തയമ്മും

ദേഹശുദ്ധി വരുത്താന് ഇസ്ലാം നിയമമാക്കിയ വുളൂ, കുളി എന്നിവക്ക് തടസ്സം നേരിടുമ്പോള് അവക്ക് പകരമായി ഇസ്ലാം അനുവദിച്ച ഒരു പ്രക്രിയയാണ് തയമ്മും.
ഭാഷാപരമായി തയമ്മും എന്നതിന് ഉദ്ദേശിക്കുക, കരുതുക എന്നൊക്കെ അര്ഥം നല്കാം. മതപരമായ വീക്ഷണത്തില് തയമ്മും എന്നാല് കുളിക്കും വുളൂഇനും പകരമായി, അല്ലെങ്കില് അവക്കാവശ്യമായ ഏതെങ്കിലും ഒരവയവം കഴുകുന്നതിന് പകരം കൈകളിലും മുഖത്തും മണ്ണ് ഉപയോഗിക്കല് എന്നാണ്.
തയമ്മും അനുവദനീയമാണ് എന്നതിന് തെളിവായി ഖുര്ആനും ഹദീസും പണ്ഡിതാഭിപ്രായവും ഉണ്ട്.
പരിശുദ്ധ ഖുര്ആന് സൂറത്തുന്നിസാഅ് 43 കാണുക. നിങ്ങളില് നിന്നാര്ക്കെങ്കിലും വെള്ളം ലഭിക്കാത്ത പക്ഷം അവര് ശുദ്ധിയുള്ള മണ്ണുപയോഗിച്ച് തയമ്മും ചെയ്യട്ടെ. അതിനായി മണ്ണുകൊണ്ട് കൈകളും മുഖങ്ങളും തടവുകയും ചെയ്യട്ടെ.
അഥവാ, രോഗികളോ യാത്രക്കാരോ ആയതിനാല് വെള്ളം ഉപയോഗിക്കല് അസാധ്യമാണെങ്കില് അവര് തയമ്മും ചെയ്യണമെന്നാണിതിന്റെ വിവക്ഷ.
പ്രവാചകന് () യുടെ വചനങ്ങളിലും തയമ്മുമിന്റെ സ്വീകാര്യതയെകുറിച്ച് പറയുന്നുണ്ട്.
ഇബ്നു അബ്ബാസ് () പറയുന്നു: പ്രവാചകര് () പറഞ്ഞു: എനിക്ക് ഭൂമി അരാധന നിര്വ്വഹിക്കാനുള്ള സ്ഥലവും അതിലെ മണ്ണ് ശുദ്ധിക്ക് വേണ്ടി ഉപയോഗിക്കുവാനുള്ളതുമാക്കപ്പെട്ടിരിക്കുന്നു. (ബുഖാരി: 323)
മേല്പറഞ്ഞ സൂക്തത്തിന്റെ അവതരണമാണ് തയമ്മും അനുവദനീയമാക്കിയത്. സൂക്തം അവതരിച്ചപ്പോള് ഉണ്ടായ ഒരു സഹചര്യം ഹദീസുകളില് കാണാം.
ബനൂ മുസ്ഥലഖ് യുദ്ധത്തിനിടയില് ആഇശാ ബീവിയുടെ മാല കളഞ്ഞുപോയി. മാല തിരച്ചിലിനിടയില് നിസ്കരിക്കാനുള്ള സമയമായി. തദവസരത്തിലാവട്ടെ അംഗശുദ്ധിവരുത്താനുള്ള വെള്ളം തീര്ന്നുപോയിരുന്നു. മാല തിരച്ചില് കാരണം വെള്ളമുള്ള സ്ഥലത്തേക്ക് എത്തനായതുമില്ല. ഈയവസരത്തില് അബൂബകര് () - ആഇശ () യുടെ പിതാവ്- മകളോട് ക്ഷുഭിതനായി. സമയത്ത് ആഇശ () യെ സന്തോഷിപ്പിക്കുമാറ് ഖുര്ആനിക വചനവുമായി മലക്ക് ഇറങ്ങിവന്നു. സംഭവമാണ് മുകളിലുദ്ധരിച്ച സൂക്തത്തിന്റെ അവതീര്ണ്ണത്തിന് കാരണമായിത്തീര്ന്നത്.
