സമ്പത്തിലെ സകാത്ത്

സകാത്ത് എന്നതിന്റെ പദാര്ത്ഥം ശുദ്ധീകരണം എന്നാണ്. ഉടമസ്ഥതയിലുള്ള നിശ്ചിത കാലമെത്തിയ സമ്പത്തില് നിന്ന് നിര്ണിത വിഹിതം നിശ്ചിത വിഭാഗത്തിന് വിതരണം ചെയ്യുന്നതിന്നാണ് സകാത്തെന്ന് പറയുക. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങിനെയായിരിക്കണമെന്ന പോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. മനുഷ്യര് തമ്മിലുള്ള ബന്ധങ്ങളും കടമകളും പൂര്ത്തീകരിക്കുന്നതിലൂടെ ദൈവകോപത്തിന് ഇടവരുത്തുന്നു. ബന്ധത്തിന്റെ പരമ്യതയാണ് സകാത്ത്. പണക്കാരുടെ സമ്പത്തില് ദരിദ്രര്ക്ക് ലഭിക്കേണ്ട അവകാശമാണത്. ''അവരുടെ ധനത്തില് ചോദിക്കുന്നവര്ക്കും അടിസ്ഥാന ആവശ്യങ്ങള് നിഷേധിക്കപ്പെട്ടവര്ക്കും അവകാശമുണ്ട്'' (അദ്ദാരിയാത്ത്:19)സകാത്ത് നല്കാത്തവര്ക്ക് കടുത്ത ശിക്ഷയാണ് നല്കപ്പെടുക. ''സ്വര്ണ്ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്ഗ്ഗത്തില് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്ക്ക് വേദനയേറിയ ശിക്ഷയുണെ്ടന്ന് വാര്ത്ത അറിയിക്കുക''(തൗബ:34)
''സത്യവിശ്വാസം കൊണ്ട് ആത്മാവിന്റെ സമര്പ്പണവും നമസ്കാത്തിലൂടെ ശരീരത്തിന്റെ സമര്പ്പണവും ഉണ്ടായിത്തീരുന്നു. സ്വത്ത് ദൈവമാര്ഗത്തില് സമര്പ്പിക്കുന്നതിലൂടെ മനുഷ്യന് ശുദ്ധീകരിക്കപ്പെടുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു.''(തൗബ: 103)
സ്വര്ണ്ണം, വെള്ളി, ആട്, മാട്, ഒട്ടകം, മുഖ്യാഹാരം(കൃഷി), കാരക്ക, മുന്തിരി എന്നിവയില് സകാത്ത് നിക്ഷിപ്തമാണ്. പിന്നെ സ്വര്ണം, വെള്ളി തുടങ്ങിയ നാണയങ്ങളും ധനമാകുന്ന കച്ചവടവുമാണ് ഇവിടെ പ്രതിപാദ്യമാകുന്നുള്ളൂ. നബി () തങ്ങള് പറഞ്ഞു:''നിക്ഷേപത്തിന്റെ ഉടമ അതില് സകാത്ത് നല്കപ്പെട്ടിട്ടില്ലെങ്കില് അവ നരകത്തില് ചൂടുപിടിപ്പിച്ച് പലകകളാക്കി അവന്റെ പാര്ശ്വങ്ങളും നെറ്റിത്തടങ്ങളും ചൂടുവെക്കും. ആയിരം വര്ഷം ദൈര്ഘ്യമുള്ള ഒരു ദിവസം അല്ലാഹു തന്റെ അടിമകള്ക്കിടയില് തീരുമാനം കല്പ്പിക്കുന്നത് വരെ. പിന്നെ അവന് സ്വര്ഗ്ഗത്തിലേക്കോ നരകത്തിലേക്കോ തന്റെ വഴി കണെ്ടത്തും''(മുസ്ലിം)
