ഫിത്വറ് സകാത്

ഹിജ് രണ്ടാം വര്ഷമാണ് ഫിത്വര് സകാത്ത് നിര്ബന്ധമായത്. ഇമാം വകീഅ് പറയുന്നു: നിസ്കാരത്തിന് സഹ്വിന്റെ സുജൂദ് പോലെയാണ് നോമ്പിന് ഫിത്വര് സകാത്ത്. സഹ്വിന്റെ സുജൂദ് നിസ്കാരത്തിന്റെ അപാകതകള് പരിഹരിക്കുന്നതുപോലെ ഫിത്വര് സകാത്ത് നോമ്പിന്റെ അപാകതകള് പരിഹരിക്കും (തുഹ്ഫ : 305/3)
ഇബ്നു അബ്ബാസ് () നിവേദനം ചെയ്യുന്നു: അനാവശ്യങ്ങളില് നിന്നും അനാശാസ്യങ്ങളില് നിന്നും നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിന് വേണ്ടി അല്ലാഹുവിന്റെ റസൂല് ഫിത്വര് സകാത്ത് നിര്ബന്ധമാക്കി. (അബൂദാവൂദ് : 1594, ഇബ്നുമാജ: 1835, തുഹ്ഫ: 305/3)
ഫിത്വര് സകാത്തിന്റെ വിധി
ഫിത്വര് സകാത് നിര്ബന്ധ ബാധ്യതയാണ് (തുഹ്ഫ: 305/3). ഇബ്നു ഉമര് () നിവേദനം ചെയ്യുന്നു: മുസ്ലിമായ അടിമയുടെയും സ്വതന്ത്രന്റെയും പുരുഷന്റെയും സ്ത്രീയുടെയും ചെറിയവന്റെയും വലിയവന്റെയും ഫിത്വര് സകാതായി ഒരു സ്വാഅ് കാരക്കയോ ഒരു സ്വാഅ് ബാര്ലിയോ കൊടുത്തുവീട്ടാന് നബി () നിര്ബന്ധമാക്കി (ബുഖാരി : 1503, മുസ്ലിം: 1635)
ആര്ക്കാണു സകാത്ത് നിര്ബന്ധം
ഫിത്വര് സകാത് നിര്ബന്ധമാകാന് മൂന്നു നിബന്ധനകള് ഉണ്ട് :
1) മുസ്ലിമാകല്. മുസ്ലിമിനു മാത്രമേ ഫിത്വര് സകാത് നിര്ബന്ധമുള്ളൂ. അമുസ്ലിം നല്കേണ്ടതില്ല. എന്നാല് അമുസ്ലിം ആയ ആള് താന് ചെലവ് കൊടുക്കല് നിര്ബന്ധമായ മുസ്ലിംകളുടെ സകാത് കൊടുക്കണം. ഉദാഹരണമായി : ഒരു അമുസ്ലിമിന് മുസ്ലിമായ അടിമയുണെ്ടങ്കില് ഫിത്വര് സകാത് കൊടുക്കണം (തുഹ്ഫ: 309/3)
2) സാമ്പത്തിക ശേഷി; പെരുന്നാള് രാവിലും പകലിലും തനിക്കും താന് ചെലവുകൊടുക്കല് നിര്ബന്ധമായവര്ക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, അനുയോജ്യമായ ഭവനം, ആവശ്യമായ വേലക്കാരന്, കടം വീട്ടാനുള്ളവ എന്നിവ കഴിച്ച് വല്ലതും മിച്ചമുള്ളവര് ഫിത്വര് സകാത് കൊടുക്കാന് ബാധ്യസ്ഥരാണ് (ഫത്ഹുല് മുഈന്:98)
3) സ്വതന്ത്രനാവല്; അടിമ ഫിത്വര് സകാത് കൊടുക്കേണ്ടതില്ല. അവന്റെ സകാത് ഉടമയാണു നല്കേണ്ടത്. അടിമ അവന്റെ ഭാര്യയുടെ സകാതും കൊടുക്കേണ്ടതില്ല. അവള് അടിമയാണെങ്കില് അവളുടെ ഉടമ അതു നല്കണം. സ്വതന്ത്രയാണെങ്കില് അവള് തന്നെ നല്കണം. (ഫതഹുല് മുഈന്: 97, മഹല്ലി: 33,34)