തയമ്മും പ്രവാചകന് () ന്റെ സമുദായത്തിന് മാത്രം നല്കപ്പെട്ട ഒരു ഇളവാണ്. മറ്റു പല ആരാധനാകര്മങ്ങളെ പോലെ എല്ലാ സമുദായത്തിനും ഇത് അനുവദനീയമായിട്ടില്ല. ജാബിര് () ഉദ്ധരിക്കുന്ന ഒരു ഹദീസില് ഇത് വ്യക്തമാണ്.
(ബുഖാരി 2/436, മുസ്ലിം 1/370)
അനുവദനീയമാവാനുള്ള മാനദണ്ഡം
തയമ്മും അനുവദനീയമാവാനുള്ള ഏക മാനദണ്ഡം ശാരീരികമായോ മതനിയമപരമായോ വെള്ളം ഉപയോഗിക്കാന് അശക്തത ഉണ്ടാവുക എന്നതാണ്.
മേല്പറഞ്ഞ അശക്തതക്ക് ചില കാരണങ്ങള് ഉണ്ട്.
1. യാത്ര
2. അസുഖം
രണ്ട് കാരണങ്ങള് കൊണ്ട് മാത്രമേ തയമ്മും അനുവദനീയമാവുകയുള്ളൂ.
യാത്ര
യാത്രക്കാരന്റെ നാല് അവസ്ഥകള് പരിശോധിക്കാം.
1. ചുറ്റുഭാഗത്തെവിടെയും വെള്ളം കിട്ടാനില്ല എന്ന് ഉറപ്പുള്ള അവസ്ഥ. ഈയൊരവസ്ഥയില് അവന് വെള്ളം തേടേണ്ടതില്ല. കാരണം അത് വൃഥാവിലാവുന്നതായിരിക്കും.
2. ചുറ്റുഭാഗത്തും വെള്ളം ലഭിക്കാനുള്ള സാധ്യതയുള്ള അവസ്ഥ.
ഈയവസരത്തില് വെള്ളം അന്വേഷിക്കല് നിര്ബന്ധമാണ്. കാരണം, തയമ്മും എന്നത് നിര്ബന്ധ സഹചര്യത്തില് മാത്രം ഉപയോഗിക്കാവുന്ന ഒരു ശുദ്ധീകരണ രീതിയാണ്. വെള്ളം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ നിര്ബന്ധ സാഹചര്യം ഇല്ലല്ലോ.
3. തന്റെ ചുറ്റും വെള്ളം ഉണെ്ടന്ന് ഉറപ്പുള്ള അവസ്ഥ.
നിസ്കാരത്തിന്റെ സമയം നഷ്ടപ്പെടാത്ത രീതിയില് അന്വേഷിച് കണെ്ടത്താവുന്ന ദൂരത്താണെങ്കില്ഒരിക്കലുംതയമ്മും അനുവദനീയമല്ല. അല്ലാത്ത പക്ഷം (നിസ്കാരം നഷ്ടപ്പെടുമെന്ന അവസ്ഥ) ഇത് ചെയ്യാവുന്നതാണ്.
4. വെള്ളം ലഭ്യമാണ്. പക്ഷേ, യാത്രക്കാരുടെ തിരക്ക് കാരണം വെള്ളത്തിനടതുത്തേക്കെത്താന് സാധ്യമാവാത്ത അവസ്ഥ. ഇത്തരം അവസ്ഥയിലും തയമ്മും അനുവദനീയമാണ്.
അസുഖം
രോഗിയുടെ വ്യത്യസ്തമായ മൂന്ന് അവസ്ഥകള്പരിശോധിക്കാം:
1. വെള്ളംഉപയോഗിച്ചാല് മരണമോ ഏതെങ്കിലും അവയവ നാശമോ അല്ലെങ്കില് അവയവത്തിന്റെ ഉപയോഗ നഷ്ടപ്പെടമോ ഭയപ്പെടുന്ന അവസ്ഥയിലാണെങ്കില് അവന് തയമ്മും ചെയ്യണം.
