മാനവികതയുടെ സന്ദേശം

ഭൂമുഖത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമമായ ഹജ്ജ് ഐക്യത്തിന്റെയും സാമൂഹിക ഭദ്രതയുടെയും ഏറ്റവും വലിയ പ്രതീകമാണ്. ലോകത്തിന്റെ ഭിന്ന കോണുകളില് നിന്ന് ദേശ-വര്-ഭാഷാ ഭിന്നതകള് മറന്ന് ''അല്ലാഹുവേ നിന്റെ വിളിക്കിതാ ഉത്തരം നല്കുന്നു'' എന്ന വാക്യമുരുവിട്ടുകൊണ്ട് തന്റെ വ്യക്തിത്വവും വ്യവര്ത്തക ഗുണങ്ങളുമുപേക്ഷിച്ച് ജനസാഗരത്തില് അലിഞ്ഞുചേരുന്നതോടെ മനുഷ്യരെല്ലാം ഒന്നാണെന്ന അടിസ്ഥാന വീക്ഷണം സാക്ഷാല്ക്കരിക്കപ്പെടുകയാണ്.
സാഹോദര്യസങ്കല്പവും സമഭാവനയും ഇത്രമേല് പ്രകാശിതമാവുന്ന മറ്റൊരാരാധനയുമില്ല. ഒരൊറ്റ മാതാപിതാക്കളില് നിന്നുത്ഭവിച്ച് അനിവാര്യമായ ചില താല്പര്യങ്ങള്ക്ക് വേണ്ടി വേര്പ്പെട്ടുപോയ മനുഷ്യ കുടുംബം ഒത്തുകൂടുമ്പോള് ഇസ്ലാമിന്റെ സമത്വദര്ശനം ഒന്നുകൂടി ശക്തിപ്പെടുന്നു. ഓരേ ദൈവത്തില് വിശ്വസിക്കുകയും ഒരൊറ്റ ഖിബ്ലയിലേക്ക് മുന്നിടുകയും ചെയ്യുന്ന ലോകമുസ്ലിമിന്റെ - അവര്ക്കിടയില് ആശയപരമായ എന്തൊക്കെ വാദഗതികളും ആചാര വൈചിത്ര്യങ്ങളുമുണെ്ടങ്കിലും ഹജ്ജിന്റെ കാര്യത്തില് അവരെല്ലാം ഏകകണ്ഠരാണ് - സമഭാവന് ഏത് മതസ്ഥര്ക്കാണ് അവകാശപ്പെടാനുള്ളത്?
ഹജ്ജിനു സ്വീകരിക്കപ്പെട്ട വേഷവിധാനത്തില്പോലും സമഭാവന ദൃശ്യമാണ്. അലങ്കാരത്തിന്റെയും ആഭിജാത്യസങ്കല്പ്പത്തിന്റെയും ലേലാടകളഴിച്ചുമാറ്റി വളരെ ലളിതമായ, ഏതൊരാള്ക്കും സ്വന്തമാക്കാവുന്ന വെള്ളത്തുണിയാണ് ഹജ്ജിന്റെ യൂനിഫോമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വേഷഭൂഷാതികളാണല്ലോ പലപ്പോഴും ഒരാളുടെ സ്ഥാനം നിര്ണ്ണയിക്കപ്പെടുന്നത്. ഭിന്ന മീഖാതുകളിലൂടെ ഓരേ വേഷമണിഞ്ഞൊഴുകിയെത്തി അറഫാ മൈതാനിയിലൊത്തുകൂടുന്ന ജനങ്ങള്, അന്ത്യനാളില് തങ്ങളുടെ ശവമാടങ്ങളില് നിന്നെണീറ്റ് നമ്ര:ശിരസ്കരായി ദൈവസന്നിധിയില് ഒരുമിച്ചു കൂടുന്ന ഓര്മ്മയാണ് പകരുന്നത്. പുതിയ ഒരു ജീവിതക്രമത്തിലേക്കുള്ള പ്രവേശന കവാടം ആണ് ഹജ്ജിന്റെ ആമുഖമായ ''ഇഹ്റാം.'' അതുവരെ അനുവദനീയമായിരുന്ന ഇണചേരല്, സുഗന്ധ ദ്രവ്യങ്ങളുപയോഗിക്കല്, ഭിന്ന ഡിസൈനുകളില് തുന്നിച്ചേര്ത്തുണ്ടാക്കിയ വസ്ത്രങ്ങള് ധരിക്കല് തുടങ്ങിയവയെല്ലാം് ഹജ്ജില് നിന്ന് വിരമിക്കുന്നതു വരെ നിഷിദ്ധമാണ്. വികാരഭരിതവും പ്രാര്ത്ഥനാനിര്ഭരവുമായ ദിനങ്ങളാണ് തുടര്ന്നുള്ള നാലോ അഞ്ചോ ദിവസങ്ങള്. ഹജ്ജ് കഴിയുന്നതോടെ പാപക്കറകളില് നിന്നും ഹൃദയചാപല്യങ്ങളില് നിന്നും വിശുദ്ധി നേടിയ ഒരു പുതിയ മനുഷ്യന് പുനര്ജനിക്കുന്നു. സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്തവന് തന്റെ മാതാവിന്റെ ഗര്ഭപാത്രത്തില് നിന്നെന്ന പോലെ പാപസ്പര്ശങ്ങളില് നിന്ന് മുക്തനായാണ് പുറത്ത് വരുന്നതെന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി.