറത്ത് വന്നാല് വുളൂ മുറിയുന്നതാണ്. മൂത്രം, കാഷ്ടം പോലുള്ള സാധാരണ വരുന്നവയാണെങ്കിലും മൂലക്കുരു രക്തം പോലെ അപൂര്വ്വമായി വരുന്നതാണെങ്കിലും ഇതേ നിയമം തന്നെയാണ്. പക്ഷേ, മാലികീ വീക്ഷണ പ്രകാരം സാധാരണ പുറത്ത് വരുന്നവയാല് മാത്രമേ വൂളൂ മുറിയുകയുള്ളൂ. അപൂര്വ്വമായി വരുന്ന മൂലക്കുരുവിന്റെ രക്തം പോലുള്ളവയാല് വുളൂ മുറിയുന്നതല്ല. ഇന്ദ്രിയം പുറപ്പെട്ടാല് കുളി തന്നെ നിര്ബന്ധമാണ്.
2. ബുദ്ധി, വകതിരിവ് നീങ്ങലും വുളൂ മുറിയാനുള്ള ഒരു കാരണമാണ്. ഉറക്ക്, ബോധക്കേട്, ഭ്രാന്ത്, മത്ത് പിടിക്കല് തുടങ്ങിയവ മൂലം ഒരു മനുഷ്യന്റെ ബുദ്ധിനീങ്ങിയാല് അയാളുടെ വുളൂ മുറിയുമെന്നര്ഥം. ”ആരെങ്കിലും ഉറങ്ങിയാല് അവന് വുളൂ എടുക്കട്ടെ” എന്ന ഹദീസാണിതിന്നാധാരം. എന്നാല് തൂക്കിയുറക്കം, മത്ത് പിടിക്കലിന്റെ ആരംഭാവസ്ഥ എന്നിവ കൊണെ്ടാന്നും വുളൂമുറിയുകയില്ല. കാരണം, ഇവ മൂലം ബുദ്ധി നീങ്ങുന്നില്ല. ചുറ്റുപാടുമുള്ള സംസാരം മനസ്സിലാക്കുന്നില്ലെങ്കിലും അവ്യക്തമായി കേള്ക്കുന്ന രീതിയിലുള്ള ഉറക്കം തൂക്കിയുറക്കത്തിന്റെ പരിധിയില്പെടുന്നതാണ്. അതുപോലെ ഒരാള് ഉറങ്ങുകയായിരുന്നോ അതോ തൂക്കിയുറക്കമായിരുന്നോ എന്ന് സംശയിച്ചാലും വുളൂ മുറിയുന്നതല്ല.
ഇരിപ്പിടത്തില് ചന്തി ഉറപ്പിച്ച് ഇരുന്ന് ഉറങ്ങുന്നതുമൂലം വുളൂ മുറിയുന്നതല്ല. കീഴ്വായു പുറപ്പെടാന് ഒരു സാധ്യതയും കാണുന്നില്ല എന്നതിനാലാണിത്.
3. മനുഷ്യന്റെ ഗുഹ്യസ്ഥാനമോ അത് മുറിഞ്ഞ് പോയ സ്ഥലമോ ഉള്ളം കൈ കൊണ്ട് തൊട്ടാല് വുളു മുറിയുന്നതാണ്. ”ആരെങ്കിലും ലിംഗം സ്പര്ശിച്ചാല് അവന് വുളൂ ചെയ്യട്ടെ’ എന്ന ഹദീസാണിതിന്നവലംബം.
മൃതദേഹത്തിന്റേതായാലും കുട്ടിയുടേതായാലും മുന്ദ്വാരമായാലും പിന്ദ്വാരമായാലുമൊക്കെ ഇതേ നിയമം തന്നെയാണ്. അതായത് വുളൂ മുറിയുന്നതാണ്. മലദ്വാരത്തിന്റെ ചുരുളുകള് ഒരുമിച്ച് കൂടിയ സ്ഥലവും യോനിയുടെ ചുണ്ടുകള് സന്ധിക്കുന്ന സ്ഥലവുംസ്പര്ശിച്ചാലാണ് വുളൂ മുറിയുക. അതിന്നപ്പുറത്തേക്ക് തൊട്ടാല് വുളൂ മുറിയുകയില്ല. എന്നാല്, വുളൂ മുറിയില്ലെങ്കിലും പല കാര്യങ്ങള് കൊണ്ടും വുളൂ ചെയ്യല്സുന്നത്താണ്.
ഗുഹ്യരോമം, ചന്തിയുടെ ഉള്ഭാഗം, ലിംഗത്തിനു മുകളിലെ മുടി, വൃഷ്ണം, തുടങ്ങിയ ഭാഗങ്ങളും, ചെറിയ പെണ്കുട്ടി, അനാഗതസ്മശ്രു (അംറദ്), വെള്ളപ്പാണ്ടുരോഗി, ജൂതന് എന്നിവരേയുമൊക്കെ സ്പര്ശിക്കല് ഇക്കാര്യങ്ങളില് പെട്ടതാണ്. അതുപോലെ പാപം ചെയ്യുക, വികാരവായ്പോടെ നോക്കുക, ദേഷ്യം പിടിക്കുക, മയ്യിത്ത് ചുമക്കുക, മയ്യിത്ത്സ്പര്ശിക്കുക, നഖം, മീശ എന്നിവ വെട്ടുക തുടങ്ങി പല കാര്യങ്ങള് കൊണ്ടും വുളൂഅ് ചെയ്യല് സുന്നത്താണ്.
4.വലിയവരായ സ്ത്രീ പുരുഷ•ാരുടെ തൊലി തമ്മില് ചേരലിനാലും വുളൂ മുറിയുന്നതാണ്. ഇത് വികാരമില്ലാതെയായാലും ഈ രണ്ടുപേരില് ഒരാള് നിര്ബന്ധിക്കപ്പെട്ടവനാണെങ്കിലും മൃതദേഹമാണെങ്കിലും ശരി വുളൂ മുറിയുന്നതാണ്. എങ്കിലും മൃതദേഹത്തിന്റെ വുളൂ മുറിയുകയില്ല. മുടി, പല്ല്, നഖം എന്നിവയല്ലാത്ത ശരീരാഗങ്ങളാണ് തൊലി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഖുര്ആനിലെ .............. നിങ്ങള് സ്ത്രീകളെ സ്പര്ശിച്ചാല് അംഗശുദ്ധി മുറിയും എന്ന സൂക്തഭാഗമാണിതിന്നാധാരം. എന്നാല് വിവാഹ ബന്ധം നിഷിദ്ധമായവരോട് കൂടെയാണ് ഈ തൊലി തമ്മില്ചേരുന്നതെങ്കില് വുളൂ മുറിയുന്നതല്ല. വികാര മുണ്ടാവാന് സാധ്യതയില്ല എന്നതിനാലാണിത്.
വുളു ഇല്ലാത്തതിനാല് നിഷിദ്ധമാവുന്ന കാര്യങ്ങള്
നിസ്കാരം, ഥവാഫ്, സുജൂദ്, മുസ്ഹഫ് ചുമുക്കല് തുടങ്ങിയവയൊക്കെ വുളൂ ഇല്ലാതെ ചെയ്യല് നിഷിദ്ധമാകുന്നു. (ഹറാം)