ആര്ക്കുവേണ്ടി കൊടുക്കണം
മേല് പറഞ്ഞ നിബന്ധനകള് ഒത്തുവന്ന ആള് തനിക്കും താന് ചെലവുകൊടുക്കല് നിര്ബന്ധമായവര്ക്കും വേണ്ടി ഫിത്വര് സകാത് കൊടുക്കണം. ആശ്രിതത്വം വിവാഹം, ഉടമസ്ഥത, ബന്ധുത്തം എന്നിവ വഴി ഉണ്ടാകുന്നതാണ് (ഫതഹുല് മുഈന് : 97) എന്നാല് മേല് പറയപ്പെട്ട ആശ്രിതര് അമുസ്ലിംകളാണെങ്കില് കൊടുക്കേണ്ടതില്ല. (മുഗ്നി: 545/1, മഹല്ലി: 34/2). മതഭ്രഷ്ടന് (മുര്തദ്ദ്) ഇസ്ലാമിലേക്ക് മടങ്ങിവന്നാല് മാത്രമേ കൊടുക്കേണ്ടതുള്ളൂ (ഫതഹുല് മുഈന് :98)
തിരിച്ചെടുക്കാവുന്ന വിധം മൊഴിചെല്ലപ്പെട്ടവളുടെ (രണ്ട് ത്വലാഖ് ചെല്ലപ്പെട്ടവള്) ഫിത്വര് സകാത് കൊടുക്കണം. തിരിച്ചെടുക്കാനാവാത്ത വിധം മൊഴി ചൊല്ലപ്പെട്ടവള് (മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവള്) ഗര്ഭിണിയാണെങ്കില് അവളുടെ സകാതും കൊടുക്കണം. ഗര്ഭിണിയല്ലെങ്കില് കൊടുക്കേണ്ടതില്ല. പിണങ്ങി നില്ക്കുന്ന ഭാര്യയുടെ ഫിത്വര് സകാത് ഭര്ത്താവ് കൊടുക്കേണ്ടതില്ല. അവള്ക്ക് ചെലവ് കൊടുക്കുകയും വേണം. മാത്രമല്ല, ധനികയാണെങ്കില് അവളും സ്വയം കൊടുക്കുകയും വേണം. നിര്ധനനായ ഭര്ത്താവ് ഭാര്യയുടെ സകാത് കൊടുക്കേണ്ടതില്ല. അവള് ധനികയാണെങ്കില് അവളും കൊടുക്കേണ്ടതില്ല. കാരണം ഭര്ത്താവിന് പൂര്ണ്ണമായി കീഴ്പ്പെട്ടുകൊടുത്തവളായതുകൊണ്ട് ഭര്ത്താവാണ് അവളുടെ സകാത് കൊടുക്കേണ്ടത്. ഇവിടെ ഭര്ത്താവിന് കഴിവില്ലാത്തതിനാല് അവള്ക്ക് സകാതുമില്ല. (ഫതഹുല് മുഈന്: 97)
സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടിയുടെ ഫിത്വര് സകാത് പിതാവ് കൊടുക്കേണ്ടതില്ല. കുട്ടിയുടെ സ്വത്തില് നിന്നെടുത്തുകൊടുക്കലാണ് നിര്ബന്ധം. ഇനി പിതാവ് സ്വന്തം മുതലില് നിന്ന് എടുത്തുകൊടുത്താല് കൊടുക്കുന്ന സമയത്ത് തിരിച്ചുവാങ്ങുമെന്ന് കരുതിയിട്ടണെ്ടങ്കില് തിരിച്ചുവാങ്ങാം. (ഫതഹുല് മുഈന്: 97,98, തുഹ്ഫ: 325/3)
വ്യഭിചാരത്തില് ജനിച്ച കുട്ടിയുടെ സകാത് മാതാവാണ് നല്കേണ്ടത്. (ഫതഹുല് മുഈന് :98)
ജോലി ചെയ്യാന് കഴിവുള്ള വലിയകുട്ടിയുടെ സകാത് കൊടുക്കാന് പിതാവിന് ബാധ്യതയില്ല. മാത്രമല്ല, അവന്റെ സമ്മതമില്ലാതെ കൊടുത്താല് സകാത് വീടുകയുമില്ല. (തുഹ്ഫ: 325/3, മഹല്ലി: 38/2)