ധനത്തിന്റെ നിശ്ചിത സംഖ്യ ഒരാള് വശം ഒരു വര്ഷം പൂര്ത്തിയാകുമ്പോഴാണ് സകാത്ത് നിര്ബന്ധമാകുന്നത്. 5 ഊഖിയയാണ് നബി() വെള്ളിയുടെ നിസാബ്(കണക്ക് പൂര്ത്തിയാവല്) നിശ്ചയിച്ചിരിക്കുന്നത്. നബി തിരുമേനിയുടെ കാലത്ത് ഒരു ഊഖിയ 40 ദിര്ഹമാണ്. 5 ഊഖിയ 200 ദിര്ഹം അഥവാ 595 ഗ്രാം. അത്രയും വെള്ളി മുഹറം ഒന്നു മുതല് അടുത്ത മുഹറം ഒന്നു വരെ ഒരാളുടെ കൈവശം ഉണെ്ടങ്കില് സകാത്ത് കൊടുക്കണം. സ്വര്ണ്ണം 20 മിസ്ഖാല്(20 ദീനാര്) ഒരു വര്ഷം പൂര്ത്തിയായാല് സകാത്തുണ്ട്. അഥവാ 85 ഗ്രാം.. വ്യക്തമായി പറഞ്ഞാല് വെള്ളി ഒരു ദിര്ഹം 2.975 ഗ്രാമും 200 ദിര്ഹം 595 ഗ്രാമുമാണ്. സ്വര്ണ്ണം ഒരു ദീനാര് 4.25 ഗ്രാമും 20 ദീനാര് 85 ഗ്രാമുമാണ്.
സ്വര്ണ്ണത്തിന്റെയും വെള്ളിയുടെയുടയും 40- ല് ഒന്നാണ് (2.5 ശതമാനം) സകാത്ത് കൊടുക്കേണ്ടത്. സ്വര്ണം, വെള്ളി എത്ര കൂടുതലുണെ്ടങ്കിലും സകാത്ത് വിഹിതത്തിന്റെ ശതമാനത്തില് വര്ദ്ധനവുണ്ടാകില്ല. 595 ഗ്രാം വെള്ളിയുടെ രണ്ടര ശതമാനമായ 14. 875 ഉം 85 ഗ്രാം സ്വര്ണത്തിന്റെ രണ്ടര ശതമാനമായ 2.125 ഉം കൊടുക്കണം.
പട്ടിക ശ്രദ്ധിക്കുക
സ്വര്ണം വെള്ളിയുടെ ആഭരണങ്ങള്ക്ക് സാധാരണ പരിധിയില് കവിയുന്നതിന് സകാത്തുണ്ട്. അംറുബ്നു ശുഐബ് () ല് നിന്നും റിപ്പോര്ട്ട്: ''ഒരു സ്ത്രീ നബി ()യുടെ തിരുസന്നിധിയില് വന്നു. അവരുടെ മകളുമുണ്ട് കൂടെ. അവളുടെ കൈയില് ഒരു കട്ടിയുടെ വളയുമുണ്ടായിരുന്നു. തിരുമേനി അവരോട് ചോദിച്ചു: 'നീ ഇതിന്റെ സക്കാത്ത് കൊടുക്കുന്നുണേ്ടാ ?' അവള് പറഞ്ഞു:'ഇല്ല' 'അന്ത്യനാളില് അവ കൊണ്ട് രണ്ടു തീവളകളുണ്ടാക്കി അല്ലാഹു നിനക്കണിയുന്നത് നിനക്കിഷ്ടമാണോ?' ഇത് കേട്ട് അവള് വള അഴിച്ച് നബി ()യുടെ അടുത്ത് കൊടുത്തു കൊണ്ടു പറഞ്ഞു: ''അവ അല്ലാഹുവിനും അവന്റെ റസൂലിനുമാണ് (അബൂ ദാവൂദ്).''
സാധാരണ ഒരു സ്ത്രീ ധരിക്കുന്ന ആഭരണത്തില് കവിഞ്ഞതിന് മാത്രമേ സകാത്തുള്ളവെന്നതാണ് കര് ശാസ്ത്ര പണ്ഢിതാരുടെ അഭിപ്രായം.