2. അസുഖം വര്ധിക്കുമെന്ന ഭയം. പ്രബലാഭിപ്രായപ്രകാരം ഈയവസ്ഥയിലും തയമ്മും ചെയ്യണം.
3. ചെറിയ ചെറിയ ന്യൂനതകള് ഉണ്ടാവുമെന്ന് ഭയപ്പെടുക. അവസ്ഥയില് ഒരിക്കലും തയമ്മും അനുവനദീയമല്ല.
തയമ്മും ശരിയാവാനുളള ശര്ഥുകള്
തയമ്മും ശരിയാവാന് ഒരുപാട് ശര്ഥുകള് പാലിക്കപ്പെടേണ്ടതുണ്ട്.
1. നിസ്കാരത്തിന്റെ സമയം പ്രവേശിക്കുക.
നിങ്ങള് നിസ്കാരത്തിനായി എഴുന്നേറ്റാല്കൈകാലുകളും മുഖവും കഴുകുക.... വെള്ളം ലഭിച്ചില്ലെങ്കില് ശുദ്ധമായ മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്യുക (മാഇദ: 62) സൂക്തമാണ്ഇതിന് തെളിവ്.
അതായത് നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാല് അതിന് വേണ്ട ശുദ്ധീകരണങ്ങള് നടത്തുക എന്നര്ഥം.
2. വെള്ളം അന്വേഷിക്കുക
മേല്പറഞ് സൂക്തത്തിലെനിങ്ങള്ക്ക് വെള്ളം ലഭിച്ചില്ലെങ്കില് തയമ്മും ചെയ്യുകഎന്നതില് നിന്നു ലഭ്യമാകുന്ന സാരമാണിത്. അതിനാല് സാധ്യമാകുന്ന രീതിയിലൊക്കെ വെള്ളം അന്വേഷിക്കല് നിര്ബന്ധമാണ് എന്ന് ചുരുക്കം.
3. വെള്ളം ഉപയോഗിക്കല് ബുദ്ധിമുട്ടാവുക
വിഭാഗം നാം മേല്പറഞ്ഞ വെള്ളം ലഭിച്ചിട്ടും അസുഖം പോലുള്ളവയന്നതിനാല് ഉപയോഗിക്കാന് സാധ്യമാവത്തവര് എന്ന വിഭാമാണ്.
4. ശുദ്ധമായ മണ്ണ് ഉണ്ടായിരിക്കുക.
മുഖത്തും കൈകളിലും പറ്റിപ്പിടിക്കുന്ന പൊടിമണ്ണായിരിക്കണം. കാരണം ഹദീസില് കാണാം: ഭൂമിയിലെ മണ്ണ് നിങ്ങള്ക്ക് ശുദ്ധിക്ക് വേണ്ടി ഉപയോഗിക്കാവുന്നാണ്. ഭൂമി എന്ന് മാത്രം പറഞ്ഞ് പ്രവാചകന് () അവസനാപ്പിക്കാതെ മറിച്ച്, അതിലെ മണ്ണ് എന്ന് പ്രത്യേകം പറഞ്ഞതിന്റെ അര്ഥം ഇതാണ്.
തയമ്മുമിന്റെ ഫര്ളുകള്
തയമ്മുമിന് നാല് ഫര്ളുകളുണ്ട്.
1. നിയ്യത്ത് (കരുത്ത്)
നിസ്കാരത്തെ ഹലാലാക്കുന്നു എന്നാണ് കരുതേണ്ടത്. നിയ്യത്തിനാല് മാത്രമേ പ്രവര്ത്തനങ്ങള് സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ഹദീസാണിതിന്നവലംബം. ഏതൊരു കാര്യത്തിനും ഇസ്ലാമില്മനസ്സില് നിയ്യത്ത് വേണം. അശുദ്ധിയെ ഉയര്ത്താന് ഞാന് തയമ്മും ചെയ്യുന്നു എന്ന് കരുതിയാല് ശരിയാവില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി ഉയരുന്നില്ല. മറിച്ച്, നിസ്കാരം ഹലാലാവുന്നു എന്നു മാത്രമെ ഉള്ളൂ.
