നിശ്ചയം നാം അതിനെ (ഖുര്ആനിനെ) നിര്ണ്ണയ രാത്രിയില് അവതരിപ്പിച്ചിരിക്കുന്നു.
നിര്ണ്ണയരാത്രി എന്നാല് എന്താണെന്ന് നിങ്ങള്ക്കറിയുമോ? നിര്ണ്ണയരാത്രി ആയിരം മാസത്തേക്കാള് ഉത്തമമാകുന്നു. മലക്കുകളും ആത്മാവും (ജിബ്രീല്) രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അതു സമാധാനമത്രെ.'' (സൂറ: ഖദ്ര്).
മനുഷ്യജീവിതം ഭൂമിയില് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ്. ഓരോര്ത്തര്ക്കുമുള്ള ആയുസ്സ് അവന് കണക്കാക്കിയിരിക്കുന്നു. ആദ്യകാല സമൂഹം നൂറ്റാണ്ടുകള് ജീവിച്ചവരാണ്. നൂഹ്നബി(അ) തൊള്ളായിരത്തി അന്പത് വര്ഷം പ്രബോധനം ചെയ്തു എന്ന ഖുര്ആന് പരാമര്ശം ആ സമൂഹത്തിന്റെ ശരാശരി ആയുസ്സാണ് ഓര്മ്മപ്പെടുത്തുന്നത്.
മനുഷ്യ വര്ധനവിനനുസൃതമായി ഭൂമി വിശാലമാകുന്നില്ല. മറിച്ച് മനുഷ്യന്റെ ആയുസ്സ് കുറക്കുകയാണ്.
''എന്റെ സമുദായത്തിന്റെ ആയുസ്സ് അറുപതിനും എഴുപതിനും ഇടയിലാണെ''ന്ന പ്രവാചകവചനം ഇതോട് ചേര്ത്തുവായിക്കുക.
ഭൂമിയില് ജീവിച്ച മുഴുവന് മനുഷ്യരെയും ''മഹ്ശറ''യില് ഒരുമിച്ചുകൂട്ടും. പ്രവര്ത്തനങ്ങളെ വിലയിരുത്തി വിചാരണക്കുവേണ്ടിയാണിത്. ന•യും, തി•യും പരിഗണിച്ചു ന• ചെയ്തവര്ക്കു സ്വര്ഗ്ഗവും പാപികള്ക്കു നരകവുമാണ്.
ഈ വിളവെടുപ്പു പരലോകത്തും കൃഷി ഭൂമിയിലുമാണ്. എന്നാല് വിചാരണവേളയില് വലിയൊരു പ്രതിസന്ധി വരില്ലേ? ആയുസ്സു കുറഞ്ഞവനും, കൂടിയവനും ഒരേ പരിഗണനയില് വരികയാണ്. ആയുസ്സ് നിശ്ചയിച്ചതില് തങ്ങള്ക്കു പങ്കില്ലതാനും!
ആയുസ്സ് കുറഞ്ഞവന് അവകാശനിഷേധത്തിന്റെ ബലിയാടുകളാവും എന്ന് ഉറപ്പ്.
നബി(സ) ഒരിക്കല് പറഞ്ഞു: എണ്ണൂറ് വര്ഷം ഇബാദത്തില് മുഴുകിയ ഒരാള് ബനൂ ഇസ്റാഈല്യരില് ഉണ്ടായിരുന്നു എന്ന്.
എണ്പതു വയസ്സ് ജീവിക്കാന് ഭാഗ്യമില്ലാത്തവര്ക്കും ഇതു നിരാശനല്കും.
ഒരര്ത്ഥത്തില് ഇത് അനീതിയല്ലേ? വിശിഷ്യാ മനുഷ്യസമൂഹത്തിലെ ഏറ്റവും ഔന്നത്യം അവകാശപ്പെടുന്ന മുഹമ്മദ് നബിയുടെ സമൂഹത്തിന്. രണ്ടു ലോകത്തും അവരെക്കാള് സമുന്നതരായ ഒരു സമൂഹം ഇല്ലെന്നാണല്ലോ പ്രവാചകവചനം. ന്യായമായസംശയത്തിനു മറുപടിയാണ് ലൈലത്തുല് ഖദ്ര്!