നബി ()യുടെ കാലത്ത് സ്വര്ണവും വെള്ളിയും ആഭരണങ്ങളായിരുന്നു. 200 ദിര്ഹം വെള്ളിയുടെ സ്ഥാത്ത് 20 ദീനാര് സ്വര്ണം കണക്കാക്കപ്പെട്ടിരുന്നു. എന്നാല് നബി ()യുടെ കാലത്ത് സക്കാത്ത് നിര്ണ്ണയിച്ച ദീനാറും ദിര്ഹമും ഇന്നില്ല. വ്യത്യസ്ത നാണയങ്ങളാണ് നിലവിലുള്ളത്. അത് കൊണ്ട് നബി()യുടെ ദീനാറിനോടോ ദിര്ഹമിനോട് ഇന്നത്തെ നാണയങ്ങളുടെ മൂലമൊപ്പിക്കുകയാണ് ഏകവഴി. ഇന്ത്യയുടെ കറന്സിയെ സ്വര്ണം, വെള്ളി എന്നിവയിലൊന്നിന്റെ മൂല്യത്തോടടുപ്പിക്കുക. നബി ()യുടെ കാലത്തെ സ്വര്ണം ഒരു ദീനാര് വെള്ളി പത്ത് ദിര്ഹമിന് സമാനമായിരുന്നുവെങ്കില് ഇന്നത്തെ85 ഗ്രാം സ്വര്ണം 595 ഗ്രാം വെള്ളിക്ക് തുല്യമല്ല. ഇന്നത്തെ വില പ്രകാരമുള്ള അന്തരം പട്ടികയില് കാണാം.
വലിയ മാറ്റം ഉണ്ടാകുന്നുണ്ട്. അപ്പോള് ഇന്ത്യന് രൂപയെ സ്വര്ണ്ണത്തോട് തുലനം ചെയ്യുമ്പോള് 35785 രൂപ ഒരാള്ക്ക് ഒരു വര്ഷം പൂര്ത്തിയായി ഉണ്ടായാലേ സകാത്ത് നിര്ബന്ധമാകൂവെങ്കില് വെള്ളിയോട് തുലനം ചെയ്യുമ്പോള് 4879 രൂപ ഉണ്ടായാല് സകാത്ത് നിര്ബന്ധമാകുന്നു. എന്നാല് വെള്ളിയോടാണ് കറന്സിയെ കണക്കാക്കേണ്ടത് എന്നാണ് പണ്ഡിത അഭിപ്രായം. കാരണം ആദ്യം വെള്ളിയുടെ തോതില് കറന്സിക്ക് സകാത്തിന്റെ കണക്കെടുത്തിരുന്നു. വെള്ളിക്കെത്തിയ ശേഷം സ്വര്ണത്തേക്കാള് കാക്കുന്നത് ശരിയല്ല. തന്നെയുമല്ല, നമ്മുടെ നാട്ടില് പണ്ടുമുതലേ നടപ്പുണ്ടായിരുന്നത് വെള്ളി നാണയമായിരുന്നു. അത് പോലെ സകാത്തില് പണക്കാരുടെ താല്പര്യമല്ല, പാവങ്ങളുടെ താല്പര്യമാണ് പരിഗണിക്കുക. അതിനാല് താരതമ്യേന മൂല്യം കുറഞ്ഞ വെള്ളിയെ മാനദണ്ഡമാക്കുമ്പോഴാണ് അധിക പേരും സകാത്ത് കൊടുക്കാന് ബാധ്യസ്ഥരാകുന്നത്. വെള്ളിയെ മാനദണ്ഡമാക്കിക്കൊണ്ട് ഇന്ത്യന് രൂപക്ക് സക്കാത്ത് കൊടുക്കേണ്ട പൂര്ണ്ണ രൂപത്തിലുള്ള പട്ടിക 3 കാണുക.
ഒരാളുടെ കൈവഷം കൊല്ലം പൂര്ത്തിയായ 10000 രൂപയുണെ്ടന്ന് സങ്കല്പിക്കുക. അയാള് അതിന്റെ രണ്ടര ശതമാനമായ 250 രൂപ സകാത്ത് കൊടുക്കണം.
