സകാത്തിന്റെ പ്രായോഗിക പ്രസക്തി

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില് മൂന്നാം സ്ഥാനമാണ് സകാത്തിന്റേത്. വളര്ച്ച, ശുദ്ധീകരണം, ഐശ്വര്യം എന്നിവയെല്ലാം സകാത്തിന്റെ പദാര്ത്ഥങ്ങളാണ്. സ്രഷ്ടാവായ അല്ലാഹു വിവിധവഴികളിലായി തനിക്കു നല്കിയ ധനത്തിന്റെ ഒരു വിഹിതം അതു നല്കപ്പെടാത്തവര്ക്കും സാമൂഹിക സേവനങ്ങളിലേര്പ്പെടുന്നതവര്ക്കു നല്കുന്നതിലൂടെ അവിശുദ്ധ സമ്പാദ്യങ്ങളില് നിന്ന് ധനവും പണക്കൊതിയില് നിന്ന് മനസ്സും മുക്തമാവുന്നു. ഇതിനുള്ള ഒരു ഉപാധിയാണ് സകാത്ത്. സാമൂഹിക തലത്തില് ഐശ്വര്യവും പരസ്പ സ്നേഹവും ഊട്ടിയുറപ്പിക്കാന് ഇതു സഹായകമാവും.
സകാത്ത് രണ്ട് വിധമുണ്ട്. ധനത്തിന്റെ സകാത്തും ശരീരത്തിന്റെ സകാത്തും. നിശ്ചിത അളവ് ധനം കൈവശം വരികയും ഒരുവര്ഷം അവ തന്റെ ഉടമസ്ഥതയില് നിലനില്ക്കുകയും ചെയ്താല് ഓരോ ഇനത്തിലും ഇസ്ലാം നിശ്ചയിക്കുന്ന അളവ് അവകാശികള്ക്കു നല്കുന്നതാണ് ധനത്തിന്റെ സകാത്ത്. ശവ്വാല് മാസത്തിന്റെ ആദ്യ ദിവസത്തെ പെരുന്നാളാഘോഷ വേളയില് നിര്ധനര്ക്കു നല്കുന്ന പ്രത്യേക നിര്ബന്ധ ദാനധര്മമാണ് ദേഹസകാത്ത്. ‘സകാത്തുല് ഫിത്വ്ര്എന്നും ഇതിനു പേരുണ്ട്.
ഹിജ് രണ്ടാം വര്ഷം എന്ന വാക്യത്തിലൂടെയാണ് സകാത്ത് നിര്ബന്ധമാക്കപ്പെട്ടത്. ദേഹത്തിന്റെ സകാത്ത് ഇതിനു മുമ്പുതന്നെ നിയമമാക്കപ്പെട്ടിരുന്നു. പ്രസ്തുത സൂക്തം ഇറങ്ങുന്നതിനു മുമ്പ് തന്നെ പാവപ്പെട്ടവര്ക്ക് സമ്പാദ്യം കൈപ്പറ്റുന്നതിനനുഗുണമായ അത്രതന്നെ വ്യവസ്ഥാപിതമല്ലാത്ത ചില രീതികള് മുസ്ലിംകള്ക്കിടയില് നിലവിലുണ്ടായിരുന്നു. അതിനെ ദുര്ബലപ്പെടുത്തിക്കൊണ്ടാണ് മേല് സൂക്തം വഴി സകാത്ത് പ്രാബല്യത്തില് വന്നത്. അടിസ്ഥാന ഭക്ഷ്യധാന്യങ്ങള്, പഴവര്ഗങ്ങള്, കന്നുകാലികള്, മൂലധനത്തിന്റെ അടിസ്ഥാനപരമായ സ്വര്ണ്ണം, വെള്ളി കച്ചവടം......... തുടങ്ങി ധനാഗമ-സമ്പാദന ഇനങ്ങളില് എട്ട് വിഭാഗങ്ങളിലാണ് സകാത്ത് നിര്ബന്ധം.
എട്ടുവിഭാഗം ആളുകളാണ് സകാത്തിന്റെ അവകാശികള്. ദരിദ്രര്, പാവപ്പെട്ടവര്, സകാത്തുമായി ബന്ധപ്പെട്ട ജോലിക്കാര്, പുതുമുസ്ലിംകള്, വിമോചന പത്രമെഴുതിയ അടിമകള്, കടക്കെണിയിലകപ്പെട്ടവര്, ദൈവമാര്ഗത്തില് അടരാടുന്നവര്, യാത്രക്കാര് എന്നീ വിഭാഗങ്ങളെ സൂറത്തു തൗബയിലെ 60-ാം വാക്യത്തില് ക്രമനുക്രമം വിശദീകരിക്കുന്നു. ഇവരില് നാല് വിഭാഗം നിര്ധനരും മറ്റുള്ളവര് സമൂഹ സേവകരും അനുകമ്പ അര്ഹിക്കുന്നവരുമാണ്.
എണ്പത്തി അഞ്ച് ഗ്രാം സ്വര്ണ്ണമോ അഞ്ഞുറ്റിത്തൊണ്ണൂറ്റി അഞ്ച് ഗ്രാം വെള്ളിയോ ഒരു വര്ഷം മുഴുവന് ഒരാളുടെ കൈവശമുണെ്ടങ്കില് അതിന്റെ നാല്പ്പതില് ഒരു ഭാഗം സകാത്ത് കൊടുക്കണം. കച്ചവടത്തില് വര്ഷാവസാനം വിലകെട്ടി ആകെയുള്ളതിന്റെ രണ്ടര ശതമാനമാണ് സകാത്ത് നല്കേണ്ടത്. ഭക്ഷ്യധാന്യങ്ങള് 653 കിലോഗ്രാം കൈവശമുണെ്ടങ്കില് അതില് നിന്ന് ഏകദേശം 33 കിലോ ആണ് നല്കപ്പെടേണ്ടത്. ഇതുപോലെ 40 ആടുകളോ 30 മാടുകളോ ഉണെ്ടങ്കില് അതില് നിന്ന് ഒരോന്ന് വീതവും അഞ്ച് ഒട്ടകങ്ങളുള്ളവന് ഒരു ആടും സകാത്ത് നല്കണം. മുന്കാലങ്ങളില് കന്നുകാലികളായിരുന്നു പ്രൗഢിയുടെയും സമ്പത്തിന്റെയും മാനദണ്ഡങ്ങളിലൊന്ന്. ഇന്നും പല പ്രദേശങ്ങളിലും കാലികളുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരുണ്ട്. മാംസം മനുഷ്യന് പൊതുവെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണല്ലോ.
ചെറിയ പെരുന്നാള് ദിവസം നല്കപ്പെടുന്ന ഭക്ഷ്യധാന്യമാണല്ലോ ഫിത്വ്ര് സകാത്ത്. തനിക്കും താന് ചെലവ് കൊടുക്കല് നിര്ബന്ധമായ ആള്ക്കും അന്നേ ദിവസം കഴിഞ്ഞുകൂടാനുള്ളതില് കവിഞ്ഞ ധനം കൈവശമുള്ളവര്ക്കെല്ലാം ഇതു നിര്ബന്ധമാണ്. നല്കപ്പെടുന്ന നാട്ടിലെ പ്രധാന ഭക്ഷണമാണ് നല്കേണ്ടത്.