ഒരാള്ക്ക് പകുതി സ്വാഅ് കൊടുക്കാനുള്ള കഴിവ് മാത്രമാണുള്ളതെങ്കില് അതു കൊടുക്കണം. ഇനി ഒരാളുടെ കൈവശം കുറച്ചു സ്വാഉകള് ബാക്കിയുണ്ട്. പക്ഷേ, എല്ലാവര്ക്കും തികയില്ല എങ്കില് ആദ്യം സ്വന്തത്തിന്റെ ഫിത്വര് സകാത് കൊടുക്കണം, പിന്നെ ഭാര്യയുടേത് പിന്നെ ചെറിയ കുട്ടി പിന്നെ പിതാവ് പിന്നെ മാതാവ് പിന്നെ വലിയ കുട്ടി എന്ന ക്രമത്തില് കൊടുക്കണം. (തുഹ്ഫ: 318,319, മഹല്ലി: 35/2)
എന്താണ് കൊടുക്കേണ്ടത്
സകാത് കൊടുക്കുന്ന ആളുടെ നാട്ടില് മുഖ്യആഹാരമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനമാണ് കൊടിക്കേണ്ടത്. ഒരു പ്രദേശത്ത് മുഖ്യആഹാരമായി പലപദാര്ത്ഥങ്ങള് ഉപയോഗത്തിലുണെ്ടങ്കില് ഇഷ്ടമുള്ളത് നല്കിയാല് മതി. എങ്കിലും അവയില് മുന്തിയത് കൊടുക്കലാണ് ഉത്തമം (തുഹ്ഫ: 321-324)
കേടുപറ്റാത്ത ധാന്യമാണു കൊടുക്കേണ്ടത്. പുഴുക്കുത്തുള്ളത് സൂക്ഷിച്ച് വെക്കാനോ ഭക്ഷണമായി ഉപയോഗിക്കാനോ പറ്റാത്തത് ഉണങ്ങിയാല് സൂക്ഷിക്കാനും ഭക്ഷിക്കാനും പറ്റാത്ത വിധം നനഞ്ഞത്, നിറം, രുചി, വാസന തുടങ്ങിയ ഗുണങ്ങളില് മാറ്റം വന്നത് എന്നിവ നല്കിയാല് പരിഗണിക്കുകയില്ല. പൊടിയാക്കിയതും പറ്റില്ല. (തുഹ്ഫ: 324,325/3)
ആഹാരമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനമാണ് ഫിത്വര് സകാത് കൊടുക്കേണ്ടത്. അതുകൊണ്ട് തന്നെ സാധനത്തിന്റെ വില കൊടുത്താല് പരിഗണിക്കില്ല. (തുഹ്ഫ: 324/3)
കൊടുക്കേണ്ട സമയം
റമദാന് മാസത്തിലെ അവസാന ദിവസത്തിലെ സൂര്യന് അസ്തമിക്കുന്നതോടുകൂടെയാണ്- അതായത് ചെറിയ പെരുന്നാള് രാവിന്റെ ആദ്യത്തോടുകൂടെയാണ് ഫിത്വര് സകാത് നിര്ബന്ധമാക്കുക (ഫതഹുല് മുഈന് : 97, തുഹ്ഫ: 305/3). സമയം മുതല് പിറ്റെന്ന് ചെറിയ പെരുന്നാള് ദിവസത്തിന്റെ സൂര്യന് അസ്തമിക്കുന്നത് വരെയാണ് ഫിത്വര് സകാതിന്റെ സമയം. ചെറിയ പെരുന്നാള് നമസ്കാരത്തിന് മുമ്പ് കൊടുക്കലാണു സുന്നത്ത്. അതിനു ശേഷം കൊടുക്കല് കറാഹത്താണ്. എന്നാല് ബന്ധുവിനെയോ അയല്വാസിയെയോ പ്രതീക്ഷിച്ച്കൊണ്ട് പിന്തിപ്പിക്കല് സുന്നത്താണ്. എന്നാല് അവസാന സമയവും വിട്ടുകടക്കാന് പാടില്ല. (തുഹ്ഫ:308, 309/3)