അംറുബ്നുല് ആസ് () ഒരിക്കല് ജനാബത്ത്കാരനായി. ശക്തമായ തണുപ്പ് കാരണം വെള്ളം ഉപയോഗിക്കാന് കഴിയാതെ വന്നപ്പോള് അദ്ദേഹം തയമ്മും ചെയ്ത് ശുദ്ധിവരുത്തി. നിസ്കാരം നിര്വ്വഹിച്ചു. ഇതറിഞ്ഞ പ്രവാചകന് () അംറിനോട് പറഞ്ഞു: ജനാബത്തുകാരനായിരിക്കെ തന്നെ നീ ജനങ്ങളോടു കൂടെ നിസ്കരിച്ചു അല്ലേ....?
(ഫതഹുല് ബാരി 1-454)
അതായത് തയമ്മും കൊണ്ട് നിസ്കാരം ഹലാലാകുന്നുവെങ്കിലുംവലിയ അശുദ്ധിയില് നിന്നും പരിപൂര് അര്ഥത്തില് മുക്തനാവുന്നില്ല എന്ന് സാരം.
അതുകൊണ്ട് നിസ്കാരത്തെ ഹലാലാക്കാന് വേണ്ടി എന്നേ നിയ്യത്ത് വെക്കാവൂ.
നിയ്യത്ത് വെക്കുമ്പോള് ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. കാരണം നിസ്കാരത്തെ ഹലാലാക്കുന്നു എന്ന് കരുതുമ്പോള് തന്നെ വ്യത്യസ്തമായ നാല് അവസ്ഥകള് ഇവിടെ വരുന്നുണ്ട്.
1. ഫര്ള് നിസ്കാരത്തെയും സുന്നത്ത് നിസ്കാരത്തെയും ഹലാലാക്കുന്നുവെന്ന് കരുതല്.
ഇങ്ങനെ ചെയ്താല് ~ഒരാള്ക്ക് ഒരു ഫര്ളിന് കൂടെ എത്രയും സുന്നത്തുകള് നിസ്കരിക്കാവുന്നതാണ്. ഫര്ള് നിസ്കാരത്തിന് മുമ്പോശേഷമോ വഖ്തിലോ വഖ്തിന് പുറത്തോ ഒക്കെ ഇദ്ദേഹത്തിന് തയമ്മും കൊണ്ട് സുന്നത്ത് നസ്കാരങ്ങള് നിര്വ്വഹിക്കാവുന്നതാണ്.
2. ഫര്ള് നിസ്കാരത്തെ ഹലാലാക്കാന് എന്ന് മാത്രം കരുതല്. ഇങ്ങനെചെയ്താലും മേല് പറഞ്ഞ പ്രകാരം ഫര്ളിന്റെ കൂടെ എത്രയും സുന്നത്തുകള് നിസ്കരിക്കാവുന്നതാണ്. കാരണം, ഫര്ള് നിസ്കാരം എന്ന് കരുതിയാല് തന്നെ അതിന് കീഴിലായി സുന്നത്ത് നിസ്കാരങ്ങള് ഉള്പ്പെടുന്നതാണ്.
3.സുന്നത്ത് നിസ്കാരത്തെ ഹലാലാക്കുന്നു എന്ന് മാത്രം കരുതല്. ഇങ്ങനെകരുതിയാല് തയമ്മും ഉപയോഗിച്ച് ഫര്ള് നിസ്കാരം നിര്്വ്വഹിക്കാവതല്ല. കാരണം, സന്നത്ത് നിസ്കാങ്ങള്ക്ക് വേണ്ടി മാത്രമാണ് അയാള് തയമ്മും കരുതിയത്.
