വുളൂഇല് സുന്നത്തായ കാര്യങ്ങള്

നിസ്കാരം ശരിയാവണമെങ്കില് അതിന്നു മുമ്പ് ചില പ്രത്യേക അവയവങ്ങള് കഴുകല് നിര്ബന്ധമാണ്. ഇതിനെ വുളൂഅ് എന്ന് പറയുന്നു. വുളൂഇല് ചില പ്രവര്ത്തനങ്ങള് നിര്ബന്ധവും മറ്റു ചിലത് സുന്നത്തുമാണ്. അതായത് ഇവ ഉപേക്ഷിച്ചാലും വുളൂഅ് സാധുവാകുന്നതും എന്നാല് ചെയ്താല് പ്രതിഫലം ലഭിക്കുന്നതുമാണ്. സുന്നത്തായവയിലെ പ്രധാനപ്പെട്ടവ ചുവടെ ചേര്ക്കുന്നു.
1. അംഗശുദ്ധീകരണത്തിന്റെ തുടക്കത്തില് ബിസ്മി ചൊല്ലല്, കൈ രണ്ടും കഴുകുമ്പോഴാണതിന്റെ ആരംഭം വേണ്ടത്. ബിസ്മില്ല എന്നതാണ് ചുരുക്കരൂപം. പരിപൂര്ണ്ണമായത് ബിസ്മില്ലാഹിര്റഹ്മാനി റഹീം എന്നതാണ്.
2. കൈ രണ്ടും മണിബന്ധം വരെ കഴുകല്.
3. മിസ്വാക് ചെയ്യല്.
എന്റെ സമുദായത്തിന് എല്ലാ നിസ്കാര സമയത്തും മിസ്വാക്ക് ചെയ്യല് ബുദ്ധിമുട്ടായി ഞാന് മനസ്സിലാക്കിയിട്ടില്ലായിരുന്നെങ്കില് ഞാന് അപ്രകാരം ചെയ്യല് നിര്ബന്ധമാക്കുമായിരുന്നു എന്ന തിരുവചനം ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
4. വായില് വെള്ളം കൊപ്ലിക്കലും മൂക്കില് വെള്ളം കയറ്റി ചീറ്റലും
5. തല മുഴുവന് തടവല്
6. ചെവിയുടെ അകവും പുറവും ചെവിക്കുഴിയുമടക്കം പൂര്ണ്ണമായും തടവല്. പിരടി തടവല് ഇതിന് വിരുദ്ധമാണ്.
7. അവയവങ്ങള് ഉരച്ചുകഴുകല്
8. തിങ്ങിയ താടി തിക്കകറ്റല്.
9. കൈകാലുകളുടെ വിരലുകള് തിക്കകറ്റല്.
10 മുഖവും കൈകാലുകളും നീട്ടിക്കഴുകല്
ഇതിന് ഉപോല്ബലമാവുന്ന ഹദീസില് ഇങ്ങനെ കാണാം. “എന്റെ സമുദായം അന്ത്യനാളില് കൈകാലുകള് വെളുത്തവരേ എന്ന് വിളിക്കപ്പെടും. അതുകൊണ്ട് നിങ്ങള് അംഗസ്നാനം വരുത്തുമ്പോള് സാധ്യമായ രീതിയില് അവയവങ്ങള് നീട്ടിക്കഴുകുക.’
11. എല്ലാ പ്രവര്ത്തനങ്ങളും മൂന്ന് പ്രാവശ്യം ചെയ്യല്.
സുന്നത്തുകളില് എണ്ണപ്പെട്ട ബിസ്മി ചൊല്ലല്, ഉരച്ച് കഴുകല്, മിസ്വാക് ചെയ്യല്, തിക്കകറ്റല് തുടങ്ങി എല്ലാ കാര്യങ്ങളും മൂന്ന് പ്രാവശ്യം ചെയ്യല് തിരുചര്യയാണ്.
മൂന്ന് പ്രാവശ്യത്തേക്കാള് അധികമാക്കലും കുറക്കലും കറാഹതാവുന്നു.
12. കൈകാലുകളില് വലതിനെ മുന്തിക്കല്
13. വുളൂഇന്റെ പ്രവര്ത്തനങ്ങള്ക്കിടയില് തുടര്ച്ചയുണ്ടായിരിക്കല്
14. ഖിബ്ലക്ക് മുന്നിടല്.