വര്ഷത്തില് ഒരു രാത്രിക്കു പ്രാധാന്യം നല്കി ഈ ഉമ്മത്തിനെ കഴിഞ്ഞുപോയ മുഴുവന് സമൂഹത്തേക്കാളും അനുഗ്രഹം നല്കി ആയിരം മാസത്തേക്കാള് പവിത്രമാണ് ഈ രാവെന്നു ഖുര്ആന് പഠിപ്പിക്കുന്നു.
ആയിരം മാസം എന്നതു എണ്പത്തിമൂന്ന് വര്ഷവും 4 മാസവുമാണ്. അറുപത് വയസ്സ് ലഭിച്ച ഒരാള്ക്കു പ്രായപൂര്ത്തി എത്തിയശേഷം നാല്പത്തി അഞ്ച് വര്ഷം ജീവിക്കാന് അവസരമുണ്ട്. ഈ നാല്പത്തിഅഞ്ച് വര്ഷത്തിലും ''ലൈലത്തുല് ഖദ്റുണ്ട്'' അപ്പോള് 45 ഃ 1000 മാസം = 3750 വര്ഷം. എന്നുവെച്ചാല് ലൈലത്തുല് ഖദ്ര് മാത്രം ഉപയോഗപ്പെടുത്തുമ്പോള് 3750 വര്ഷം ജീവിച്ച പ്രതീതി!
റമളാനിലെ മറ്റു ദിനങ്ങളും സാധാരണയില് കവിഞ്ഞ പ്രാധാന്യമുള്ളവയാണല്ലോ. ഫലത്തില് മനുഷ്യസമൂഹത്തില് ഏറ്റവും കൂടുതല് ആരാധന ചെയ്തവരാകാന് മുഹമ്മദ് നബിയുടെ ഉമ്മത്തിനു അല്ലാഹു അവസരം നല്കുന്നു.
ഈ രാത്രിയുടെ പ്രാധാന്യം ഓര്മ്മപ്പെടുത്താന് ഖുര്ആന് ഒരു അധ്യായം തന്നെ ഉപയോഗപ്പെടുത്തി.
ഈ സൂക്തത്തില് മൂന്നു പ്രാധാന്യങ്ങളാണ് പ്രസ്തുത രാത്രിക്ക് അല്ലാഹു നല്കിയത്.
ഒന്ന്: ഈ രാത്രിയിലാണ് ഖുര്ആന് അവതരണം. മനുഷ്യ സമൂഹത്തിനു വെളിച്ചം നല്കാനാണ് ഖുര്ആന് വന്നത്. മനുഷ്യനില് ഇന്ന് നിലനില്ക്കുന്ന ന•യുടെ അവകാശം ഖുര്ആനിലാണ്. ജീവിതത്തിനു വ്യക്തമായ ലക്ഷ്യവും മാര്ഗ്ഗവും ഖുര്ആന് കാണിച്ചുകൊടുത്തു. ഉപദേശങ്ങളും വാഗ്ദാനങ്ങളും താക്കീതുകളും മുന്കാല ചരിത്രപാഠങ്ങളും ഗതകാല അനുഭവങ്ങളും മനുഷ്യനെ ഓര്മ്മപ്പെടുത്തി.
മനുഷ്യജീവിതത്തെ വ്യക്തമായി വിലയിരുത്താനും അവന്റെ ഒടുക്കത്തെ സങ്കേതങ്ങളെ അറിയിച്ചുകൊടുക്കാനും ഖുര്ആന് അവസരം നല്കി.
പ്രാചീന അറബികളെ മൃഗതുല്യതയില്നിന്നു മനുഷ്യത്വത്തിലേക്കുയര്ത്താന് ഈ ദിവ്യഗ്രന്ഥത്തിനു സാധിച്ചു എന്നതിനു കാലം സാക്ഷിയാണ്.
ഖുര്ആന് അവതരണം ലൈലത്തുല് ഖദ്റിലാണെന്ന വിശേഷണം ഇക്കാരണങ്ങളെ കൊണ്ടുതന്നെ പ്രസ്തുത രാത്രിയുടെ മഹത്വം വര്ധിപ്പിക്കുന്നു.