4. ഫര്ളാണോ സന്നത്താണോ എന്നൊന്നും നിര്ണ്ണയിക്കാതെ, വ്യക്തമാക്കാതെ വെറും നിസ്കാരം എന്ന് മാത്രംകരുതുക. ഈയവസ്ഥയിലും മേല്പറഞ്ഞത് പോലെയാണ്. അഥവാ, സുന്നത്ത് നിസ്കാരങ്ങള്മാത്രമേ നിര്വ്വഹിക്കാവൂ.
അതുപോലെ ഒരാള് ഖുര്ആന് ഓതാന് വേണ്ടി എന്ന നിയ്യത്തോടെ തയമ്മും ചെയ്താല് അതുപയോഗിച്ച് നിസ്കരിക്കാന് പറ്റുന്നതല്ല. ഖുര്ആന് പാരായണം നടത്താന് മാത്രമേ അത് ഉപകരിക്കുകയുള്ളു.
2,3. മുഖവും ഇരുകൈകളും മണ്ണ് ഉപയോഗിച്ച് തടവല്
മുഖവും ഇരുകൈകളും ആണ് തടവേണ്ടത് എന്ന വിഷയത്തില് പണ്ഡിതര് ഏകാഭിപ്രായമാണ്. നിങ്ങള് മണ്ണ് ഉപയോഗിച്ച് നിങ്ങളുടെ മുഖവും ഇരുകൈകളും തടവുക എന്ന ഖുര്ആനിക വാക്യമാണ് ഇതിന് തെളിവ്.
കൈ, മുഖം എന്നിവയുടെ അതിര്ത്തി വുളൂ ചെയ്യുമ്പോള് കഴുകേണ്ട ഭാഗം തന്നെയാണ്. കാരണം വുളൂഇന് പകരമായിട്ടാണല്ലോ ഇവിടെ തയമ്മും ചെയ്യുന്നത്.
അഥവാ, കൈ തടവുമ്പോള് കൈ മുട്ടുള്പ്പടെ തടവേണ്ടതാണ്. പ്രവാചകന് () അപ്രകാരം ചെയ്തിട്ടുണ്ട്.
തയമ്മും എന്നാല് രണ്ട് അടി അടിക്കണമെന്ന് (മണ്ണില്) ഒരടി മുഖത്തിന് വേണ്ടിയും രണ്ടാമത്തെ അടി മുട്ട് ഉള്പ്പെടെയുള്ള ഇരുകൈകള്ക്ക് വേണ്ടിയുമാണെ ന്നും ഹദീസില് കാണാം. (ഹാക്കിം, ദാറക്കുത്ത്നീ)
4. ക്രമപ്രകാരം ചെയ്യല്
തയമ്മും ചെയ്യുമ്പോള് ആദ്യം തടവേണ്ടത് മുഖമാണ്. രണ്ടാമത്തേത് മണ്ണില് അടിച്ച് ഇരുകൈകളും തടവേണ്ടതാണ്. ക്രമപ്രകാരമായാലേ തയമ്മും ശരിയാവുകയുള്ളൂ.
മേല്പറഞ്ഞ അവയവങ്ങളില് മണ്ണ് ഉപയോഗിച്ച് തടവുമ്പോള് മണ്ണ തടവപ്പെടുന്നഅവയവത്തില് എത്തുന്നുണെ്ടന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും മറയോ തടസ്സമോ ഉണ്ടാവാന് പാടില്ല. ആയതിനാല് മോതിരം പോലോത്ത വസ്തുക്കളൊക്കെ ഊരിവെക്കല് നിര്ബന്ധമാണ്. കാരണം, വെള്ളം ഒലിച്ചിറങ്ങുന്നതുപോലെ മണ്ണ് ഒലിച്ചിറങ്ങില്ലല്ലോ.
തയമ്മുമിന്റെ സുന്നത്തുകള്
തയമ്മുമിന്റെ സുന്നത്തുകള് പ്രധാനമായും മൂന്നെണ്ണമാണ്.
