വുളൂഇല് നിര്ബന്ധമായ കാര്യങ്ങള്

വുളൂഇന്റെ ഫര്ളുകള് ആറെണ്ണമാകുന്നു. അതായത് ഇവ ഒന്നു പോലും നഷ്ടപ്പെടാതെ പൂര്ണമായും ചെയ്താല് മാത്രമെ നാം ശുദ്ധി വരുത്തിയവരായി പരിഗണിക്കപ്പെടൂ.
1. നിയ്യത്ത് (മനസ്സ് കൊണ്ട് ഉദ്ദേശിക്കല്) ആകുന്നു.
വുളൂ ഉണ്ടാക്കുന്നുവെന്നോ വുളൂ എന്ന ഫര്ള് വീട്ടുന്നുവെന്നോ കരുതണം. പുതുക്കുന്ന വുളൂ ആണെങ്കില് പോലും-നിത്യ അശുദ്ധിയില്ലാത്തവര്-അശുദ്ധിയെ ഉയര്ത്തുന്നുവെന്നോ അശുദ്ധിയില് നിന്നും ശുദ്ധിയാവുന്നുവെന്നോ കരുതണം.
ഖുര്ആന് ഓതല്, ഹദീസ് പാരായണം, പള്ളിയില് പ്രവേശിക്കല്, ഖബര് സിയാറത്ത് എന്നിങ്ങനെ വുളൂഅ് സുന്നത്തുള്ള കാര്യങ്ങള് ഹലാലാക്കുന്നു എന്ന് കരുതിയാല് മതിയാവുകയില്ല.
ഉളറെള പ്രവര്ത്തനങ്ങള് സ്വീകരിക്കപ്പെടുക നിയ്യത്തുകള്ക്കനുസരിച്ച് മാത്രമായിരിക്കുമെന്ന തിരുവചനമാണ് നിയ്യത്ത് നിര്ബന്ധമാണെന്നതിന് തെളിവ്.’
മുഖം കഴുകല് തുടങ്ങുമ്പോള് തന്നെ നിയ്യത്ത് വെക്കേണ്ടതാണ്. മുഖം കഴികിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് വെക്കുന്നുതെങ്കില് കഴുകിയ ഭാഗം മടക്കി കഴുകേണ്ടതാണ്.
2. മുഖത്തിന്റെ ബാഹ്യഭാഗം കഴുകല്. (നിങ്ങളുടെ മുഖം നിങ്ങള് കഴുകുവിന് വി. ഖു. 5:6) എന്ന സൂക്തമാണ് ഇതിനു തെളിവ്.
സാധാരണ തലമുടി മുളക്കുന്നസ്ഥലം മുതല് രണ്ട് താടി എല്ലുകളുടെ അറ്റം ചെന്നത്തുന്ന സ്ഥലത്തിന്റെ അടിഭാഗം വരെയാണ് മുഖത്തിന്റെ നീളം. താടിയെല്ലുകളുടെ അറ്റം മുഖത്തില് പെട്ടതാണെങ്കിലും അവയുടെ അടിഭാഗവും അവിടെ മുളക്കുന്ന രോമങ്ങളും മുഖത്തില് പെട്ടതല്ല.
രണ്ട് ചെവികളുടെ ഇടയിലുള്ള ഭാഗമാണ് മുഖത്തിന്റെ അകലം.
മുഖത്തുള്ള എല്ലാ മുടികളും കഴുകല് നിര്ബന്ധമാണ്.
കണ്ണിന്റെ ഇമ, പുരികം, മീശ, താടിക്കും കീഴ്ചുണ്ടിനും മധ്യേയുള്ള മുടി, താടി, ചെവിയോട് നേരിട്ട് നില്ക്കുന്ന എല്ലിന്മേല് മുളക്കുന്ന മുടി, കവിള് താടി തുടങ്ങി എല്ലാ മുടികളും കഴുകല് നിര്ബന്ധമാണ്.
രണ്ടു ചുണ്ടുകളുടെ ചുകപ്പും അളകങ്ങള് (നെറ്റിയിലെ പൂച്ചമുടി) മുളക്കുന്ന സ്ഥലവും മുഖത്തില് പെട്ടതാണ്. പന്നത്താടിതുടങ്ങുന്ന സ്ഥലത്തിന്റെയും കയനെറ്റിയുടെയും ഇടയിലെ മൃദുലമായ രോമങ്ങള് മുളക്കുന്ന മുഖവളയിടുന്ന സ്ഥലം മുഖത്തില് പെട്ടതല്ലഎന്നാണ് പ്രബലമായ പണ്ഡിതമതം.
ചെവിക്കുറ്റിയും രണ്ടു കയനെറ്റിയും കഷണ്ടിയാവുന്ന സ്ഥലവും മുഖത്തില് പെട്ടതല്ല. മുഖത്തില് പെട്ടതല്ലാത്ത മേല് പറയപ്പെട്ട സ്ഥലങ്ങളും കഴുകല് സുന്നത്താണ്.