23 വര്ഷം കൊണ്ട് ഘട്ടം ഘട്ടമായി അവതരിച്ച ഖുര്ആനിനെ ഈ വിധം പരാമര്ശിച്ചതിന്റെ പൊരുള് എന്താകും?
അതിനു ഖുര്ആന് വ്യാഖ്യാതാക്കളില് പ്രമുഖനായ ഇബ്നു അബ്ബാസ്(റ)ന്റെ വാക്കുകള് ശ്രദ്ധിക്കുക:
'ലൗഹുല് മഹ്ഫൂളി'ല് നിന്നു ഖുര്ആന് ഒരുമിച്ചു ഒന്നാം ആകാശത്തുള്ള 'ബൈത്തുല് ഇസ്സ'യിലേക്കു ഇറക്കി. ഖുര്ആന് 2: 185-ലെ പരാമര്ശവും ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. അവിടന്ന് വിവിധ സന്ദര്ഭങ്ങളിലായി 23 വര്ഷംകൊണ്ട് പ്രവാചകനു നല്കി.'' (ഖുര്ത്തുബി 19-30 ഇബ്നു കസീര് 3:659).
രണ്ടാം പ്രാധാന്യം ഈ രാത്രിക്ക് ആയിരം മാസത്തേക്കാള് പുണ്യമുണ്ട് എന്നതാണ്. അഥവാ ആയിരം മാസത്തെ പ്രവര്ത്തനം ഈ രാത്രികൊണ്ട് ലഭ്യമാകും എന്നര്ത്ഥം.
നാലാം സൂക്തം ഇപ്രകാരമാണ്: മലക്കുകളും, ആത്മാവും രക്ഷിതാവിന്റെ എല്ലാ കാരുണ്യങ്ങളെക്കുറിച്ചുമുള്ള ഉത്തരവുമായി ഈ രാത്രിയില് ഇറങ്ങിവരും.
ഇവിടെ ആത്മാവ് എന്നതുകൊണ്ട് വിവക്ഷ ജിബ്രീല്(അ) ആണ്. ജിബ്രീല് മലക്കുകളുടെ സമൂഹത്തില്പെട്ട ആളാണെങ്കിലും മലക്കുകളിലെ പ്രഥമ ഗണനീയന് എന്ന നിലയിലും ഒരു കാര്യത്തിനുള്ള നേതൃത്വം നല്കുന്നു എന്നതിനാലും പ്രത്യേകം പരാമര്ശിക്കപ്പെട്ടു. ഈ പുണ്യരാത്രി മുതല് അടുത്തവര്ഷത്തെ പുണ്യരാത്രി വരെയുള്ള മനുഷ്യരുടെ സകല കാര്യങ്ങളും അല്ലാഹു മലക്കുകള്ക്ക് ഏല്പിക്കുന്ന രാത്രിയാണിത്.
അല്ലാഹു തന്റെ പ്രവര്ത്തനങ്ങള്ക്കു ചില കാരണങ്ങളെയും വ്യക്തികളെയും നിശ്ചയിക്കാറുണ്ട്. ഉദാഹരണം ആത്മാവിനെ സ്വീകരിക്കാന് അസ്റാഈലിനെ ചുമതലപ്പെടുത്തിയപോലെ.
ഒരു വര്ഷത്തിനുള്ളില് ഒരു വ്യക്തിക്കു സംഭവിക്കുന്ന സകല കാര്യങ്ങളും മലക്കുകളെ ഈ വിധം ഏല്പിക്കുകയാണ്. ഈ രാത്രിയില് ജിബ്രീലിന്റെ നേതൃത്വത്തില് മലക്കുകള് ഇവയില് സത്യവിശ്വാസികളെ ആശീര്വദിക്കാന് എത്തിച്ചേരും. ആരാധനയില് മുഴുകിയവര്ക്കിടയില് ശാന്തിവചനങ്ങളുമായി അവരെത്തും.
പ്രഭാതം വരെ ഈ രാവ് 'സലാം' ആണെന്ന പ്രഖ്യാപനത്തിന്റെ വിവക്ഷ അതാണെന്നാണ് പ്രബലാഭിപ്രായം.