1. ബിസ്മി ചൊല്ലല്.
വുളൂവിലേതു പോലെ തന്നെ തയമ്മുമിന്റെ തുടക്കത്തിലാണ് ബിസ്മി ചൊല്ലേണ്ടത്........
2. വലതു ഭാഗത്തെ ഇടതു ഭാഗത്തേക്കാള് മുന്തിക്കല്. എല്ലാ നല്ല കാര്യങ്ങളിലും വലതു ഭാഗം മുന്തിക്കല് സുന്നത്താണ് എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
3. തുടര്ച്ചയായിരിക്കല്
പ്രവര്ത്തനങ്ങള് ഒന്നിനു പിറകെ ഒന്നൊന്നായി ചെയ്യുക എന്നതാണതിന്റെ താല്പര്യം. കൂടുതല് പിന്താതെ ചെയ്യണമെന്നര്ഥം.
പ്രധാനപ്പെട്ട മൂന്ന് സുന്നത്തുകള് കൂടാതെ മറ്റു മദ്ഹബുകള് പ്രകാരം തയമ്മുമില് നിര്ബന്ധമായും ചെയ്യേണ്ട പല കാര്യങ്ങളും ശാഫിഈ മദ്ഹബില് സുന്നത്തായി ഗണിക്കുന്നുണ്ട്.
മുഖം തടവുമ്പോള് മുഖത്തിന്റെ മുകളില് നിന്ന് തുടങ്ങുക. കാഴ്ചയില്മുഖം വികൃതമാവാത്ത രീതിയില് (ആവശ്യത്തിന്) ഉപയോഗിക്കുക തുടങ്ങിയവ ഇക്കുട്ടത്തില് പെട്ടതാണ്.
തയമ്മും മുറിയുന്ന കാര്യങ്ങള്
പ്രധാനമായും മൂന്ന് കാര്യങ്ങള് കൊണ്ട് തയമ്മും മുറിയുന്നതാണ്.
1. വുളൂ, കുളി എന്നിവ മുറിയുന്ന എല്ലാ കാര്യങ്ങള് കൊണ്ടും തയമ്മും മുറിയുന്നതാണ്. കാരണം ഇവ രണ്ടിനും പകരമായിട്ടാണ്ഇസ്ലാം തയമ്മും അനുവദിച്ചിട്ടുള്ളത്.
2. വെള്ളം ലഭ്യമാവലും തയമ്മും മിറിയുന്നതിനുള്ള കാരണമാണ്. വെള്ളം ലഭിക്കുക എന്നതിനെ നിസ്കാരത്തിന്റെ മൂന്ന് അവസ്ഥകളുമായി നമുക്ക് ബന്ധിപ്പിക്കാം. ഓരോ സമയത്തും നിയമവ്യവസ്ഥകളും വ്യത്യാസപ്പെടുന്നതാണ്.
* നിസ്കാരത്തിന് മുമ്പ് വെള്ളം ലഭ്യമാവുക, ഒരാള് വെള്ളം ലഭ്യമല്ലാത്തതിനാല് നിസ്കരിക്കാനായി തയമ്മും ചെയ്തു. നിസ്കരിക്കുന്നതിന് മുമ്പായി വെള്ളം ലഭ്യമായാല് ഇപ്പോള് നിര്വ്വഹിച്ച തയമ്മും ബാഥിലാകുന്നതാണ്. അതിനാല് ലഭ്യമായവെള്ളം കൊണ്ട് വുളൂ ചെയ്ത് നിസ്കരിക്കേണ്ടതാണ്. പ്രവാചകര് () യുടെ ഹദീസില് ഇപ്രകാരം വന്നിട്ടുണ്ട്. യാത്രക്കാരനും നാട്ടില് താമസിക്കുന്നവനും ഒരേനിയമം തന്നെയാണ്.