കച്ചവടത്തിനും സകാത്ത് നിര്ബന്ധമാണ്. മുവഥ്വ 1: 248 -ല് ഇതിനെക്കുറിച്ച് വിവരണമുണ്ട്. കച്ചവട വസ്തുക്കളുടെ 2.5 തന്നെയാണ് സക്കാത്ത് കൊടുക്കേണ്ടത്. കച്ചവട ചരക്കുകള് 595 ഗ്രാം വെള്ളിക്ക് (4879 രൂപ) തുല്യമാകുമ്പോള് സകാത്ത് കൊടുക്കണം. എന്നാല് വര്ഷത്തിന്റെ ആദ്യം മുതല് അവസാനം വരെ ഇത്രയും സംഖ്യക്കുള്ള ചരക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇമാം ശാഫി ()യുടെ അഭിപ്രായ പ്രകാരം കച്ചവടം തുടങ്ങി ഒരു കൊല്ലം പൂര്ത്തിയാകുന്നതിന്റ അവസാനഘട്ടത്തില് വരെ നിസാബ് എത്തിയാല് മതി. എന്നാല് വര്ഷാദ്യം കണക്ക് പൂര്ത്തിയാകുകയും അവസാനം അതില്ലാതിരിക്കുകയും ചെയ്താല് സക്കാത്ത് നിര്ബന്ധമില്ല. ഒരാളുടെ കൈവശം സക്കാത്ത് നിര്ബന്ധമാകുന്ന കണക്ക് പ്രകാരം ഏതെങ്കിലും നിലക്കുണ്ടായി. അയാള് ഒന്നോ രണേ്ടാ മാസം കഴിഞ്ഞ ശേഷമാണ് അത് കൊണ്ട് കച്ചവടം തുടങ്ങിയത്. എന്നാല് കച്ചവടത്തിന്റെ സംഖ്യ തനിക്ക് വന്ന് പെട്ടതു മൂലമാണ് വര്ഷം കണക്കാക്കേണ്ടത്. അതായത് മുഹര്റം ഒന്നിന് നിസാബ് അനുസരിച്ച് സംഖ്യ കയ്യിലെത്തി. അത് കൊണ്ട് റബീഉല് അവ്വലിന് കച്ചവടം തുടങ്ങി. എന്നാല് സക്കാത്ത് നിര്ബന്ധമാകുന്നത് അടുത്ത മുഹര്റം ഒന്നിനാണ്. എന്നാല് ആദ്യത്തെ മുഹര്റം ഒന്നിന് തന്റെ കയ്യിലുള്ള സംഖ്യ സക്കാത്തിന് നിസാബ് എത്താതിരിക്കുകയും നിസാബില് കുറഞ്ഞ സംഖ്യ കൊണ്ട് റബീഉല് അവ്വലിന് കച്ചവടം തുടങ്ങുകയും ചെയ്താല് അടുത്ത റബീഉല് അവ്വലിന് മാത്രം ചരക്ക് കൂട്ടിയാല് മതിയാകും. അപ്പോള് നിസാബ് എത്തിയെങ്കില് മാത്രം സക്കാത്ത് കൊടുക്കണം.
കൊല്ലാവസാനം കച്ചവടച്ചരക്കുകളുടെ സ്റ്റോക്കെടുത്ത് അതിന്റെ മാര്ക്കറ്റ് വിലയും അതുവരെയുള്ള ലാഭവും, കിട്ടുമെന്ന് പ്രതീക്ഷയുള്ള കടവും കൂട്ടി കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ കടം കിഴിച്ച് ബാക്കി വരുന്നതിനാണ് സക്കാത്ത് കൊടുക്കേണ്ടത്. കടയിലെ ഫര്ണിച്ചറുകള്, ഫ്രിഡ്ജ്, മിക്സി തുടങ്ങി കച്ചവടം ചെയ്യാത്ത വസ്തുക്കള് സ്റ്റോക്കില് ഉള്പ്പെടുത്തേണ്ടതില്ല. നികുതിയും കറന്റ് ചാര്ജും കിഴിക്കുകയും ചെയ്യാം. വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന ചെരക്കും വില്ക്കാന് പറ്റാതെ കേടുപാടുകള് സംഭവിച്ചതും സ്വന്തം ഉപയോഗത്തിന് എടുക്കുന്നതുമായ ചെരക്കുകള് സ്റ്റോക്കില് നിന്ന് ഒഴിവാക്കാം. കച്ചവട സകാത്തിന്റെ ഒരു രൂപം പട്ടിക 4- ല് കാണാം.
