മനുഷ്യന് എക്കാലവും നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സാമ്പത്തിക അസന്തുലിതത്വം. മുഴുവന് ആളുകള്ക്കും തിന്നു തീര്ക്കാന് കഴിയുന്നതിനേക്കാള് എത്രയോ മടങ്ങ് വിഭവങ്ങള് ഭൂമികകത്തും പുറത്തുമായി കുടികൊള്ളുന്നുണെ്ടന്നാണ് ധനശാസ്ത്രജ്ഞരുടെ പക്ഷം. എന്നാല് ഒരു നേരത്തെ വിഷപ്പടക്കാനുള്ള അഷ്ടിക്ക് പോലും വകയില്ലാതെ ഒട്ടിയ വയറുമായി ജീവിതം തള്ളിനീക്കുന്ന ദരിദ്ര ജനലക്ഷങ്ങള് ഇന്ന് വന്കിട സമ്പന്ന രാഷ്ട്രങ്ങളില് പോലും കഴിഞ്ഞു കൂടുന്നുണ്ട്.
വിഭവങ്ങളുടെ ദൗര്ലഭ്യതയോ സമ്പത്തിന്റെ ഇല്ലായ്മയോ അല്ല ഇത്തരം പരാധീനതകള്ക്കു കാരണം. വിതരണ രംഗത്തെ അസന്തുലിതത്വവും നയവൈകല്യങ്ങളുമാണ്. ഭൂമുഖത്തുള്ള ഉല്പന്നങ്ങളുടെ 80 ശതമാനവും ഉപയോഗിക്കുന്നത് 20 ശതമാനം വരുന്ന സമ്പന്നരാണ്. അമേരിക്കയിലെ ഒരു ബാലന് ശരാശരി ഇന്ത്യക്കാരനുപയോഗിക്കുന്ന ധനത്തിന്റെ അമ്പതിരട്ടി ആഢംബര വസ്തുക്കള്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. മനുഷ്യര്ക്ക് മുഴുവന് സുഭിക്ഷമായി കഴിഞ്ഞുകൂടാന് പര്യാപ്തമായ ധനം, ഒരു വിഭാഗമാളുകള് തങ്ങളുടെ ഭൗതിക സ്വാധീനമുപയോഗിച്ച് കയ്യടക്കുകയും ഭാവനാസൗധങ്ങള് പണിതുയര്ത്താന് നിര്ധനന്റെ അധ്വാനഫലം പിഴിഞ്ഞെടുക്കുകയും ചെയ്യുമ്പോള് വലിയൊരു ജനവിഭാഗം പുറംപോക്കുകളിലേക്ക് തള്ളപ്പെടുന്നു. ഇവിടെയാണ് സമഭാവനക്കും സന്തുലിതത്വത്തിനും ഊന്നല് നല്കുന്ന ഒരു സാമ്പത്തിക സംവിധാനത്തിന്റെ പ്രസക്തി.
മനുഷ്യന്റെ അറ്റമില്ലാത്ത ആഗ്രഹങ്ങളെ സഫലീകരിക്കാന് പരിമിതമായ സമ്പത്ത് എങ്ങനെ ഉപയോഗിക്കാമെന്നതാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. ധനത്തോട് അടങ്ങാത്ത ആര്ത്തിയും ആസക്തിയുള്ളവനാണ് മനുഷ്യന്. ഭൂമിയേക്കാള് വിശാലമായ ആഗ്രഹങ്ങളുടെ ഭാണ്ഡങ്ങളുമായാണ് ഓരോ മനുഷ്യനും പിറവിയെടുക്കുന്നത്. ലഭിക്കുംതോറും അതു കൂടുതല് വിശാലമാവുന്നു. ഒരാളുടെ പോലും ആഗ്രഹത്തെ സഫലീകരിക്കാന് ഭൂമിയിലുള്ള മുഴുവന് ധനവും ചേര്ന്നാലും ആവില്ല. അതുകൊണ്ടു തന്നെ എല്ലാവരുടെയും ആവശ്യങ്ങളെ മാന്യമായ തോതില് പരിഹരിക്കുന്നതില് ഒരു സംവിധാനം എത്രമാത്രം കാര്യക്ഷമമാണ് എന്നതാണതിന്റെ സ്ഥാനം നിര്ണ്ണയിക്കുന്നത്. ഉദ്പാദനം, വിതരണം, ഉപഭോഗം എന്നിവയാണല്ലോ ആവശ്യപൂരണത്തിന്റെ വഴികള്.
മനുഷ്യന് സാമൂഹ്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച നാള് മുതല്ക്കു തന്നെ സാമ്പത്തിക വീക്ഷണങ്ങളും തുടങ്ങിയിരിക്കണം. എന്നാല് ശൈശവ ദശയിലെ ലാളിത്യവും സുതാര്യതയും കാലക്രമേണ സൂക്ഷമവും സങ്കീര്ണ്ണവുമായി പരിണമിച്ചിരിക്കാം. പ്രാചീന ഇന്ത്യ, റോം, പേര്ഷ്യ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലെല്ലാം ഭിന്ന രീതിയിലുള്ള സാമ്പത്തിക ക്രമീകരണങ്ങളാണ് ഭരണാധികാരികള് അനുവര്ത്തിച്ചത്. അരിസ്റ്റോട്ടലിന്റെ കൃതികളിലാണ് ഒന്നു കൂടി വ്യവസ്ഥാപിതമായ രീതിയിലുള്ള സമ്പദ് വ്യവസ്ഥ കാണപ്പെടുന്നത്. സമ്പദ്ഘടനയെക്കുറിച്ച് പ്രധാനമായും മൂന്ന് വ്യവസ്ഥകളാണ് ഇന്ന് ലോകത്ത് നിലവിലുള്ളത്. ക്യാപിറ്റലിസം, മാര്ക്സിസം, മിശ്രവ്യവസ്ഥ എന്നിവയാണത്.