* നിസ്കരിക്കുന്നതിനിടെ വെള്ളം ലഭ്യമാവുക. നിസ്കാരം തുടങ്ങിയ ശേഷമാണ് യാത്രക്കാരന് വെള്ളം ലിച്ചതെങ്കില് അയാളുടെ തയമ്മും ബാഥിലാകുന്നതല്ല. മറിച്ച്, തയമ്മും ഉപയോഗിച്ച് നിസ്കാരം പൂര്ത്തിയാക്കേണ്ടതാണ്. എന്നാല് നാട്ടില് താമസിക്കുന്ന ഒരാള്ക്കാണ് നിസ്കാരത്തിനിടയില് വെള്ളം ലഭ്യമായതെങ്കില് നിയമം വ്യത്യസ്തമാണ്. അയാള് താമസിക്കുന്ന പ്രദേശം വെള്ളം ധാരാളമായുള്ള നാടാണ് എങ്കില് അയാള് നിസ്കാരം മടക്കണം. മറിച്ച് വെള്ളം അപൂര്വ്വമായി ലഭിക്കുന്ന നാടാണെങ്കില് നിസ്കാരം മടക്കേണ്ടതില്ല.
3. നിസ്കാരത്തിന് ശേഷം വെള്ളം ലഭിക്കുക
തയമ്മും ചെയ്ത് നിസ്കരിച്ച ശേഷം വെള്ളം ലഭിക്കുക. നിസ്കാരത്തിന്റെസമയം കഴിഞ്ഞ ശേഷമാണെങ്കിലും സമയം കഴിയുന്നതിന്റെ മുമ്പാണെങ്കിലും യാത്രക്കാരന് നിസ്കാരം മടക്കേണ്ടതില്ല. എന്നാല് നാട്ടില് താമസിക്കുന്നവനാണെങ്കില് സമയത്തിനു ശേഷമാണ് വെള്ളം കിട്ടിയതെങ്കില് മടക്കേണ്ടതില്ല. മറിച്ച്, നിസ്കാരത്തിന്റെ സമയം കഴിയുന്നതിന്റെ മുമ്പാണ് ലഭിച്ചതെങ്കില് മടക്കേണ്ടതാണ്.
3. മുര്തദ്ദാവുക ( മതപരിത്യാഗം ചെയ്യുക)
മതത്തില്നിന്ന് പുറത്ത് പോയാല് എല്ലാ ആരാധനകളുടെയും പ്രതിഫലം നശിച്ചുപോകുന്നതാണ്. തയമ്മും ഒരു ഇബാദത്താണ്. ആയതിനാല് ആരെങ്കിലും തയമ്മും ചെയ്തശേഷം മുര്തദ്ദ് ആയാല് തയമ്മും മുറിയുന്നതാണ്.
തയമ്മുമിന്റെ കറാഹത്തുകള്
തയമ്മും ചെയ്യുന്ന സമയത്ത് കൂടുതല് മണ്ണ് കൊണ്ട് തടവല് കറാഹത്താകുന്നു. രണ്ടിലധികം അടി അടിക്കലും ദിക്റുകളല്ലാതെ കൂടുതല് സംസാരിക്കലു കൈ മുട്ടിനു മുകളിലേക്ക്നീട്ടിത്തടവലുമൊക്കെ മറ്റു മദ്ഹബുകളിലെ കറാഹത്തുകളില് പെട്ടതാണ്.
* സമയം നിര്ണ്ണയിക്കപ്പെട്ട നിസ്കാരങ്ങള്ക്കൊക്കെയും നിസ്കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം മാത്രമേ തയമ്മും ചെയ്യാവൂ.
ഒരു തയമ്മും കൊണ്ട് അനുവദനീയമാകുന്നവ
ശാഫീ മദ്ഹബ് അനുസരിച്ച് ഒരു തയമ്മും കൊണ്ട് ഒരു ഫര്ള് നിസ്കാരവും അസംഖ്യം സുന്നത്ത് നിസ്കാരവും അനുവദനീയമാണ്.