സക്കാത്തായി കൊടുക്കേണ്ടത് കച്ചവട വസ്തുക്കളല്ല, പണം തന്നെയായിരിക്കണം. കച്ചവടം കൂടാതെ ഖഉണ്ടായ സ്വത്ത് കച്ചവടച്ചരക്കില് കൂട്ടില്ല. എന്നാല് കച്ചവട വസ്തുവില് നിന്നുണ്ടായതാണെങ്കില് ഉള്പ്പെടുത്തണം, കച്ചവട മൃഗത്തിന്റെ പ്രസവിച്ച കുട്ടിയെപ്പോലെ. (മദാഹിബുല് അര്ബഅ 1:577)
കച്ചവട സക്കാത്ത് കണക്കാക്കുന്നത് വെള്ളിയെ മാനദണ്ഡമാക്കിയാണ്. അതിനാല് ഒരു സ്വര്ണ്ണ കടക്കാരന് തന്റെ കടയിലെ സ്വര്ണ്ണം വര്ഷാവസാനം 35000 രൂപക്ക് മാത്രമേയുള്ളൂ(സ്വര്ണ്ണത്തിന്റെ നിസാബായ 85 ഗ്രാമില് കുറവ്)എങ്കില് കച്ചവട വസ്തു എന്ന നിലക്ക് സക്കാത്ത് നിര്ബന്ധമാകും. കാരണം വെള്ളിയുടെ വിലയനുസരിച്ചാണല്ലോ കച്ചവട ചരക്കുകളെ കണക്കാക്കുക. എന്നാല് സ്വര്ണ്ണക്കടയില് 85 ഗ്രാം സ്വര്ണ്ണമുണെ്ടങ്കില് സ്വര്ണ്ണത്തിനാണ് സക്കാത്ത് കൊടുക്കേണ്ടത്. അപ്പോള് കച്ചവട നിരക്ക് എന്ന നിലയില് വേറെ സക്കാത്ത് ആവശ്യമില്ല. അത്തരം സന്ദര്ഭത്തില് സ്വര്ണ്ണത്തിന്റെ വില സക്കാത്തായി നല്കിയാല് പോരാ. സ്വര്ണ്ണത്തിന്റെ 2.5 ശതമാനം തന്നെ കൊടുക്കണം. കാരണം തടിയുടെ സക്കാത്ത് വസ്തുവായിത്തന്നെ വേണം. ആട്, മാട്, ഒട്ടകം എന്നിവയുടെ കച്ചവടത്തിലും ഇത് തന്നെയാണ് അവസ്ഥ. പ്രസ്തുത മൃഗങ്ങളുടെ നിസാബ് എത്തുമ്പോള് അവയുടെ കച്ചവടക്കാരനും മൃഗങ്ങളുടെ സക്കാത്തിന്റെ കണക്ക് തന്നെയാണ് പരിഗണിക്കേണ്ടത്.
സക്കാത്ത് വിതരണം റമസാനിലേക്ക് പിന്തിപ്പിക്കാം. പക്ഷേ, അതിന്റെ വര്ഷം നേരത്തെ പൂര്ത്തിയായിട്ടുണെ്ടങ്കില് റമസാനിലേക്ക് പിന്തിപ്പിക്കുമ്പോള് വല്ല നിലക്കും സക്കാത്ത് നഷ്ടപ്പെടുന്ന പക്ഷം കുറ്റകരമായിരിക്കും.