തിങ്ങിയതാണെങ്കിലും മേല് പറഞ്ഞ എല്ലാ മുടികളും ഉള്ളും പുറവും കഴുകല് നിര്ബന്ധമാണ്. എങ്കിലും തിങ്ങിയ താടിയുടെയും കവിള്താടിയുടെയും ഉള്ള് കഴുകല് നിര്ബന്ധമില്ല. സാധാരണ ഒരാളുമായി സംാഷണം നടത്തുമ്പോള്രോമങ്ങള്ക്കിടയിലൂടെ തൊലികാണാന് സാധിക്കാതിരിക്കുക എന്നതാണ് താടി തിങ്ങുക എന്നതിന്റെ മാനദണ്ഡം.
3. മുട്ട് ഉള്പ്പെടെ കൈ രണ്ടും കഴുകല്. മുന്കൈകളും മുഴംകൈകളും എന്നതാണ് കൈ കൊണ്ട് ഉദ്ദേശിക്കുന്നത്.
മേല്പറഞ്ഞ ആയതിലെകൈരണ്ടും മുട്ടുള്പ്പടെഎന്ന വാക്യമാണ് ഇതിന്റെ തെളിവ്.
4. തലയില് നിന്ന് അല്പം തടവല്. കയനെറ്റി, ചെവിയുടെ മറുവശമുള്ള വെളുപ്പ് എന്നിവയും അല്പമെന്നതില് പെടും. ഒരു മുടിയുടെ അല്പഭാഗം തടവിയാലും ഫര്ള്-നിര്ബന്ധം-വീടും. മേല് പറഞ്ഞ സൂക്തത്തിലെനിങ്ങള് നിങ്ങളുടെ തലയില്നിന്ന് അല്പം തടവുക (വി.ഖു 5:6 )’ എന്ന വാക്യമാണ് ഇതിന്റെ അടിസ്ഥാനം.
5. ഇരുകാലുകളും ഞെരിയാണിയുള്പ്പെടെ കഴുകല്. ഖുഫ്ഫ ധരിച്ചവര് അതിനുമുകളില് തടവിയാല് മതി. അതിന്റെ നിബന്ധനകള്ക്ക് വിധേയമായി.
(ഖുഫ്ഫയുടെ നിബന്ധനകള് ചേര്ക്കുക)
6. മേല്പറഞ്ഞകാര്യങ്ങളൊക്കെ യഥാക്രമം ചെയ്യുക എന്നതാണ് വുളൂവിന്റെ ആറാമത്തേയും അവസാനത്തേയുംമായ നിബന്ധന. ക്രമംതെറ്റിയാല് വുളൂ ബാത്വിലാകുന്നതാണ്.
ചുരുക്കം
അംഗസ്നാനത്തിന്റെ നിബന്ധനകളില് പെട്ട മുഖം കഴുകല്, കൈ കഴുകല്, തല തടവല്, കാല് കഴുകല് എന്നിവ ഇസ്ലാമിലെ പ്രബല മദ്ഹബുകളായ ശാഫിഈ, ഹനഫി, മാലികി എന്നിവരെല്ലാം ഏകോപിച്ച് അംഗീകരിച്ചതും നിയമമാക്കിയതുമാണ്.
ഹനഫീ മദ്ഹബില് നാല് കാര്യങ്ങള് മാത്രമേ നിര്ബന്ധമുള്ളൂ. മുഖത്തിന്റെ അതിര്ത്തി, തലയുടെ അല്പം, യഥാക്രമം ചെയ്യല്, നിയ്യത്ത് എന്നീ വിഷയങ്ങളിലൊക്കെ നാല് മദ്ഹബുകള്ക്കിടയിലും വ്യത്യസ്ത അഭിപ്പായങ്ങളുണ്ട്.
തലമുഴുവന് തടവല് നിര്ബന്ധമാണ് എന്ന പക്ഷക്കാരനാണ് മാലികിയും ഹമ്പലിയും. എന്നാല് ശാഫിഈ, ഹനഫീ വീക്ഷണപ്രകാരം തലയുടെ അല്പം മാത്രമേ നിര്ബന്ധ പരിധിയില് വരൂ എന്നാണ്. എങ്കിലും അല്പം എത്രയാണെന്നതില് ഇരുവര്ക്കിടയില് അഭിപ്രായ വ്യത്യാസമുണ്ട്. ഒരു മുടിയാണെങ്കിലും എന്ന് ശാഫിഈ മദ്ഹബ് പറയുമ്പോള് തലയുടെ നാലില് ഒരു ഭാഗമെങ്കിലും തടവണമെന്നാണ് ഹനഫീ പക്ഷം.
റഫറന്സ്:
1. ഫത്ഹുല്മുഈന്
2. അല്ഫിഖ്ഹു അലല് മദാഹിബില് അര്ബഅ
3. അല് മൗസൂആത്തുല് ഇസ്ലാമിയ്യ