മരണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്

മരിച്ചെന്നുറപ്പായാല് ബിസ്മില്ലാഹി അലാ മില്ലത്തി റസൂലില്ലാഹി എന്ന് പറഞ്ഞ് മയ്യിത്തിന്റെ കണ്ണുകള് മയത്തോടെ തടവി അടക്കണം. (മുഗ്നി: 331) വായ തുറക്കാതിരിക്കാനായി വീതിയുള്ള ശീല കൊണ്ട് താടിയെല്ലും തലയും കൂട്ടിക്കെട്ടുക. രണ്ട് തണ്ടം കൈകള് തോളിലെത്തും വിധവും രണ്ട് തണ്ടംകാലുകള് പിന്വശത്തിലൂടെ രണ്ട് തുടയില് തട്ടുംവിധവും രണ്ട് മുട്ടും കാലുകള് വയറിന്മേല് എത്തം വിധവും മടക്കുകയും നിവര്ത്തുകയും ചെയ്തു കൊണ്ട് അവയവങ്ങള് മയമാക്കണം. കുളിപ്പിക്കാനും കഫന് ചെയ്യുവാനും ഇത് കൂടുതല് സൗകര്യമാകും. മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റണം. അധികം കനമില്ലാത്ത തുണി കൊണ്ട് ദേഹമാസകലം മൂടണം. മൂട് വസ്ത്രത്തിന്റെ ഇരുഭാഗങ്ങള് കാലിന്റെയും തലയുടെയും അടിയിലേക്ക് മടക്കിവെക്കണം. പായ, വിരിപ്പ് എന്നിവ ഒഴിവാക്കി കട്ടിലില് മേല് പറഞ്ഞപ്രകാരം കിടത്തണം.
മയ്യിത്തിന്റെ വയര് വീര്ക്കാതിരിക്കാന് അല്പം കനമുള്ള വല്ല സാധനവും വയറിന്മേല് തുണിക്കകത്തോ പുറത്തോ ആയി വെക്കണം. ചെരിച്ചു കിടത്തിയ മയ്യിത്താണെങ്കില് വയറിന്മേല് വെച്ച സാധനം വീഴാതിരിക്കാന് ശീല കൊണ്ട് വയറ്റത്ത് കെട്ടണം. ജീവിത കാലത്ത് മയ്യിത്തിന് ഏത് കാര്യവും ദയാപൂര്വം നിര്വഹിച്ചുകൊടുത്തിരുന്നവരാണ് ഇത്തരം കാര്യങ്ങള് മരണശേഷം ചെയ്തുകൊടുക്കേണ്ടത്. കുളിപ്പിക്കല്, കഫന്ചെയ്യല്, ചുമന്ന് കൊണ്ട് പോകല്, മറവ് ചെയ്യല് തുടങ്ങിയവ മയ്യിത്തിന് ബുദ്ധിമുട്ടാകാതെ നിര്വഹിക്കല് നിര്ബന്ധമാണ്.
മയ്യിത്തിന്റെ മുഖം ചുംബിക്കല് അനുവദനീയമാണ്. കുടുംബാംഗങ്ങള് സുഹൃത്തുക്കള് തുടങ്ങി മയ്യിത്തുമായി ഏറ്റവും ബന്ധപ്പെട്ടവര്ക്കത് സുന്നത്താണ്. സ്വാലീഹീങ്ങളുടെ മുഖം ചുംബിക്കല് മറ്റുള്ളവര്ക്കും സുന്നത്തുണ്ട്. (മഹല്ലി: 1/132)
മരണമോ മറ്റെന്തെങ്കിലും ആപത്തുകളോ സംഭവിച്ചതറിഞ്ഞാല് ഇന്നാ ലില്ലാഹി ഇന്നാ ഇലൈഹി റാജീഊന് എന്ന് ചൊല്ലണം. അര്ത്ഥം: നിശ്ചയമായും നാമെല്ലാം അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്. (മുഗ്നി: 1/357)
കുടുംബാംഗങ്ങള് സ്നേഹിതന്മാര് തുടങ്ങി മയ്യിത്തിനോട് അടുത്തവര്ക്കും അല്ലാത്തവര്ക്കും മയ്യിത്ത് കാണല് അനുവദനീയമാണ്. എന്നാല് പുരുഷന്റെ മയ്യിത്ത് അന്യ സ്ത്രീക്കും സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന്മാര്ക്കും പാടില്ല.
ജനാസ നിസ്കാരത്തിലും മറ്റും കൂടുതല് പേര് പങ്കെടുക്കണമെന്ന ഉദ്ദേശ്യത്തോടെ മരണ വാര്ത്ത അറിയിക്കല് സുന്നത്തുണ്ട്. (മുഗ്നി: 1/357) പൊങ്ങച്ചം കാണിക്കാനും അഭിമാന പ്രകടനത്തിനുമാണെങ്കില് മരണ വിളംബരം അനാചാരവും ജാഹിലിയ്യാ സംസ്കാരവുമാണ്. (ടി. 357)
മരിച്ചെന്നുറപ്പായാല് പിന്നെ കഴിവതും വേഗം മയ്യിത്തുപരിപാലനത്തലേര്പ്പെടണം. അനാവശ്യമായി പിന്തിപ്പിക്കരുത്. മയ്യിത്ത് പകര്ച്ചയാവുമെന്ന് കണ്ടാല് പിന്തിപ്പിക്കല് ഹറാമാണ്. (മഹല്ലി: 1/322)
മയ്യിത്ത് ജീവിതകാലത്ത് വീട്ടേണ്ട സകാത്ത് മറ്റു കടങ്ങള് എന്നിവ മയ്യിത്തിനു സ്വത്തുണെ്ടങ്കില് അതില് നിന്നെടുത്ത് വീട്ടേണ്ടതാണ്. എല്ലാ കടവും തീര്ത്ത ശേഷമേ സ്വത്ത് ഓഹരി ചെയ്യാവൂ. മയ്യിത്തിന് സ്വത്തില്ലെങ്കില് മയ്യിത്തിന്റെ അവകാശികളും മറ്റു സമീപസ്തരും കടാബാധ്യതകള് തീര്ക്കാന് ശ്രമിക്കേണ്ടതാണ്. (മുഗ്നി: 1/357)