15. വുളൂഇനിടയില് സംസാരം ഉപേക്ഷിക്കല്
16. അവയവങ്ങള് തോര്ത്താതിരിക്കല്
17. വുളൂഇന് ശേഷം രണ്ട് ശഹാദത്തു കലിമകള് ഉരുവിടല്
വുളൂവിന് ശേഷം വൈകാതെ തന്നെ ഖിബ്ലക്ക് മുന്നിട്ട് കൈകളും കണ്ണും ആകാശത്തേക്കുയര്ത്തി അശ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വഅശ്ഹദു അന്ന മുഹമ്മദന് അബ്ദുഹൂ റസൂലുഹൂ. അല്ലാഹുമ്മ ഇജ്അല്നീ മിന ഥ്വവ്വാബീന ഇജ്അല്നീ മിനല്മുതഥ്വഹിരീന ഇജ്അല്നീ മിന് ഇബാദിക്ക സ്വാലീഹീന് എന്ന് ചൊല്ലല് സുന്നത്താണ്.
ഇപ്രകാരം ചെയ്താല് അന്ത്യനാളില് പ്രതിഫലമായി അവനു മുന്നില് സ്വര്ഗത്തിന്റെ എട്ട് കവാടങ്ങള്തുറക്കപ്പെടുമെന്നും ഇഷ്ടമുള്ളതിലൂടെ സ്വര്ഗീയ പ്രവേശനം നടത്താം എന്നും തിരുവചനത്തില് വന്നതായി കാണാം.
18. വുളൂ ചെയ്യാന് ഉപയോഗിച്ചതിന്റെ ബാക്കി വെള്ളത്തില് നിന്ന് അല്പം കുടിക്കലും സുന്നത്താണ്. കാരണം വെള്ളത്തില് എല്ലാ വിധ അസുഖങ്ങള്ക്കും ശിഫയുണെ്ടന്ന് പ്രവാചകന് () പറഞ്ഞിട്ടുണ്ട്.
ഇപ്രകാരം എല്ലാ സുന്നത്തുകളും ഉള്പ്പെടുത്തി പരിപൂര്ണ്ണമായി അംഗസ്നാനം ചെയ്യല് വളരെപുണ്യമുള്ളതും ശ്രേഷ്ഠതയുള്ളതുമാകുന്നു. എങ്കിലും ചില ഘട്ടങ്ങളില് സുന്നത്തുകള് ഒഴിവാക്കേണ്ട സന്ദര്ഭവും സംജാതമാവാറുണ്ട്. നിസ്കാരത്തിന് നിര്ണ്ണിതമായ സമയം അവസാനിക്കുന്ന സമയത്താണ് ഒരാള് നിസ്കരിക്കാന് വേണ്ടി ശുദ്ധി വരുത്തുന്നതെങ്കില് നിര്ബന്ധമായുള്ളവ ആവശ്യമായത് മാത്രം നിര്വ്വഹിച്ച് എത്രയും പെട്ടന്ന് നിസ്കരിക്കേണ്ടതാണ്. കാരണം, നിര്ബന്ധമായ ഒരു പ്രവര്ത്തനം തടസ്സപ്പെടുന്ന രീതിയില് ഐഛികമായത് ചെയ്യാന് ഇസ്ലാം പ്രോല്സാഹിപ്പിക്കുന്നില്ല. അതുപോലെ വുളൂഇന് ഉപയോഗിക്കുന്ന വെള്ളം കുറവാവുന്ന സഹചര്യങ്ങളിലുംപരിപൂര്ണ്ണമായ സുന്നത്തുകള് എടുക്കാന് പാടില്ല. ജമാഅത്ത് നഷ്ടപ്പെടുമെന്ന സാഹചര്യത്തിലും ഇത്തരം സുന്നത്തുകള് ഒഴിവാക്കി നിര്ബന്ധമായത് മാത്രം നിര്വ്വഹിച് നിസ്കാരത്തില് പ്രവേശിക്കേണ്ടതാണ്.
അവലംബം
ഫത്ഹുല്മുഈന്
അല് ഫിഖ്ഹു അലാ മദാഹിബില് അര്ബഅ