ഇബ്നു ഉമര് () നിവേദനം ചെയ്യുന്ന ഹദീസില് കാണാം : ചെറിയ പെരുന്നാള് നമസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഫ്ത്വര് സകാത് കൊടുത്തു വീട്ടാന് നബി () കല്പിച്ചു. (ബുഖാരി: 1503)
അര്ഹരായ ആളുകളുടെയോ ധനത്തിന്റെയോ അഭാവം പോലുള്ള പ്രതിബന്ധങ്ങള് കൂടാതെ പെരുന്നാള് ദിവസവും വിട്ട് ഫിത്വര് സകാത് പിന്തിപ്പിക്കല് ഹറാമാണ്. അങ്ങനെ ചെയ്താല് എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല് നിര്ബന്ധമാണ് (ഫതഹുല് മുഈന്: 98)
റമദാന് മുപ്പത് പൂര്ത്തിയാകുകയോ ശവ്വാല് ഒന്നിന്റെ മാസപ്പിറവി ദൃശ്യമാവുകയോ ചെയ്യലോടുകൂടിയാണ് ഫിത്വര് സകാത് നിര്ബന്ധമാവുക. അപ്പോള് സമയത്ത് ജീവിച്ചിരിക്കുന്ന സകാത് നിര്ബന്ധമാവുക. സൂര്യാസ്തമയത്തിനു ശേഷം സംഭവിക്കുന്ന മാറ്റങ്ങള് ഫിത്വര് സകാതിനെ ബാധിക്കുകയില്ല. ഉദാഹരണമായി സൂര്യാസ്തമയത്തിന് ശേഷം ജനിക്കുന്ന കുട്ടിക്ക് വര്ഷത്തെ സകാത് നിര്ബന്ധമാകുകയില്ല. അതുപോലെ സൂര്യാസ്തമയത്തിന് ശേഷം വിവാഹം ചെയ്താല് പെണ്ണിന്റെ ഫിത്വര് സകാതും കൊടുക്കേണ്ടതില്ല. സൂര്യാസ്തമയത്തിനു ശേഷം മരിക്കുന്നവരുടെ സകാത് കൊടുക്കുകയും വേണം. സകാത് നിര്ബന്ധമായസമയത്ത് അയാള് ജീവിച്ചിരുന്നു എന്നതാണ് കാരണം (ഫതഹുല് മുഈന് : 97)
നിബന്ധനയായി മേല്പറഞ്ഞ കാര്യങ്ങള് സൂര്യാസ്തമയത്തിനു മുമ്പാണോ ശേഷമാണോ ഉണ്ടായത് എന്നു സംശയിച്ചാല് സകാത് നിര്ബന്ധമില്ല. (തുഹ്ഫ : 308/3). സൂര്യാസ്തമയത്തിനുമുമ്പ് പ്രസവം തുടങ്ങുകയും സൂര്യാസ്തമയത്തിന് ശേഷം പൂര്ണ്ണമായി പുറത്തുവരികയും ചെയ്താല് കുഞ്ഞിന് സകാത് നിര്ബന്ധമില്ല. (ശര്വാനി :308/3)
അളവ്
ഫിത്വര് സകാത് ഒരാള്ക്ക് ഒരു സ്വാഅ് എന്ന കണക്കിലാണു നല്കേണ്ടത് (തുഹ്ഫ :319/3). നാല് മുദ്ദാണ് ഒരു സ്വാഅ് (ഫതഹുല് മുഈന് : 98). അളവപ്രകാരം 3.200 ലിറ്ററാണ് ഒരു സ്വാഅ്.
കൊടുക്കേണ്ട സ്ഥലം
ആര്ക്കുവേണ്ടി കൊടുക്കുന്നുവോ അയാളുടെ നാട്ടിലെ ദരിദ്രര്ക്കാണു ഫിത്വര് സകാത് കൊടുക്കേണ്ടത്. (ഫതഹുല് മുഈന്: 98) അപ്പോള് ഗള്ഫിലുള്ളവരുടെ സകാത് ഗള്ഫില് തന്നെയാണു കൊടുക്കേണ്ടതെന്ന് ഇതില് നിന്ന് മനസ്സിലാകും. അവര്ക്ക് വേണ്ടി ഇവിടെ കൊടുത്താല് സാധുവാകുകയില്ല.