ഇബ്നു അബ്ബാസ് () പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്ള് നിസ്കാരം മാത്രമേ നിസ്കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്നി-1/ ദാറുല് മഹാസിന് 188)
ഇബ്നു ഉമര് () പറഞ്ഞു: അശുദ്ധിയു#ോണ്ടായിട്ടില്ലെങ്കിലും ഓരോ ഫര്ള്നിസ്കാരത്തിനും പ്രത്യേകം വുളൂ ചെയ്യേണ്ടതാണ്.
ബാന്റേജും തയമ്മുമും
കരീരത്തില് മുറിവോ മറ്റോ കാരണമായി കെട്ടുകളോ ബാന്റേജുകളോ ഉണ്ടാവാറുണ്ട്. ഇത്തരം അവസരത്തില് തയമ്മും അനിവാര്യമാകുന്ന പലസന്ദര്ഭങ്ങളുമുണ്ട്.
വുളൂവിന്റെ അവയവങ്ങളില് മുറിവോ മറ്റു അസുഖമോ ഉണ്ടായി വെള്ളം ഉപയോഗിക്കല് ബുദ്ധിമുട്ടാവുന്ന അവസ്ഥ ഉണ്ടായാല് നിസ്കരിക്കാന് വേണ്ടി അവന് ദേഹശുദ്ധി വരുത്തുമ്പോള് വെള്ളം ഉപയോഗിക്കാന്പറ്റാത്ത അവയവത്തിന് പകരമായി തയമ്മും ചെയ്യേണ്ടതുണ്ട്. ബാക്കി ഭാഗങ്ങളില് വെള്ളമുപയോഗിക്കുകയും ചെയ്യണം. ഉദാഹണമായി ഒരാള്ക്ക് മുഖത്ത് മുറിവ് പറ്റി, വെള്ളം ഉപയോഗിക്കാന്പ്രയാസമായാല് വുളൂ ചെയ്യുന്ന സമയത്ത് അയാള് മുഖമല്ലാത്ത വുളൂഇന്റെ മറ്റു അവയവങ്ങള് കഴുകുകുയും മുഖത്തിന് പകരമായി തയമ്മും ചെയ്യുകയും വേണം.
ഇനി മുറിവോ മറ്റോ ഉള്ളത് വുളൂഇന്റേതല്ലാത്ത അവയവങ്ങളിലാണെങ്കിലും തല്ഫലമായി വെള്ളം ഉപയോഗിക്കാന് പാടില്ലെങ്കില് പകരമായി തയമ്മും ചെയ്യേണ്ടതാണ്.
തയമ്മുമിന്റെ അവയവത്തിലാണ് കെട്ട്, ബാന്റേജ് പോലോത്തവ ഉള്ളതെങ്കില് തയമ്മും ചെയ്ത് നിര്വ്വഹിച്ച എല്ലാ നിസ്കാരവും നിര്ബന്ധമായും മടക്കി നിസ്കരിക്കേണ്ടതാണ്. കെട്ട്കെട്ടുമ്പോള്ശുദ്ധഇയുള്ളവനായാലും ഇല്ലെങ്കിലും ശരി.
എന്നാല് മുഖവും കൈയ്യുമല്ലാത്ത മറ്റു അവയവങ്ങളിലാണ് കെട്ടോ ബാന്റേജോ ഉള്ളതെങ്കില് കെട്ടുന്ന സമയത് ശുദ്ധിയുള്ളവനാണെങ്കില് നിസ്കാരങ്ങള്മടക്കേണ്ടതില്ല. മറിച്ച് കെട്ടുന്ന സമയത്ത് ശുദ്ധിയില്ലെങ്കില് തയമ്മും ഉപയോഗിച്ചുള്ള എല്ലാ നിസ്കാരങ്ങളും മടക്കേണ്ടതാണ്.
അവലംബം
1. അല് ഫിഖ്ഹുല് മസീര്(ഇബാദാത്ത്)
2. അല് മൗസൂആത്തുല് ഖീമിയ്യ -14 തയമ്മും
3. മഹല്ലി -1
4. അല്ഫിഖ്ഹുഅലാ മദാഹിബില് അര്ബഅ 1